അസീർ- സൗദിയുടെ തെക്കൻ നഗരങ്ങളിലെ ബാരിക്കിലും തിഹാമയിലും നൂറ്റാണ്ടുകളായി കൃഷി ചെയ്തു വരുന്നതാണ് എള്ള്. അറബിയിൽ ഇതിന്റെ പേര് സിംസിം എന്നാണ്. നാട്ടു ഭാഷയിൽ ജൽജാൽ എന്ന് വിളിക്കുന്നു. മരുഭൂമിയിൽ എള്ളു കൃഷിയോ എന്നു ചോദിച്ചാൽ ഈ പ്രദേശങ്ങൾ സമശീതോഷ്ണ കാലവാസ്ഥയനുഭവപ്പെടുന്ന അസീർ പ്രവിശ്യയുടെ ഭാഗങ്ങളാണ്. മക്ക മേഖലയുടെ കൊടും ചൂടോ അബഹയുടെ അതിശൈത്യമോ ഇവിടെ അനുഭവപ്പെടാറില്ല. പരമ്പരാഗതമായി ഇവിടുത്തുകാർ എള്ളു കൃഷിചെയ്യുന്നവരാണ്. കാലങ്ങളായി പലവിധ രോഗങ്ങൾക്കും നാട്ടുവൈദ്യന്മാർ എള്ളെണ്ണ ഉപയോഗിച്ചിരുന്നതിനാൽ ഇവർക്കിത് മരുന്നും കച്ചവട മാർഗവുമാണ്. ശൈത്യകാല രോഗങ്ങൾക്കും രക്ത സമ്മർദ്ദത്തിനും എല്ലുകളുടെ ബലം കാത്തു സൂക്ഷിക്കാനും എള്ളെണ്ണക്കു കഴിയുമെന്നാണ് ഇവിടുത്തെ കർഷകർ പറയുന്നത്. മൂന്നുമാസത്തെ കാലയളവിൽ കൂടുതൽ വളപ്രയോഗങ്ങളില്ലാതെ വിളവെടുക്കാൻ സാധിക്കുമെന്നതിനാൽ എള്ളു കൃഷി കർഷകരുടെ ആശ്വാസ കൃഷി കൂടിയാണ്. ദീർഘവൃത്താകൃതിയിലുള്ള പച്ച ഇലകളുള്ള ഇവ കതിരുവന്ന് മൂപ്പാകുന്നതോടെ വെള്ള നിറമായി മാറും. പൂക്കൾ പൊഴിഞ്ഞ് ഉണങ്ങി നിൽക്കുന്ന മഞ്ഞ തണ്ടുകളിൽ പിന്നീട് ഇലകൾക്കിടയിൽ എള്ള് കുലകൾ ഉണങ്ങി നിൽക്കും വെട്ടിയെടുക്കുന്ന എള്ളുതണ്ടുകൾ നെല്ലുകൾ പോലെ കൂനയായി കൂട്ടിയിടും ആഴ്ചകൾക്കു ശേഷം ഇവയുടെ എള്ളുമണികൾ നിലത്തു വീണതു ശേഖരിച്ച് തണ്ടുകൾ കത്തിച്ചു കളയും. ബാരിക്ക് കേന്ദ്രമായി എള്ളു മേള സംഘടിപ്പിച്ചാൽ ഈ മേഖലയിൽ ധാരാളം വ്യവസായികളെത്തുമെന്നും അതു പുതിയ തലമുറയിലെ നിരവധി പേർക്ക് തൊഴിലവസരം സൃഷ്ടിക്കലാകുമെന്നും ബാരിക്കിലെ പ്രമുഖ എള്ളു കർഷകനായ മൂസ അൽ ഗിശാം അഭിപ്രായപ്പെട്ടു.