Sorry, you need to enable JavaScript to visit this website.

ഹിന്ദുവായ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, രേവതിയുടെ വാക്കുകൾ നിരാശപ്പെടുത്തി

അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് കോടതി ഉത്തരവിലൂടെ നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചലച്ചിത്രതാരം രേവതി നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു. ഹിന്ദുവായി ജനിച്ച നാം നമ്മുടെ വിശ്വാസങ്ങൾ ഉള്ളിൽ തന്നെ സൂക്ഷിക്കുന്നുവെന്നും മറ്റുള്ളവരെ വ്രണപ്പെടുത്താറില്ലെന്നുമായിരുന്നു പരാമർശം. ഇതിനെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. രേവതിയുടെ വാക്കുകൾ നിരാശപ്പെടുത്തിയെന്നും അവരിൽ ഇതേവരെ ദർശിച്ചിരുന്നത് പുരോഗമന മുഖമായിരുന്നുവെന്നും എഴുത്തുകാരി തനൂജ എസ് ഭട്ടതിരി പറഞ്ഞു.

തനൂജ എസ് ഭട്ടതിരിയുടെ കുറിപ്പ് വായിക്കാം:

ചലച്ചിത്രതാരം രേവതിയ്ക്ക്   എന്റെ മനസ്സിൽ  ഇതുവരെ ഒരു പുരോഗമന പക്ഷ മുഖമായിരുന്നു. എന്നാൽ ഇപ്പോൾ രേവതി വല്ലാതെ നിരാശപ്പെടുത്തി.
ഒരു അഭിനേത്രി എന്ന നിലയിലും വ്യത്യസ്തമായി ജീവിക്കാൻ ധൈര്യം കാണിച്ച സ്ത്രീ എന്ന നിലയിലും സിനിമയിലെ  സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദം ഉയർത്തുന്ന ആൾ എന്ന നിലയിലും എനിക്ക് രേവതിയോടു വലിയ മതിപ്പ് ഉണ്ടായിരുന്നു.
രേവതി രാമഭക്ത ആവുന്നതോ  അയോധ്യയിലെ  ക്ഷേത്രത്തിൽ പോയി തൊഴുന്നതോ ഒന്നുമല്ല പ്രശ്‌നം. അതൊക്കെ ഓരോരുത്തരുടെയും സ്വകാര്യ അവകാശങ്ങൾ ആണ്.
പക്ഷേ രേവതി എഴുതിയിരിക്കുന്നത്, 'ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു. മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു.' എന്നാവുമ്പോൾ, മറ്റു മതത്തിലുള്ളവരെ അന്യരായിക്കണ്ട് ഇകഴ്ത്തുകയാണ്. ഹിന്ദുവായി ജനിക്കാത്ത എത്രയെത്രയോ പേരുണ്ട് മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കുന്നവർ. അവരെ ഒന്നും ഒറ്റയടിക്ക് കാണാൻ പറ്റാതായിപ്പോയോ  രേവതിക്ക്?
മനുഷ്യത്വത്തിൽ വിശ്വസിക്കുന്നവർ  തങ്ങളുടെ കാലയളവിൽ,ഒരു രാഷ്ട്രീയാക്രമണം നടന്നതിന്റെ ഓർമ്മകളുടെ തീച്ചൂളയിൽ ആയിരുന്നു   ഇന്നലെ.
 വിശ്വാസം സ്വകാര്യമായി സൂക്ഷിക്കുന്നവർ ഹിന്ദുക്കളിൽ മാത്രമല്ല, എല്ലാ മതക്കാരിലും ഉണ്ടെന്ന് ഇത്രയും കാലത്തെ മലയാളസിനിമ ജീവിതത്തിൽ നിന്നെങ്കിലും  രേവതിക്ക് മനസ്സിലായിട്ടില്ലേ?
രേവതി ഇങ്ങനെയും എഴുതിയിരിക്കുന്നു 'ഒരിക്കലും മറക്കാനാവാത്ത ദിവസമായിരുന്നു ഇന്നലെ.. എനിക്ക് തോന്നുന്ന ഈ ആവേശം, എന്റെ ഉള്ളിൽ എന്തോ തുടിച്ചു, അത്യധികം സന്തോഷം തോന്നി. നമുക്ക് തോന്നുന്ന സന്തോഷവും ആവേശവും ഒരു രക്തച്ചൊരിച്ചതിന്റെ ഫലമായിട്ടുള്ളതാണെങ്കിൽ, ഹാ! കൂടുതൽ എന്ത് പറയാനാണ്!

ഈയിടെ കോട്ടയത്ത് മഴവില്ല്  വനിതാ ഫിലിം സൊസൈറ്റിയുടെ ഒരു യോഗത്തിൽ, ഇനി മലയാളസിനിമ സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് വെറുതെ പറഞ്ഞാൽ പോര, അതിലെ ഇൻർസെക്ഷണാലിറ്റിയെക്കുറിച്ചു  കൂടി ചർച്ച നടത്തണം  എന്നു ഞാൻ പറഞ്ഞത് , സത്യം പറഞ്ഞാൽ ഇത്രപെട്ടെന്ന്   മുന്നിൽ വന്നു നിൽക്കുമെന്ന് ഓർത്തിട്ടല്ല. ഒന്ന് കണ്ടിട്ട് പോലുമില്ലെങ്കിലും അവരെയും, അവരേറ്റെടുത്തിരുന്ന   ആശയങ്ങളെയും  ആരാധിക്കുന്ന എല്ലാവരെയും  നിരാശപ്പെടുത്തി അതുവരെ പറഞ്ഞിരുന്ന ആശയങ്ങളെ അവർ വിട്ടു കളയുമ്പോൾ, തോൽക്കുന്നത് അവരെ മനസ്സിൽ പ്രതിഷ്ഠിച്ചിരുന്നവരാണ്!

 

Latest News