റിയാദ്- റീ എന്‍ട്രിയില്‍ പോയി സൗദിയിലേക്ക് തിരിച്ചുവരാന്‍ കഴിയാതിരുന്നവര്‍ക്ക് മുംബൈയിലെ സൗദി കോണ്‍സുലേറ്റില്‍ നിന്ന് വിസകള്‍ അടിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച പാസ്‌പോര്‍ട്ടുകളിലാണ് വിസ സ്റ്റാമ്പ് ചെയ്തത്. വിസ സ്റ്റാമ്പ് ചെയ്യാന്‍ നേരത്തെ ജവാസാത്ത് പ്രിന്റോ മറ്റു രേഖകളോ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഇല്ലാതെയാണ് സ്റ്റാമ്പിംഗ് പൂര്‍ത്തിയാക്കിയത്.
സൗദിയില്‍ നിന്ന് റീ എന്‍ട്രിയില്‍ പോയവര്‍ക്ക് മൂന്നു വര്‍ഷത്തേക്ക് പുതിയ വിസയില്‍ വരുന്നതിന് വിലക്കുണ്ടായിരുന്നത് ജനുവരി ഒന്നാം തിയ്യതി മുതലാണ് നീക്കിയത്. ഇത് സംബന്ധിച്ച് ജവാസാത്ത് എല്ലാ പ്രവേശന കവാടങ്ങളിലേക്കും സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരംആളുകള്‍ക്ക് പുതിയ വിസ സ്റ്റാമ്പ് ചെയ്യാന്‍ തുടങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ഇത്തരം വ്യക്തികളുടെ പാസ്‌പോര്‍ട്ടുകളില്‍ വിസ സ്റ്റാമ്പ് ചെയ്തത്. ഇവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കില്ലെന്ന് കോണ്‍സുലേറ്റ് അറിയിച്ചു.
കോവിഡ് സമയത്ത് റീ എന്‍ട്രിയില്‍ പോയവര്‍ക്കാണ് പുതിയ വ്യവസ്ഥ ഏറെ ആശ്വാസമായത്. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം വന്‍തുക മുടക്കി മറ്റൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിയാനോ വന്‍ തുകക്ക് ടിക്കറ്റ് എടുക്കാനോ പലര്‍ക്കും സാധിച്ചിരുന്നില്ല. അതേസമയം അവരുടെ ഇഖാമയും റീ എന്‍ട്രിയും സൗദി രാജാവിന്റെ കാരുണ്യത്തിന്റെ ഭാഗമായി കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ടിരുന്നു. ഇതോടെ പലര്‍ക്കും എപ്പോഴാണ് റീ എന്‍ട്രി അവസാനിച്ചതെന്ന് പോലും അറിയാന്‍ സാധിച്ചിരുന്നില്ല. ഇവരില്‍ ചിലര്‍ പുതിയ തൊഴില്‍, ഉംറ വിസകളില്‍ സൗദിയിലെത്തിയെങ്കിലും വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. തിരിച്ചയക്കപ്പെടുകയായിരുന്നു. പുതിയ വ്യവസ്ഥയില്‍ റീ എന്‍ട്രിയിലെത്തി ഇഖാമ കാലാവധി കഴിഞ്ഞ ആര്‍ക്കും പുതിയ തൊഴില്‍, സന്ദര്‍ശക, ഉംറ വിസകളില്‍ വരുന്നതിന് തടസ്സമില്ല. ഇഖാമ കാലാവധിയൊന്നും കോണ്‍സുലേറ്റ് പരിശോധിക്കുന്നില്ലെങ്കിലും വരുന്നവര്‍ ഇഖാമ കാലാവധി കഴിഞ്ഞെന്ന് ഉറപ്പുവരുത്തുന്നതാണ് നല്ലത്.
നേരത്തെ വിസ സ്റ്റാമ്പ് ചെയ്യാന്‍ പാസ്‌പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമ്പോള്‍ ഫൈനല്‍ എക്‌സിറ്റില്‍ വന്നതാണെന്നും അല്ലെങ്കില്‍ റീ എന്‍ട്രിയില്‍ വന്ന് മൂന്നുവര്‍ഷം കഴിഞ്ഞിട്ടുണ്ടെന്നും ഉറപ്പുവരുത്താന്‍ കോണ്‍സുലേറ്റ് സൗദി ജവാസാത്തില്‍ നിന്നുള്ള ഫൈനല്‍ എക്‌സിറ്റ് പ്രിന്റ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അത്തരം പ്രിന്റ് ഇപ്പോള്‍ ആവശ്യപ്പെടുന്നില്ലെന്നും പാസ്‌പോര്‍ട്ട് മാത്രം സമര്‍പ്പിച്ചാല്‍ വിസയടിക്കുന്നുണ്ടെന്നും സമദ് റോയല്‍ ട്രാവല്‍സ് പറഞ്ഞു.