തൃശൂർ - റെയ്ഡ് മണത്തറിഞ്ഞ് ഇ.ഡിക്കു പിടി കൊടുക്കാതെ മുങ്ങിയ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളായ ഹൈറിച്ച് കമ്പനി ഉടമകളുടെ സ്വത്തുക്കൾ കണ്ടെുകെട്ടി. 212 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
വിവിധ ജില്ലകളിലായി പടർന്നുപന്തലിച്ച തൃശൂർ ആസ്ഥാനമായുള്ള ഹൈ റിച്ച് എന്ന സ്ഥാപനം മണിചെയിൻ മാതൃകയിൽ നൂറു കോടിയിലധികം രൂപയുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഇ.ഡിയുടെ കേസ്. കഴിഞ്ഞദിവസം ഇ.ഡി റെയ്ഡിനെത്തിയപ്പോഴേക്കും കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ.ഡി പ്രതാപനും കമ്പനിയുടെ സി.ഇ.ഒയും ഭാര്യയുമായ കാട്ടൂക്കാരൻ ശ്രീനയും ഒളിവിൽ പോവുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 30-നാണ് കോടതി പരിഗണിക്കുക. അതുവരേക്കും പിടികൊടുക്കാതെ നീങ്ങുകയാണ് ഇരുവരും.
ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനിയുടെ ഉടമസ്ഥരായ ദമ്പതിമാർ 1630 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നാണ് കഴിഞ്ഞ ദിവസത്തെ പോലീസ് റിപോർട്ട്. ഇത് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്നാണ് പോലീസ് പറയുന്നത്. 1,63,000 ഉപഭോക്താക്കളിൽനിന്നാണ് സ്ഥാപനം ഇത്രയും പണം തട്ടി നികുതി വെട്ടിപ്പ് നടത്തിയതെന്നാണ് പോലീസ് റിപോർട്ടിലുള്ളത്.