കുമളി- മക്കള്‍ ഉപേക്ഷിച്ച അമ്മ മരണപ്പെട്ട സംഭവത്തില്‍ ഇരുവരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് വിവരം. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അവശയായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയവെ നിര്യാതയായ കുമളി അട്ടപ്പള്ളം സ്വദേശിനി അന്നക്കുട്ടിയുടെ മരണത്തിലാണ് മക്കളായ കുമളി കേരള ബാങ്ക് ജീവനക്കാരന്‍ സജി (55 ) സഹോദരി സിജി (50) എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. കുമളി പഞ്ചായത്തിലെ താത്കാലിക ജീവനക്കാരിയായ സിജിയെ പിരിച്ചുവിടാനുള്ള നടപടികള്‍ ആരംഭിച്ചതായി പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. സജിമോന്‍ കളക്ഷന്‍ ഏജന്റായാണ് ജോലി ചെയ്യുന്നത്. സജിമോന്‍ ജോലി ചെയ്യുന്ന കുമളി കേരള ബാങ്ക് പോലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നാണ് സൂചന.
മുതിര്‍ന്ന പൗരന്‍മാരേയും മാതാപിതാക്കളേയും അവഗണിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് കുമളി എസ് ഐ ലിജോ പി മണി അറിയിച്ചു. മക്കള്‍ ഉപേക്ഷിച്ച അന്നക്കുട്ടി രോഗശയ്യയിലായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളിയാഴ്ചയാണ് അന്നക്കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.
ആശുപത്രിയില്‍ എത്തിച്ചശേഷം എസ് ഐ പല തവണ മകനെ വിളിച്ചെങ്കിലും നായയ്ക്ക് ചോറ് കൊടുക്കാനുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. കുമളി അട്ടപ്പള്ളം സെന്റ് തോമസ് ഫെറോന പള്ളിയില്‍ സംസ്‌കാരത്തിന് മുന്‍പ് കുമളി ബസ്റ്റാന്റില്‍ പൊതുദര്‍ശനത്തിന് വച്ച ഭൗതികദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു.
പള്ളിയിലെ സംസ്‌കാര ചടങ്ങുകള്‍ തീരുംവരെ ജില്ലാ കളക്ടറും സബ് കലക്ടറും സന്നിഹിതരായിരുന്നു. കുമളി എസ് ഐ ലിജോ പി മാണിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍ നടത്തിയത്. മകന്‍ ജനക്കൂട്ടത്തിന് പിന്നില്‍ നിന്ന ശേഷം പൊതുജനങ്ങള്‍ അന്ത്യാജ്ഞലി അര്‍പ്പിക്കുന്നതിനിടെ അവരിലൊരാളായി അവര്‍ക്കിടയിലൂടെ സ്വന്തം അമ്മക്ക് ആദരാജ്ഞലി അര്‍പ്പിച്ചു.