കൊല്ലം-കൊല്ലം പരവൂര്‍ മുന്‍സിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ്യ ആത്മഹത്യ ചെയ്തതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങിയേക്കും. സിറ്റി ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങള്‍, 19 പേജുകള്‍ ഉള്ള ഡയറിക്കുറിപ്പ് എന്നിവ വിശദമായി പരിശോധിച്ച ശേഷമേ ആരോപണവിധേയരിലേക്ക് അന്വേഷണം എത്തുകയുള്ളൂ.
മേലുദ്യോഗസ്ഥനും സഹപ്രവര്‍ത്തകനും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷ്യയുടേയും കുടുംബത്തിന്റേയും ആരോപണം. ജനുവരി 21ന് ആണ് അനീഷ്യ ആത്മഹത്യ ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളില്‍ വിടവാങ്ങല്‍ കുറിപ്പെഴുതിയും സ്റ്റാറ്റസ് ഇട്ടതിനും ശേഷമായിരുന്നു അനീഷ്യ ജീവനൊടുക്കിയത്. ഒമ്പത് വര്‍ഷമായി പരവൂര്‍ കോടതിയില്‍ എ പി പിയായി ജോലി ചെയ്യുന്ന അനീഷ്യ നേരിട്ടത് ക്രൂരമായ തൊഴില്‍ മാനസിക പീഡനമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരവധി തവണ അനീഷ്യ അറിയിച്ചിരുന്നതായാണ് വിവരം.
ജോലി സ്ഥലത്ത് കടുത്ത അവഗണനയും മാനസിക സമ്മര്‍ദ്ദവും നേരിട്ടിരുന്നുവെന്ന് വ്യക്തമാക്കുന്ന അനീഷ്യയുടെ ഡയറി പരവൂര്‍ പോലീസ് കണ്ടെത്തിയിരുന്നു. ഡയറിയിലെ ആരോപണങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ജീവനൊടുക്കിയതിന് പിന്നാലെ അനീഷ്യയുടെ വോയിസ് ക്ലിപ്പും പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥരുടെ മാനസിക പീഡനവും തൊഴിലിടത്തെ അവഗണനയും ചൂണ്ടിക്കാട്ടുന്ന ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നത്.
കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥന്‍ അപമാനിച്ചുവെന്നും ജോലി ചെയ്യാത്തവരെ പ്രോത്സാഹിപ്പിച്ചുവെന്നും ജോലി ചെയ്യുന്ന തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ശബ്ദരേഖയില്‍ അനീഷ്യ ആരോപിക്കുന്നു. ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അനീഷ്യ സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് പുറത്തായത്. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
അതേസ സമയം അനീഷ്യയുടെ ആത്മഹത്യക്ക് കാരണക്കാരായവരെ ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തി കേസ് അന്വേഷിക്കണമെന്ന് ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. എ പി പിയുടെ മേലധികാരിയായ കൊല്ലം ഡി ഡി പി പരസ്യമായി അവരെ അപമാനിച്ചതായുള്ള ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണം ലീഗല്‍ സെല്‍ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.