ഗൂഡല്ലൂര്‍-നെല്ലാക്കോട്ട ടൗണില്‍ ഇറങ്ങിയ കാട്ടാന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കൊമ്പനാന ടൗണില്‍ ഇറങ്ങിയത്. റോഡിലൂടെ നടന്നുനീങ്ങിയ ആന ടൗണിലും പരിസരങ്ങളിലും ഉണ്ടായിരുന്നവരെ മുള്‍മുനയിലാക്കി. നടപ്പിനിടെ ബൈക്കിനും പിക്കപ്പ് വാനിനും നേരേ ആന തിരിഞ്ഞു. യാത്രികന്‍ ബൈക്ക് വഴിയിലിട്ടാണ് ഓടി രക്ഷപ്പെട്ടത്. പിക്കപ്പ് വാന്‍ ഡ്രൈവറെ ആക്രമിക്കാന്‍ തുനിഞ്ഞ ആനയെ ആളുകള്‍ ഒച്ചയിട്ടാണ് പിന്‍തിരിപ്പിച്ചത്.
തപാല്‍ ഓഫീസിന് പിന്‍ഭാഗത്തെ വനത്തില്‍നിന്നാണ് ആന എത്തിയത്. ഈ സമയം കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നിരവധി പേര്‍ തപാല്‍ ഓഫീസില്‍ ഉണ്ടായിരുന്നു. ആനയെ വനപാലകരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് വനത്തിലേക്ക് തുരത്തിയത്. പകല്‍ കാട്ടാന ടൗണില്‍ ഇറങ്ങിയത് ആളുകളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളില്‍ വന്യജീവി ശല്യത്തിന് പരിഹാരം കാണാന്‍ വനം അധികാരികള്‍ക്ക് കഴിയുന്നില്ല. ആനകള്‍ക്കു പുറമേ പുലി, കരടി എന്നിവയും ജനവാസ മേഖലകളില്‍ എത്തുന്നുണ്ട്. തേയിലത്തോട്ടങ്ങളില്‍ സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.