Sorry, you need to enable JavaScript to visit this website.

കോടിയേരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതാര്; ഏഴ് വര്‍ഷമായിട്ടും ഉത്തരമില്ല, കേസ് നനഞ്ഞ പടക്കമായി

തലശ്ശേരി- സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസംഗിച്ച് കൊണ്ടിരുന്ന വേദിക്ക് സമീപം ബോംബെറിഞ്ഞ കേസ് ഏഴ് വര്‍ഷമായിട്ടും എവിടെയുമെത്തിയില്ല. കേസ് നനഞ്ഞ പടക്കമായി മാറി. സംഭവം നടന്ന് ഇന്നേക്ക് ഏഴ് വര്‍ഷമായിട്ടും  കേസിന് തുമ്പുണ്ടാക്കാന്‍ കേരള പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്ന സംഭവമാണ്. മുന്‍ ആഭ്യന്തര മന്ത്രികൂടിയായ കോടിയേരി ബാലകൃഷ്ണന്‍ മരിച്ചിട്ടും പ്രതികളാരെന്ന് കണ്ടെത്താന്‍  പോലീസിന് കഴിഞ്ഞില്ല. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ അപായപ്പെടുത്താന്‍ ശ്രമം നടത്തിയെന്നതിന്റെ പേരില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം സംഘടിപ്പിച്ച പാര്‍ട്ടി നേതൃത്വത്തിനും ഇന്ന് ഈ കേസിനെക്കുറിച്ച് മൗനം മാത്രമാണുള്ളത്.
2017 ജനുവരി 26ന് വൈകിട്ടാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി പ്രസംഗിച്ച് കൊണ്ടിരിക്കുന്ന വേദിക്ക് സമീപം ബോംബേറുണ്ടായത്. തലശ്ശേരിക്ക് സമീപം നങ്ങാറത്ത് പീടികയില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകന്‍ കെ.പി ജിജേഷ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉഗ്രസ്ഥോടനം സംഭവ സ്ഥലത്തുണ്ടായിരുന്നവരെ നടുക്കിയിരുന്നു. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് പോലീസ് ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തിയിരുന്നെങ്കിലും പ്രതികളാരെന്ന് കണ്ടെത്തിയിരുന്നില്ല.


സൗദി പ്രവാസിക്ക് പത്ത് ലക്ഷം ഡോളര്‍ സമ്മാനം, ഇന്ത്യക്കാരുടെ വിജയഗാഥ തുടരുന്നു

ഓണ്‍ലൈന്‍ കാമുകന്മാര്‍ക്ക് പണമയച്ച് കടം കയറി; പലിശക്കാരന്‍ മൂന്നു പേരെ കൊന്നു

കണ്ണൂരില്‍നിന്ന് സൗദി എയര്‍ലൈന്‍സ് സ്ഥിരം സര്‍വീസിന് സാധ്യത തെളിയുന്നു


ബോംബേറിന് പിന്നില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സംഭവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ സി.പി.എം നേതൃത്വം ആരോപണമുന്നയിച്ചിരുന്നു. ന്യൂമാഹി പോലീസ് ക്രൈം നമ്പര്‍ 69 /17 ആയി കണ്ടാലറിയാവുന്ന ആറ് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.  ഇതുമായി ബന്ധപ്പെട്ട് ഒരു പ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തെങ്കിലും സംഘപരിവാര്‍ സംഘടനകളുടെ ശക്തമായ മുന്നറിയിപ്പിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു. പ്രവര്‍ത്തകന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചുള്‍പ്പെടെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘപരിവാര്‍ നേതാക്കള്‍ പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ സംസ്ഥാന വ്യാപകമായി സി.പി.എം ഉയര്‍ത്തിക്കൊണ്ട് വന്ന  കേസിന്റെ ഫയലും വിസ്മൃതിലാവുകയായിരുന്നു.
സംഭവം സംബന്ധിച്ച്  14-ാം കേരള നിയമ സഭയില്‍ അംഗമായിരുന്ന കോണ്‍ഗ്രസ് അംഗം വി. ടി ബലറാം നക്ഷത്ര ചിഹ്നമിടാത രണ്ട് ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും അതിനുള്ള മറുപടിയിലും പ്രതികള്‍ ആറ് ബി.ജെ.പി പ്രവര്‍ത്തകരാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്. ന്യൂമാഹി പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത കാര്യവും മുഖ്യമന്ത്രി തന്റെ മറുപടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബോംബ് സ്ഥോടനുമുണ്ടായ 2017 ജനുവരി 26ന് തന്നെ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ മുഖ്യമന്ത്രി ഇക്കാര്യത്തിലുള്ള തന്റെ അഭിപ്രായവും പ്രകടിപ്പിച്ചിരുന്നു. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി എന്ന തലക്കെട്ടോടെ വന്ന പോസ്റ്റില്‍ സംഭവത്തെ ശക്തമായി അപലപിക്കുന്നതായും കുറ്റവാളികള്‍ക്ക് മാപ്പില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു. എ.കെ.ജി സെന്ററിന് നേരെ ബോംബേറ് നടന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പഴയ ഈ പോസ്റ്റ് പൊക്കിയെടുത്ത് രാഷട്രീയ എതിരാളികള്‍ പൊങ്കാലയിട്ടിരുന്നു. സ്വന്തം പാര്‍ട്ടി നേതാവിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ കണ്ടെത്താന്‍ സാധിക്കാത്ത അവസ്ഥയില്‍ എ.കെ.ജി സെന്റര്‍ ബോംബേറ് കേസും സമാന അവസ്ഥ കൈവരിക്കുമോയെന്ന ചോദ്യമാണ് അന്ന് ഉയര്‍ത്തിയിരുന്നത.്
ധര്‍മ്മടം അണ്ടലൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിന്റെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ സി.പി.എം തന്നെ ആസൂത്രണം ചെയ്ത നാടകമായിരുന്നു ഈ ബോംബേറെന്ന വാദമാണ് സംഘപരിവാര്‍ സംഘനകള്‍ ഇതിനെ പ്രതിരോധിച്ചിരുന്നത്. സ്വന്തം ഭരണത്തിന് കീഴില്‍ ഇത്ര ഉന്നതനായ ഒരാളെ  അപായപ്പെടുത്താന്‍ ശ്രമം നടത്തിയിട്ടും പ്രശ്‌നത്തെ ലഘൂകരിച്ചതിന് പിന്നിലെ ചേതോവികാരം എന്തെന്ന് സ്വന്തം അണികളോടെങ്കിലും ബോധ്യപ്പെടുത്താനുള്ള ബാധ്യത സി.പി.എം നേതൃത്വത്തിനുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.  

 

Latest News