കോഴിക്കോട് - ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ കൊള്ളരുതായ്മകള്‍ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ സ്ഥിരമായി പ്രതികരിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഉമേഷ് വള്ളിക്കുന്ന്. ഫേസ് ബുക്ക് പോസ്റ്റുകളുടെ പേരില്‍ പലവട്ടം അച്ചടക്ക നടപടിയും അദ്ദേഹം നേരിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥരുടെ തെറിവിളിക്കും പീഡനങ്ങള്‍ക്കുമെതിരെ പുതിയൊരു കുറിപ്പുമായി വന്നിരിക്കുകയാണ് ഉമേഷ്. സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ ചില എസ്.എച്ച്.ഒമാര്‍ പീഡിപ്പിക്കുന്നതായാണ് ആരോപണം. ദൃശ്യങ്ങള്‍ സഹിതമാണ് ആറന്മുള സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ഉമേഷ് വളളിക്കുന്ന് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഉമേഷ് ജോലി ചെയ്യുന്ന ആറന്മുള സ്റ്റേഷനിലേയും വൈത്തിരി സ്റ്റേഷനിലേയും എസ്.എച്ച്.ഒമാര്‍ക്കെതിരെയാണ് ആരോപണം. ആറന്മുള സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ പ്രധാന പരിപാടി തെറിവിളിയും മൊബൈല്‍ ഫോണ്‍ പിടിച്ചുപറിയുമാണ്. ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ തീര്‍ന്ന ശേഷമോ പിറ്റേദിവസമോ പോയി ഷോ കാണിക്കുന്നതാണ് ഉദ്യോഗസ്ഥന്റെ സ്ഥിരം രീതി. ഇത് ആരെങ്കിലും ചോദ്യം ചെയ്താല്‍ പാവംപിടിച്ചവനെന്നു തോന്നുന്നവന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയാണ്. ഇവര്‍ മൊബൈല്‍ തിരിച്ചു വാങ്ങാന്‍ വരുമ്പോള്‍ സ്റ്റേഷനിലുള്ള സാധാരണ ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടി വരിക. ഏതെങ്കിലും നേതാക്കള്‍ വിഷയത്തിലിടപെട്ടാല്‍ പോലീസുകാര്‍ വിവരമില്ലാതെ പിടിച്ചുവെച്ചതാണെന്നാണ് എസ്.എച്ച്.ഒ പറയുകയെന്നും ഉമേഷ് ആരോപിക്കുന്നു.
ചില എസ്.എച്ച്.ഒമാര്‍ വണ്ടിയില്‍ നിന്നിറങ്ങിയ ഉടനെ കണ്ണില്‍ കണ്ടവനെ അടിക്കുകയാണ്. വക്കുപൊട്ടിയ ഇത്തരക്കാരോടൊപ്പം പൊതുസ്ഥലങ്ങളില്‍ ഡ്യൂട്ടിക്ക് പോകുന്നത് വലിയ റിസ്‌ക്കാണെന്നും ഉമേഷ് പറയുന്നു. വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ ബോബി വര്‍ഗീസ് പോലീസുകാരനെ തല്ലിയതും തെറിവിളിച്ചതും നാലാംകിട ഹീറോയിസത്തിനെതിരെ നാട്ടുകാര്‍ പ്രതികരിച്ചപ്പോള്‍ രക്ഷപ്പെടാനാണെന്നും ഉമേഷ് ആരോപിക്കുന്നത്.
ചോദിക്കാനും പറയാനും ആളില്ലാത്ത ഒരേയൊരു വര്‍ഗമാണ് പോലീസുകാര്‍. തൂങ്ങിച്ചത്താല്‍ പോലും ഉദ്യോഗസ്ഥരോ വകുപ്പ് മന്ത്രിയോ തിരിഞ്ഞു പോലും നോക്കില്ല. അങ്ങനെയുള്ളവരെ തെറിവിളിച്ചാലും മര്‍ദ്ദിച്ചാലും ഒന്നും സംഭവിക്കില്ല. ആസനം നക്കാനും കാലുപിടിക്കാനും കൈക്കൂലിപ്പണത്തിന്റെ ഷെയറുകൊടുക്കാനും മനസ്സുള്ളിടത്തോളം കാലം ഒരു നടപടിയും വരില്ലെന്ന് ഉദ്യോഗസ്ഥര്‍ക്കറിയാമെന്നും കുറിപ്പില്‍ ആരോപിക്കുന്നുണ്ട്. പോലീസിലെ ഹയറാര്‍ക്കിയുടെ അളിഞ്ഞ മുഖം എപ്പോഴും അച്ചടക്കത്തിന്റെയും അനുസരണയുടെയും മുഖംമൂടികള്‍ക്കുള്ളിലാണ്. മുഖംമൂടികള്‍ വലിച്ചു കീറാന്‍ പോലീസുകാര്‍ തന്നെ മുന്നോട്ടു വന്നില്ലെങ്കില്‍ ഇനിയും സേനക്കുള്ളില്‍ ആത്മഹത്യകള്‍ നടക്കുമെന്നും പറയുന്നുണ്ട്. വൈത്തിരി എസ്.എച്ച്.ഒ സിവില്‍ പോലീസ് ഉദ്യോഗസ്ഥരെ തല്ലുന്നതിന്റേയും ആറന്മുള എസ്.എച്ച്.ഒ മാര്‍ച്ചിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ പിന്നിലേക്ക് സുരക്ഷിതമായി മാറി നില്‍ക്കുന്നതിന്റേയും ദൃശ്യങ്ങള്‍ സഹിതമാണ് ഉമേഷിന്റെ പോസ്റ്റ്.
ഉമേഷിന്റെ പോസ്റ്റ് പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വീഡിയോയുടെ നിജസ്ഥിതി സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗവും പരിശോധന തുടങ്ങിയിട്ടുണ്ട്.