എടപ്പാൾ- നാലു പതിറ്റാണ്ടിനു ശേഷം ആദ്യമായി വട്ടംകുളം പഞ്ചായത്തിൽ കോൺഗ്രസ് അംഗം പ്രസിഡണ്ടായി. പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ എം. എ നജീബ് ആണ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡണ്ടായി മുസ്ലിംലീഗിലെ ഫസീല അജീബിനെയും തിരഞ്ഞെടുത്തു. പഞ്ചായത്ത് ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ എം .എ .നജീബിന് 9 വോട്ടും, എൽ.ഡി.എഫ് മെമ്പർക്ക് ആറു വോട്ടും ലഭിച്ചു. രണ്ട് ബി.ജെ.പി അംഗങ്ങൾ വിട്ടു നിന്നു. യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് എട്ടും മെമ്പർമാരാണ് പഞ്ചായത്തിൽ ഉള്ളത്. എൽ.ഡി.എഫിലെ ഒരംഗം കഴിഞ്ഞ ദിവസം അന്തരിച്ചു. മറ്റൊരംഗം വിദേശത്താണ്. മുസ്ലിംലീഗിലെ കഴുങ്ങിൽ മജീദ് പ്രസിഡണ്ട് സ്ഥാനം കഴിഞ്ഞദിവസം രാജി വെച്ചിരുന്നു. യു.ഡി.എഫ് ധാരണ പ്രകാരമാണ് കോൺഗ്രസിന് രണ്ടുവർഷം പ്രസിഡൻറ് സ്ഥാനം നൽകിയത്. പൊന്നാനി ഭൂരേഖ തഹസിൽദാർ എൻ. ജയന്തി റിട്ടേണിംഗ് ഓഫീസർ ആയിരുന്നു.