തിരുവനന്തപുരം - വര്‍ക്കലയില്‍ വീട്ടുജോലിക്കാരിയായ നേപ്പാള്‍ സ്വദേശിനി വീട്ടുകാരെ ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി മയക്കി പണവും സ്വര്‍ണ്ണവും മോഷ്ടിച്ചു. അഞ്ചംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്നും രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. വീട്ടുടമ ശ്രീദേവി അമ്മ, മരുമകള്‍ ദീപ, ഹോം നഴ്‌സായ സിന്ധു എന്നിവരെയാണ് ഭക്ഷണത്തില്‍ ലഹരി കലര്‍ത്തി മയക്കിയത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൂന്ന് പേരും ബോധരഹിതരായി കിടക്കുകയായിരുന്നു. നാട്ടുകാര്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഇന്നലെ രാത്രി ഒരാളെ പിടികൂടി. സ്വര്‍ണ്ണവും പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. ഇന്ന് രാവിലെ സമീപത്ത് ഒളിച്ചിരുന്ന മറ്റൊരാളെയും നാട്ടുകാര്‍ പിടികൂടി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.