തിരുവനന്തപുരം- കേരളത്തെ പ്രളയക്കെടുതിയില്‍നിന്ന് കരകയറ്റാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യര്‍ഥനക്ക് ജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണം.
ഒരു മാസത്തെ ശമ്പളം ഒന്നിച്ച് നല്‍കാന്‍ കഴിയാത്തവര്‍ മൂന്ന് ദിവസത്തെ ശമ്പളം വീതം പത്ത് മാസം കൊണ്ട് നല്‍കിയാല്‍ മതിയാകുമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. പ്രവാസി മലയാളികള്‍ തങ്ങളുടെ കൂടെയുള്ളവരുടെ പിന്തുണ ഇക്കാര്യത്തില്‍ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദേശ രാജ്യങ്ങളില്‍ ഏതാണ്ട് 50 ലക്ഷത്തോളം മലയാളികള്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്ക്. പ്രവാസി വ്യവസായി പ്രമുഖര്‍ നല്ല തുക ഓഫര്‍ ചെയ്തിട്ടുണ്ട്. മലയാളികള്‍ കൂട്ടത്തോടെ സഹായിച്ചാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ സര്‍ക്കാരിന് മറികടക്കാനാകുമെന്നാണ് പ്രതീക്ഷ.
നേരത്തെ ചീഫ് സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐ.എ.എസുകാരും മറ്റും രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി സ്വാഗതം ചെയ്തു.
മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയോട് ജനങ്ങള്‍ക്കിടയില്‍ സമ്മിശ്ര പ്രതികരണമാണുള്ളത്. സംസ്ഥാനത്ത് പ്രളയക്കെടുതിമൂലം 20,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ രണ്ടുഘട്ടങ്ങളിലായി 600 കോടിരൂപ നല്‍കിയിരുന്നു. വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തുക കേന്ദ്രം നല്‍കിയേക്കും. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് യു.എന്നും ലോകരാഷ്ട്രങ്ങളും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതില്‍ ഏറ്റവും വലിയ പ്രഖ്യാപനമായി വന്നത് യു.എ.ഇ സര്‍ക്കാരിന്റെ 700 കോടിയാണ്. എന്നാല്‍ വിദേശരാജ്യങ്ങളില്‍നിന്ന് ദുരിതാശ്വാസസഹായം സ്വീകരിക്കേണ്ടതില്ലെന്ന 2004 മുതലുള്ള ഇന്ത്യന്‍ നയം ചൂണ്ടിക്കാട്ടി കേന്ദ്രം പുറം തിരിഞ്ഞുനില്‍ക്കുകയാണ്.
സുനാമി വന്നപ്പോള്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ള ദുരിതാശ്വാസം ആവശ്യമില്ലെന്നും എന്നാല്‍ പുനര്‍നിര്‍മാണത്തിനുള്ള സഹായം സ്വീകരിക്കാവുന്നതാണെന്നുമാണ് തീരുമാനിച്ചിരുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രം എടുക്കുന്ന നിലപാടനുസരിച്ചാവും കേരളത്തിന് വിദേശ സഹായം ലഭിക്കുക. ഈ സാഹചര്യത്തിലാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ തങ്ങളുടെ ഒരു മാസത്തെ ശമ്പളം സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിരിക്കുന്നത്.