ജിദ്ദ- നിര്‍ണായക ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് താങ്ങും തണലുമായി നിന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ജിദ്ദയിൽ കഴിഞ്ഞ ദിവസം വിട പറഞ്ഞ വാണിമേല്‍ സ്വദേശി അഷ്‌റഫ് കൊപ്പനം കണ്ടി. സേവനം ആരോഗ്യ മേഖലയിലായതു കൊണ്ടു തന്നെ ബൂപ ഇന്‍ഷുറന്‍സ് കമ്പനിയിലെ ഇദ്ദേഹത്തിന്റെ സാന്നിധ്യം പ്രവാസികള്‍ക്ക് വിലയ അനുഗ്രഹമായിരുന്നു.
അര്‍ഹമായ ക്ലെയിമുകളും അപ്രൂവലുകളും യഥാ സമയം ലഭിക്കുന്നതിനും ആവശ്യമായ മറ്റു വിശദീകരണങ്ങള്‍ നല്‍കുന്നതിനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. അദ്ദേഹവുമായി ബന്ധപ്പെടുന്നവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ അത് സ്വന്തം കാര്യമെന്ന പോലെ ഏറ്റെടുത്തുനടത്തിയിരുന്നുവെന്ന അനുഭവങ്ങളാണ് ധാരാളം പേര്‍ പങ്കുവെക്കുന്നത്. നേരത്തെ ബൂപ കമ്പനിയിലുണ്ടായിരുന്ന മലയാളി ജീവനക്കാരും അഷ്റഫിന്റെ പെരുമാറ്റത്തെ കുറിച്ചും സേവന സന്നദ്ധതയെ കുറിച്ചും അനുഭവങ്ങൾ ചൂണ്ടിക്കാട്ടി സംസാരിക്കുന്നു. സൗദിവൽക്കരണത്തെ തുടർന്ന് ബൂപയിൽ അവശേഷിക്കുന്ന അപൂർവം മലയാളി ജീവനക്കാരിൽ ഒരാളായിരുന്നു അദ്ദേഹം.
പത്ത് ദിവസം മുമ്പാണ് ജിദ്ദ കോര്‍ണിഷില്‍ കുടുംബത്തോടൊപ്പം സായാഹ്നം ചെലവഴിക്കുകയായിരുന്ന അദ്ദേഹത്തിന് മസ്തിഷ്‌കാഘാതമുണ്ടായത്. കുടുംബം ബീച്ചിലിരിക്കുമ്പോള്‍ കാര്‍ സ്വയം ഓടിച്ച് പള്ളിയില്‍ പോയി മഗ് രിബ് നമസ്‌കാരം നിര്‍വഹിച്ച് മടങ്ങി എത്തിയപ്പോഴാണ് തളര്‍ന്നുവീണത്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ സ്ഥിതി വളരെ ഗുരുതരമായിരുന്നു. ബൂപ കമ്പനിയും സുഹൃത്തുക്കളുമൊക്കെ പരമാവധി മികച്ച ചികിത്സ ലഭ്യമാക്കാന്‍ രംഗത്തുണ്ടായിരുന്നുവെങ്കിലും നേരിയ പ്രതീക്ഷകള്‍ വളരെ വേഗം അസ്ഥാനത്തായി.
കെ.എം.സി.സിയുടേയും ഇസ്ലാഹി സെന്ററിന്റെയും പ്രവര്‍ത്തകനായിരുന്നു. ജിദ്ദ കെഎംസിസി നാദാപുരം മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്‍ സുബൈര്‍ വാണിമേല്‍ ജിദ്ദ കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റാണ്.
സംസാരത്തില്‍ മിതത്വം പുലര്‍ത്തിയിരുന്നെങ്കിലും കൈയയച്ചായിരുന്നു അദ്ദേഹത്തിന്റെ സഹായം. മദീന റോഡിലെ മസ്ജിദ് സൗദിന് തൊട്ടടുത്ത് താമസിച്ചിരുന്ന അദ്ദേഹത്തിന്റെ മയ്യിത്ത് നമസ്‌കാരം വ്യാഴാഴ്ച (നാളെ) സുബ്ഹി നമസ്‌കാരത്തിനുശേഷം മസ്ജിദ് സൗദിലാണ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ന്ന് റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യും.
VIDEO നിക്കാഹ് കഴിയുന്നതുവരെ പെണ്ണുങ്ങള്‍ മാറി നില്‍ക്കണം, വീഡിയോ വൈറലാക്കി വിദ്വേഷം
ബുര്‍ജ് ഖലീഫയില്‍ ശ്രീരാമന്‍; വ്യാജ പ്രചാരണത്തില്‍ മുന്നറിയിപ്പുമായി യു.എ.ഇ അധികൃതര്‍
അബ്ശിര്‍ സുരക്ഷിതമാക്കണം; പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും പ്രത്യേക നിര്‍ദേശം