തിരുവനന്തപുരം - ഡി എ കുടിശിക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ സംഘടനകളുടെ കീഴിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംസ്ഥാന പണിമുടക്ക് ആരംഭിച്ചു. സമരം നടത്തുന്ന പ്രതിപക്ഷ സംഘടനയിലെ ജീവനക്കാരും ഇടത് സംഘടനയില്‍ പെട്ട ജീവനക്കാരും തമ്മില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘര്‍ഷമുണ്ടായി. സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ സമരം നടത്തുന്ന ജീവനക്കാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ യോഗം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഇടതു സംഘടനാ പ്രവര്‍ത്തകരും പണിമുടക്ക് നടത്തുന്ന ജീവനക്കാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടക്കുകയായിരുന്നു. പോലീസ് ഇടപെട്ടാണ് സംഘര്‍ഷം നിയന്ത്രണവിധേയമാക്കിയത്. പണിമുടക്കിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നതിനിടെ ഇടത് സംഘടനാ പ്രവര്‍ത്തകന്‍ ഇരുചക്രവാഹനത്തില്‍ പലതവണയായി ഗേറ്റിലൂടെ കടന്നുപോയി മനപൂര്‍വം പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷ സംഘടനാ നേതാക്കള്‍ ആരോപിച്ചത്.. സെക്രട്ടേറിയറ്റിലേക്ക് പോകുന്നവരെ തടയില്ലെന്നും സമരവുമായി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിപക്ഷ സംഘടനാ നേതാക്കള്‍ പറഞ്ഞു. എന്നാല്‍, ഗേറ്റിന് മുന്നില്‍നിന്ന് പ്രതിഷേധം മാറ്റണമെന്നാവശ്യപ്പെട്ട് കൂടുതല്‍ ഇടതു സംഘടനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു.