റിയാദ്- മരുഭൂവൽക്കരണത്തെയും മണ്ണൊലിപ്പിനെയും പ്രതിരോധിക്കാൻ പ്രകൃതിദത്തമായി മരുപ്രദേശങ്ങളിൽ മുളച്ചു വരുന്നതാണ് സമർ മരങ്ങൾ. ക്ക്വേഷ്യൻ വിഭാഗത്തിൽ പെട്ട മുള്ളുള്ള മരങ്ങളാണിവ. ഇവയുടെ പൂക്കളിൽ നിന്നുണ്ടാകുന്ന തേൻ ഏറ്റവും മികച്ച തേനായാണ് അറബികൾ കണക്കാക്കുന്നത്. മരുഭൂമിയിലെ ശക്തമായ ചൂടിനെ പ്രതിരോധിച്ച് പിടിച്ചു നിൽക്കാൻ കഴിവുള്ള ഈ മരങ്ങൾ മുന്തിയ ഇനം കരി ലഭിക്കുമെന്നതിനാൽ മരുപ്രദേശങ്ങളിലെയും മറ്റും വിറക് വെട്ടുകാരുടെയും തീ കത്തിക്കലുകാരുടെയും കയ്യേറ്റം കാരണം നാമവാശേഷമായിക്കൊണ്ടിരിക്കുകയാണ്. മുൻ കാലങ്ങളിൽ അറേബ്യയിൽ കെട്ടിട നിർമാണത്തിന് ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയിരുന്ന ദീർഘകാലം നിൽക്കുന്ന മരത്തടികൾ ഇവയിൽ നിന്ന് ലഭിച്ചിരുന്നു. കേരളത്തിന്റെ പ്രശസ്തമായ തേക്ക് പോലെയാണ് ഇതിനെ പരിഗണിക്കുന്നത്.
തബൂക്ക് ഗ്രീൻ അസോസിയേഷൻ തലവൻ താരിഖ് അൽ ഹുസൈൻ പറയുന്നതനുസരിച്ച്, ജൈവവൈവിധ്യ വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം സലാ മരങ്ങളിലൊന്നാണ് സമർ മരം. ഏഴു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇവ പിന്നീട് പടർന്നു പന്തലിക്കുന്നതിനാൽ മരുപ്രദേശങ്ങളിലെ തണൽ കേന്ദ്രങ്ങളാണിവ. തബൂക്ക് പ്രവിശ്യയിലെ മിക്ക മരുപ്രദേശങ്ങളിലും ഇവ വ്യാപകമായി വളരുന്നുണ്ട്. ഇവയുടെ പരിചരണവും വ്യാപകമായ വെച്ചുപിടിപ്പിക്കലും പ്രോത്സാഹിപ്പിക്കുന്നത് ഗ്രീൻ സൗദി പദ്ധതിയുടെ വിജയത്തിനു വലിയ സഹായകരമാകുമെന്നും ഹരിത വൽക്കരണത്തിനും സഹായകരമാകുമെന്നും താരിഖ് അൽ ഹുസൈൻ പറഞ്ഞു.