പാലക്കാട് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരായി പോലീസിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അതിക്രമങ്ങളെ ആവശ്യമാണെങ്കിൽ തെരുവിൽ നേരിടുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പോലീസിനെ കൈകാര്യം ചെയ്യുന്ന കാര്യം തൽക്കാലം പരിഗണനയിലില്ലെങ്കിലും കാട്ടാളത്തത്തെ പ്രതിരോധിക്കാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പാലക്കാട്ട് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. കേന്ദ്ര സർക്കാരുമായി ഇടക്കിടെ ഒത്തുതീർപ്പുണ്ടാക്കുന്ന സംസ്ഥാന സർക്കാരിനെ വിശ്വാസമില്ലാത്തതിനാലാണ് സി.പി.എമ്മുമായി യോജിച്ച് കേന്ദ്രത്തിനെതിരേ സമരം നടത്താൻ തയ്യാറല്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയതെന്ന് രാഹുൽ പറഞ്ഞു.
പോലീസ് മാന്വൽ അല്ല പിണറായിയുടെയും ശശിയുടെയും മാന്വലാണ് പോലീസ് സേന നടപ്പിലാക്കുന്നത്. അഭിനവ ദുശ്ശാസന വേഷത്തിൽ യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരുടെ വസ്ത്രങ്ങൾ വലിച്ചു കീറാൻ ഉദ്യോഗസ്ഥർ മൽസരിക്കുകയാണ്. സ്വന്തം സഹോദരിമാരെ ഇങ്ങനെ വേട്ടയാടുമ്പോൾ നോക്കി നിൽക്കാൻ യൂത്ത് കോൺഗ്രസിന് കഴിയില്ല. പോലീസിനെ തെരുവിൽ കൈകാര്യം ചെയ്യലല്ല സംഘടനയുടെ രീതി. തൽക്കാലം അത് പരിഗണനയിലില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിരോധിക്കും. സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. കേന്ദ്ര സർക്കാരിനെതിരേ ഇടതുമുന്നണി നടത്തുന്ന സമരത്തിനൊപ്പം ചേരില്ല എന്നത് യു.ഡി.എഫിൻ്റെ തീരുമാനമാണ്. കേന്ദ്രം കേരളത്തോട് കടുത്ത അവഗണനയാണ് കാണിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ എന്തു വിശ്വസിച്ചാണ് സി.പി.എമ്മിനൊപ്പം നിൽക്കുക? ലക്ഷദ്വീപ് വിഷയത്തിലും കർഷക നിയമവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും നിയമസഭ യോജിച്ച് പ്രമേയം പാസാക്കിയപ്പോൾ മുന്നിൽ നിന്നത് യു.ഡി.എഫ് ആയിരുന്നു. എന്നാൽ ഗവർണറുമായി പിണറായി വിജയൻ പലപ്പോഴും രഹസ്യ ഒത്തുതീർപ്പ് ഉണ്ടാക്കി. അങ്ങനെയുള്ള ഒരാളെ വിശ്വസിച്ച് യോജിച്ച് സമരത്തിനിറങ്ങാനാവില്ല. സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട്. സാമൂഹ്യ പെൻഷൻ മുടക്കമില്ലാതെ കൊടുക്കാനാണ് പെട്രോളിന് സെസ് ഏർപ്പെടുത്തിയത് എന്നായിരുന്നു അന്ന് സർക്കാർ പറഞ്ഞത്. സെസ് ഇപ്പോഴും പിരിക്കുന്നുണ്ട്. പക്ഷേ അഞ്ചു മാസമായി പെൻഷൻ വിതരണം നടക്കുന്നില്ല. ആ പണമെടുത്താണ് നവകേരള സദസ്സിൻ്റെ പേരിൽ മന്ത്രിമാർ അണ്ടിപ്പരിപ്പും മുന്തിരിയും തിന്ന് നടന്നത്. അതിനെതിരേ രംഗത്തു വന്നപ്പോൾ മറിയക്കുട്ടിയെ വേട്ടയാടാൻ തുടങ്ങി. മറിയക്കുട്ടി ഒരു രാഷട്രീയത്തിൻ്റേയും ഭാഗമല്ല. അവരെ ഒതുക്കിയാലും വിജയൻ മാഷ് പറഞ്ഞതു പോലെ ചോദ്യം അവശേഷിക്കും - രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കോടതിയിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന എം.വി.ഗോവിന്ദൻ്റെ ആരോപണം വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോവിന്ദൻ വന്നാൽ കാര്യം ഒരുമിച്ച് പരിശോധിക്കാമെന്ന് രാഹുൽ വ്യക്തമാക്കി.