വീണ്ടും ഒരു ജനുവരി 26 കൂടി. റിപ്പബ്ലിക്് സ്മരണയോടൊപ്പം സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾ വിങ്ങലോടെ ഓർക്കുന്ന ഒരു ദിനം കൂടിയാണിത്.
പ്രവാസ ലോകത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാതൃക സൃഷ്ടിച്ച് അശരണരുടെ അത്താണിയായി മാറിയ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും
നവയുഗം സാംസ്‌കാരികവേദി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത് അന്തരിച്ചിട്ട് 2024 ജനുവരി 26 നു 9 വർഷം തികയുന്നു.
ദമാമിലെ ജീവകാരുണ്യ രംഗത്ത് ഒരു സൂര്യതേജസ്സായി ഉദിച്ചുയരുകയും പൊടുന്നനെ പൊലിഞ്ഞു പോവുകയും ചെയ്ത ഒരു മലാഖയായിരുന്നു അവർ.
ജീവകാരുണ്യത്തിന്റെ തെളിനീർ പ്രവാഹമായി, സൗദിയിലെ പ്രവാസികൾക്കിടയിൽ സേവനത്തിന്റെ അനന്യ മാതൃകയായി അവർ അശരണരുടെ മരുപ്പച്ചയായി ജീവിച്ചു. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും ആരാരുമില്ലാതെ തളർന്നുപോയ സഹജീവികളെ കരുതലോടെ ചേർത്തുപിടിച്ചു.
സമൂഹത്തിലെ നിരാലംബരുടെ നീറുന്ന പ്രശ്‌നങ്ങൾക്കു പരിഹാരം തേടി അലയുമ്പോഴും ക്യാൻസർ എന്ന മാരക രോഗത്തിന്റെ പിടിയിലമർന്നു മരണം കാർന്നു തിന്നുമ്പോഴും മറ്റുള്ളവർക്കു മുന്നിൽ ചിരിച്ചു കൊണ്ട് ഒരു മെഴുകുതിരി പോലെ തന്റെ കർമ്മ മണ്ഡലത്തിൽ നിരന്തരമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരുന്ന ഒരു ജീവിതം. ഒടുവിൽ, വേദനകളുടെയും ദുരിതങ്ങളുടെയും ഉഷ്ണഭൂമിയിൽ നിന്നു ചിരിച്ചു കൊണ്ട് തന്നെ അവർ എന്നന്നേക്കുമായി യാത്രയായി. ഒരു ഇളം തെന്നലായി ഈ മരുഭൂമിയിൽ നമ്മെ തലോടി അനീതികൾക്കെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റായി പൊടുന്നനെ തന്റെ കർമ്മ മണ്ഡലത്തെ അനാഥമാക്കി അസ്തമിക്കുകയയിരുന്നു ആ ജീവിതം. ജനസേവന മേഖലയിൽ ഒരു സ്ത്രീ സാന്നിധ്യം പ്രത്യേകിച്ചു സൗദി അറേബ്യയിൽ എന്നത് ഒരു കൗതുകമായിരുന്നു. തന്റെ മനക്കരുത്തിന്റെ ബലത്തിൽ മാത്രം കാലങ്ങളായി കരുതിയിരുന്ന പുരുഷ മേധാവിത്വ സങ്കൽപ്പങ്ങളെ അവർ പൊളിച്ചെഴുതി. വിജയത്തിന്റെ പുഞ്ചിരിയുമായി അവർ കടന്നു പോയി.
തിരുവല്ലയിലെ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിൽ ജനിച്ച സഫിയക്കു വേണമെങ്കിൽ ഉന്നത വിദ്യാഭ്യാസം നേടി സുഖമായൊരു ജീവിതം നയിക്കാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാൽ തന്റെ വഴി സാമ്പത്തിക ഭദ്രത നേടിയുള്ള സുഖജീവിതമല്ല, മറിച്ചു , ആതുര ശുശ്രുഷ രംഗമാണെന്നു നൈറ്റിംഗേലിനെ പോലെ
സഫിയ ഉറച്ചു വിശ്വസിച്ചു. അങ്ങിനെ നഴ്‌സിംഗ് ജോലിയിൽ അവർ ആത്മസമർപ്പണം നടത്തുകയായിരുന്ന
ജീവിതത്തിലേക്ക് കണ്ണോടിക്കുമ്പോൾ ആ മനസ്സിലെ ആർദ്രതയുടെ ആഴമളക്കാൻ നാം പാടുപെടേണ്ടി വരും. നഴ്‌സിംഗ് ബിരുദ ധാരിണികൂടിയായ
സഫിയ വിദേശങ്ങളിലെ ആശുപത്രികളിൽ ജോലി ചെയ്തു
ശമ്പളം നാട്ടിലയച്ചു കുടുംബം പോറ്റുന്ന ലോകമെമ്പാടുമുള്ള പതിനായിരക്കണക്കിനു മലയാളി നഴ്‌സുമാരുടെ പതിവു ജീവിതം വേണ്ടെന്നുവെച്ചു സാമൂഹിക പ്രവർത്തനത്തിന്റെ പാത സ്വയം തെരഞ്ഞെടുക്കുകയായിരുന്നു. നവയുഗം എന്ന സംഘടനയുടെ സഹായത്തോടെ അധ്വാനിക്കുന്നവർക്കൊപ്പം നിന്നു ആ വിയർപ്പു തുള്ളികളിൽനിന്നു ഉയിർകൊണ്ട ആത്മശക്തിയുടെ ബലത്തിലായിരുന്നു അവരുടെ പ്രവർത്തങ്ങളധികവും.
സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയായ ദമാമിലെ ഒരു സാധാരണ വീട്ടമ്മയായ സഫിയ ചരിത്രത്തിലേക്ക് നടന്നു കയറിയതു തികച്ചും വ്യത്യസ്തമായ വഴികളിലൂടെയാണ്. മുംബെയിലെ ജസ്ലോക് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യവെ യെമനിലേക്കു പോവുകയും പിന്നീട് സൗദിയിലെ അൽ ഖമീസിലെ ബുഖൈരിയ ആശുപത്രിയിൽ എത്തുന്നതു അറബിപ്പൊന്നു തേടിയുള്ള യാത്രയിൽ ചതിയിൽപെട്ടവരെയും, തളർന്നു വീണവരെയും, ആരും ഇവിടെ കൂട്ടിനുണ്ടാവില്ലെന്നു ധരിച്ചവരെയും ജീവിതത്തിന്റെ പുതിയ വെളിച്ചത്തിലേക്കു കൈ പിടിച്ചു നടത്തിയ അവർ ജീവകാരുണ്യ രംഗത്തു പുതിയ ഏടുകൾ രചിച്ചു.
പണവും സ്വാധീനവുമുള്ളവർ പോലും നിയമ കുരുക്കുകൾ ഭയന്നു മാറി നിന്നപ്പോൾ ഭർത്താവ് കെ. ആർ. അജിത്തിന്റെയും അവർ അംഗമായ നവയുഗം സംസ്‌കാരിക വേദിയുടെയും പിന്തുണയോടെ സഫിയ പൊതുധാരയിലെക്കിറങ്ങി. കള്ള കേസുകളിൽ കുടുങ്ങി ജയിലടക്കപ്പെട്ടവരേയും സ്‌പോൺസറുടെ പീഡനങ്ങൾക്കിരയായ വീട്ടു ജോലിക്കാരെയും അപകടത്തിൽ പെട്ടു ഓർമ നശിച്ചവരെയുമെല്ലാം ലാഭേഛയില്ലാതെ അവർ ദുരിതപർവ്വങ്ങളിൽനിന്നു കരകയറ്റി. ആ ധീരതയും കർമ്മകുശലതയും അധികൃതരുടെ പോലും പ്രശംസ പിടിച്ചു പറ്റി. ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി സംഘടനകൾ അവരെ ആദരിച്ചു . ജസ്റ്റിസ് രാധാകൃഷ്ണ മേനോൻ പുരസ്‌കാരം, വടകര എൻ .ആർ .ഐ ഫോറം പേഴ്‌സൺ ഓഫ് ദ ഇയർ പുരസ്‌കാരം, നവയുഗം ജുബെയിൽ ഘടകം കെ.സി. പിള്ള
പുരസ്‌കാരം , ദേശീയ മഹിളാ ഫെഡറേഷൻ പുരസ്‌കാരം , കൊല്ലം പൈതൃകം സംഘടനയുടെ ജീവകാരുണ്യ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും സഫിയയെ തേടിയെത്തിയിട്ടുണ്ട്.
ആയിരങ്ങളുടെ പ്രാർഥനകളും 12 ൽപരം ശസ്ത്രക്രിയകളും വിഫലമാക്കിക്കൊണ്ട് തന്റെ അമ്പതാം വയസ്സിൽ മരണം അവരെ പ്രിയപ്പെട്ടവരിൽ നിന്നും വേർപിരിക്കുമ്പോൾ പ്രവാസ ലോകത്തിനു നഷ്ടമായത്്്് നൂറുക്കണക്കിനാളുകൾക്കു അഭയം നൽകിയിരുന്ന തണൽമരമായിരുന്നു. വ്യക്തിപരമായി എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു വിയോഗമായിരുന്നു സഫിയയുടെ വേർപാട്.
ഒരിക്കൽ എറണാകുളത്തു പോയപ്പോൾ സഫിയ അന്ത്യവിശ്രമം കൊള്ളുന്ന മരട് ജുമാമസ്ജിദ് സന്ദർശിക്കാൻ കഴിഞ്ഞു. അന്നവിടെ കണ്ടുമുട്ടിയ പള്ളി കമ്മിറ്റി പ്രസിഡന്റും മസ്ജിദ് ഖാസിയും അദ്ഭുതത്തോടെ എന്നോട് സൂചിപ്പിച്ച കാര്യം സഫിയയുടെ ഖബർ തേടി എത്തുന്നവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനത്തു നിന്നുള്ളവരാണെന്നും അവർ നിറകണ്ണുകളോടെ ഖബർ കണ്ടു തിരിച്ചു പോവുന്നതും കാണാറുണ്ടെന്നുമായിരുന്നു. ആ ദീപ്ത സ്മരണകൾക്കുമുമ്പിൽ പ്രണാമം.
(ദമാം നവയുഗം സാംസ്‌കാരിക വേദി പ്രസിഡന്റാണ് ലേഖകൻ)