ജിദ്ദ - വിദേശങ്ങളിൽ നിന്ന് എത്തിയ ഹജ് തീർഥാടകർ വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി കൃത്യസമയത്ത് തിരിച്ചുപോകണമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. വിസാ കാലാവധിക്കുള്ളിൽ തിരിച്ചുപോകാത്തവർ ശിക്ഷാ നടപടികൾക്ക് വിധേയരാകേണ്ടിവരും. വിസാ കാലാവധിക്കു ശേഷം രാജ്യത്ത് തങ്ങുന്നതിന് ഹജ് തീർഥാടകരെ നിയമം അനുവദിക്കുന്നില്ല. മക്കക്കും മദീനക്കും ജിദ്ദക്കും പുറത്ത് ഹാജിമാർ സഞ്ചരിക്കുന്നതിനും സൗദിയിൽ എവിടെയും ജോലി ചെയ്യുന്നതിനും വിലക്കുണ്ടെന്ന് ജവാസാത്ത് വക്താവ് ലെഫ്. കേണൽ ബദ്ർ അൽഖറൈനി പറഞ്ഞു.
ഹജ് തീർഥാടകരുടെ മടക്കയാത്രാ നടപടികൾ വേഗത്തിലാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് ഹാജിമാരെ സഹായിക്കുന്ന ഒരു നടപടികളും സൗദി പൗരന്മാരുടെയും വിദേശികളുടെയും ഭാഗത്തു നിന്നുണ്ടാകരുത്. ഇക്കാര്യത്തിൽ സൗദി പൗരന്മാരും വിദേശികളും സുരക്ഷാ വകുപ്പുകളുമായി സഹകരിക്കണം. ഒരുവിധ ഗതാഗത സംവിധാനത്തിലും മക്കക്കും ജിദ്ദക്കും മദീനക്കും പുറത്ത് ഹാജിമാർക്ക് യാത്രാ സൗകര്യം നൽകുന്നതിന് വിലക്കുണ്ട്. മക്കയിലും ജിദ്ദയിലും മദീനയിലും വിസാ കാലാവധിക്കുള്ളിൽ മാത്രമാണ് ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്നതിന് അനുമതിയുള്ളത്. വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാത്ത ഹാജിമാർക്ക് താമസ സൗകര്യവും ജോലിയും, അനധികൃതമായി രാജ്യത്ത് തങ്ങുന്നതിന് ഇടയാക്കുന്ന മറ്റു സഹായങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.
തങ്ങൾക്കു കീഴിലെ ഹജ് തീർഥാടകരെ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾ എത്രയും വേഗം സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിന് നടപടികളെടുക്കണം.
വിസാ കാലാവധി അവസാനിക്കുന്നതിനു മുമ്പായി രാജ്യം വിടുന്നതിന് തീർഥാടകരെ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾ പ്രേരിപ്പിക്കണമെന്നും ലെഫ്. കേണൽ ബദ്ർ അൽഖറൈനി ആവശ്യപ്പെട്ടു.