റിയാദ്- ബയോടെക്‌നോളജി മേഖലയില്‍ ലോകത്തെ നയിക്കാന്‍ പാകത്തിലുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ച് സൗദി അറേബ്യ. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഈ മേഖലയിലെ മുൻനിര രാജ്യമെന്ന നിലയിൽ സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ജീവിത നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം. ഭക്ഷ്യജല സുരക്ഷ കൈവരിക്കുക, സാമ്പത്തിക അവസരങ്ങൾ പരമാവധിയാക്കുക, വ്യവസായങ്ങൾ പ്രാദേശികവൽക്കരിക്കുക തുടങ്ങിയവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഇത് സംഭാവന ചെയ്യും. പൗരന്മാരുടെ ആരോഗ്യവും ജീവിത നിലവാരവും ഉയർത്തുന്നതിന് ബയോടെക്‌നോളജി മേഖല മികച്ച അവസരങ്ങൾ നൽകും.
2040 ആകുമ്പോഴേക്ക് ബയോടെക്‌നോളജിയുടെ ആഗോള കേന്ദ്രമായി സൗദി അറേബ്യ മാറുന്നതിനുള്ള സമഗ്രമായ റോഡ് മാപ്പ് അവതരിപ്പിക്കും. ബയോടെക്‌നോളജി മേഖല രാജ്യത്തെ പൗരന്മാരുടെ ആരോഗ്യവും ജീവിത നിലവാരവും ഉയർത്തുന്നതിനും സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മികച്ച അവസരങ്ങൾ പ്രദാനം ചെയ്യും. പുതിയ വ്യവസായങ്ങളുടെ വികസനത്തിന് സംഭാവന നൽകുന്ന ഗുണനിലവാരവും നിക്ഷേപങ്ങളും കൂടുതൽ സുസ്ഥിരമായ അന്തരീക്ഷം ഒരുക്കുകയും ചെയ്യും.
അതിവേഗം വളരുന്ന മേഖലകളിലൊന്നായാണ് ബയോടെക്‌നോളജിയെ കണക്കാക്കുന്നത്. ബയോ ടെക്‌നോളജിയുമായി ബന്ധപ്പെട്ട മേഖലകളിലെ നിക്ഷേപത്തിന് പുറമേ, ഗവേഷണം, വികസനം, നവീകരണം എന്നീ മേഖലകളിലെ ദേശീയ കേഡറുകളുടെ യോഗ്യതയ്ക്കും പരിശീലനത്തിനും പുതിയ പ്രഖ്യാപനം പിന്തുണ നൽകുന്നു.
വാക്‌സിൻ വ്യവസായത്തെ പ്രാദേശികവൽക്കരിക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക, നവീകരണത്തിന് നേതൃത്വം നൽകുക, ജൈവനിർമ്മാണത്തിനും പ്രാദേശികവൽക്കരണത്തിനും പുറമേ, സുപ്രധാന മരുന്നുകളുടെ ഉപഭോഗവും പ്രാദേശികവൽക്കരണവും കയറ്റുമതിയും വർദ്ധിപ്പിക്കുക, ജീനോമിക്‌സ് ഗവേഷണത്തിനും ജീൻ തെറാപ്പിക്കും തുടക്കമിടുക, സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിന് സസ്യകൃഷി മെച്ചപ്പെടുത്തുക തുടങ്ങിയവയും ഇതുവഴി ലക്ഷ്യമിടുന്നു. ആയിരക്കണക്കിന് മികവാർന്ന തൊഴിലവസരങ്ങളും ഇതുവഴി ലഭ്യമാകും. നാഷണൽ ബയോടെക്‌നോളജി സ്ട്രാറ്റജിയിലൂടെ, 2030ഓടെ മിഡിൽ ഈസ്റ്റിന്റെയും വടക്കേ ആഫ്രിക്കയുടെയും മേഖലയിൽ ഒന്നാമതും 2040ഓടെ അന്താരാഷ്ട്ര തലത്തിൽ ഒന്നാം സ്ഥാനത്തും എത്താനാണ് സൗദി ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപനത്തിലുണ്ട്.