റിയാദിലും വരുന്നു സ്മാര്‍ട്ട് പാര്‍ക്കിംഗ്; ക്രമരഹിത പാര്‍ക്കിംഗ് നിയന്ത്രിക്കാന്‍ മുനിസിപ്പാലിറ്റി

റിയാദ്- ദമാമിനും ജിദ്ദക്കും ശേഷം തലസ്ഥാന നഗരിയായ റിയാദിലും വാഹനങ്ങളുടെ പാര്‍ക്കിംഗിന് ക്രമീകരണം വരുന്നു. സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഗരത്തില്‍ പാര്‍ക്കിംഗ് ഏരിയകള്‍ സൗകര്യപ്പെടുത്തുന്നതിനും അവ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും റിയാദ് നഗരസഭയുടെ കീഴിലെ റീമാത് അല്‍റിയാദ് കമ്പനിയും സൊലൂഷന്‍സ് ബൈ എസ്ടിസിയും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. പത്ത് വര്‍ഷത്തേക്കാണ് കരാര്‍.
രാജ്യത്ത് ഡിജിറ്റല്‍ പരിവര്‍ത്തന സേവനങ്ങള്‍ നല്‍കുന്ന മുന്‍നിര കമ്പനിയാണ് സൊലൂഷന്‍സ് ബൈ എസ്ടിസി. റിയാദിലെ പൊതു, വാണിജ്യ റോഡുകളില്‍ 24000 കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവും താമസ കേന്ദ്രങ്ങളുള്ള സ്ട്രീറ്റുകളില്‍ 140000 നിയന്ത്രിത പാര്‍ക്കിംഗ് സൗകര്യവുമാണ് പദ്ധതിയിലുള്ളത്. താമസക്കാര്‍ക്കും മറ്റും പ്രയാസമാകുന്ന രീതിയിലെ അനധികൃത പാര്‍ക്കിംഗ് ഇതോടെ നിര്‍ത്തലാക്കും.
പാര്‍ക്കിംഗ് നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തലും  സുരക്ഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തലും കരാര്‍ കമ്പനിയുടെ ബാധ്യതയാണ്. ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യകളും മികച്ച ആഗോള പ്രവര്‍ത്തനരീതികളും പ്രയോഗിക്കുന്ന കമ്പനി നഗരത്തിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും  പുതിയ അനുഭവമാകുന്ന രീതിയില്‍ നഗര സൗന്ദര്യവത്കരണത്തിന് മികച്ച സംഭാവന നല്‍കും. 
സ്ട്രീറ്റുകളിലെ ക്രമരഹിത പാര്‍ക്കിംഗും പാര്‍പ്പിട പരിസരത്തേക്കുള്ള കാറുകളുടെ അനധികൃത പ്രവേശനവും നഗരഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനും സ്മാര്‍ട്ട് പാര്‍ക്കിംഗ് പദ്ധതി പ്രയോജനപ്പെടുമെന്ന് റിയാദ് നഗരസഭ മേയറും റീമാത് അല്‍റിയാദ് കമ്പനി ചെയര്‍മാനുമായ ഫൈസല്‍ ബിന്‍ അയാഫ് രാജകുമാരന്‍ അറിയിച്ചു.
നടപ്പാതകള്‍ നിര്‍മിക്കുക, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും പൊതുപാര്‍ക്കിംഗ് സംവിധാനം ക്രമീകരിക്കുകയുമാണ് പദ്ധതിയുടെ ആദ്യഘട്ടമെന്ന് റീമാത് കമ്പനി സിഇഒ അബ്ദുല്ല അബൂദാവൂദ് പറഞ്ഞു.
മികച്ച സ്മാര്‍ട്ട് സംവിധാനങ്ങളാണ് പാര്‍ക്കിംഗിന് ഉപയോഗിക്കുകയെന്ന് സൊലൂഷന്‍സ് കമ്പനി സിഇഒ ഉമര്‍ അല്‍നുഅ്മാനി വ്യക്തമാക്കി. വാഹനങ്ങളുടെ പാര്‍ക്കിംഗ് രീതികള്‍ നിരീക്ഷിക്കുന്നതിനും ഉപയോഗനിരക്ക് കണക്കാക്കുന്നതിനും സ്മാര്‍ട്ട് സെന്‍സറുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിക്കും. അദ്ദേഹം പറഞ്ഞു.

Latest News