Sorry, you need to enable JavaScript to visit this website.

കരടീ... നീയെവിടെ? വയനാട്ടില്‍ ചുറ്റിത്തിരിയുന്ന കരടിയെ പിടിക്കാനായില്ല

കല്‍പറ്റ - ദിവസങ്ങളായി വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കരടിയെ പിടിക്കാനായില്ല. മയക്കുവെടി പ്രയോഗത്തിനു വനസേന സജ്ജമായിരുന്നുവെങ്കിലും കരടിയെ യോജ്യമായ സ്ഥലത്ത് കണ്ടെത്താനായില്ല. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വെള്ളമുണ്ടയ്ക്കടുത്ത് കരിങ്ങാരിയിലായിരുന്ന കരടി ബുധനാഴ്ച പുലര്‍ച്ചെ കിലോമീറ്റര്‍ അകലെ പനമരം കീഞ്ഞുകടവില്‍ എത്തിയിരുന്നു. കീഞ്ഞുകടവ് റോഡിലൂടെ കരടി പോകുന്ന ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഇതിനുശേഷം അഞ്ചുകുന്ന് വെള്ളരിവയലിലാണ് കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. പിന്നീട് വനസേന നടത്തിയ തിരച്ചിലില്‍ കടുവയെ കാണാനായില്ല.  കഴിഞ്ഞ ഞായറാഴ്ച രാത്രി മാനന്തവാടിക്കു സമീപം വള്ളിയൂര്‍കാവിലാണ് കരടിയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിച്ചത്. കരടിയെ നാട്ടുകാര്‍ ഏറ്റവും ഒടുവില്‍ കണ്ട വെള്ളരിവയലില്‍നിന്നു ഏതാനും കിലോമീറ്റര്‍ അകലെയാണ് കുറുവ ദ്വീപ് സമൂഹം. നാലു ദിവസമായി പരിഭ്രാന്തനായി ജനവാസ മേഖലകളില്‍ കഴിയുന്ന കരടി സുരക്ഷിതമായി കാടുകയറാന്‍ സാധ്യതയുണ്ടെന്ന അനുമാനത്തിലാണ് വനം ജീവനക്കാരില്‍ ചിലര്‍.

 

Latest News