സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി
ആലപ്പുഴ- കേന്ദ്ര സർക്കാർ നിലപാടുകളോടുള്ള പ്രതിഷേധമായി ഡിവൈഎഫ്ഐ സൃഷ്ടിച്ച മനുഷ്യച്ചങ്ങല പൊളിക്കാൻ ആലപ്പുഴയില്‍ പാർട്ടിക്കുള്ളിൽത്തന്നെ ശ്രമം നടന്നതായി പരാതി. പരിപാടി പൊളിക്കാൻ ആലപ്പുഴയിൽ സിപിഎം ശക്തികേന്ദ്രത്തിൽ നേതാക്കൾ ശ്രമിച്ചെന്നു ചൂണ്ടിക്കാട്ടി ആലപ്പുഴ ഏരിയയിലെ നാല് ബ്രാഞ്ച് സെക്രട്ടറിമാര്‍ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പരാതി നല്‍കി.
പാർട്ടി ശക്തികേന്ദ്രമായ കൊമ്മാടിയിൽ 150 മീറ്ററിൽ മനുഷ്യച്ചങ്ങലയ്ക്ക് ആളില്ലായിരുന്നു.നോട്ടിസ് വിതരണം ചെയ്യാത്തത് ചോദ്യം ചെയ്ത പാർട്ടി അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മർദിച്ചതായും ആരോപണമുണ്ട്. തുമ്പോളിയിൽ ഒരു ബ്രാഞ്ച് സെക്രട്ടറിയും കുടുംബവും പരിപാടി ബഹിഷ്കരിച്ചതായി പരാതിയിൽ പറയുന്നു. ഇവിടെനിന്ന് മൂന്നു പേർ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.
ഏരിയ സെക്രട്ടറിയുടെ ചുമതലയുള്ള സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ പ്രവർത്തനം പരാജയമാണെന്നു വരുത്തിത്തീർക്കുന്നതിനാണ് പരിപാടി പൊളിക്കാൻ ശ്രമിച്ചതെന്നു പരാതിയിൽ സൂചനയുണ്ട്.