ജിദ്ദ - ഹജ് സേവന മേഖലയിൽ പ്രവർത്തിച്ച മുഴുവൻ പേർക്കും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നന്ദി പറഞ്ഞു. ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരന് അയച്ച സന്ദേശത്തിലാണ് ഈ വർഷത്തെ ഹജ് വൻ വിജയമാക്കി മാറ്റുന്നതിന് പ്രയത്‌നിച്ച എല്ലാവർക്കും രാജാവ് നന്ദി പറഞ്ഞത്.
ഈ വർഷത്തെ ഹജ് വൻ വിജയമാണെന്നും എടുത്തുപറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഹജിനിടെ ഉണ്ടായിട്ടില്ലെന്നും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അറിയിച്ചും, സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളുടെയും പ്രവിശ്യാ ഗവർണർമാരുടെയും ആഭ്യന്തര മന്ത്രാലയ ജീവനക്കാരുടെയും ദേശീയ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരുടെയും ഹജ് സേവന മേഖലയിൽ പ്രവർത്തിച്ച സിവിൽ വകുപ്പുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും പേരിൽ ബലി പെരുന്നാൾ ആശംസകൾ നേർന്നും നേരത്തെ ആഭ്യന്തര മന്ത്രി സൽമാൻ രാജാവിന് സന്ദേശം അയച്ചിരുന്നു.
ലോക രാജ്യങ്ങളിൽ നിന്നുള്ള 23,71,675 പേർ ശാന്തിയോടെയും സമാധാനത്തോടെയും പ്രയാസരഹിതമായും ഹജ് കർമം നിർവഹിച്ചതായും ആഭ്യന്തര മന്ത്രി രാജാവിനെ അറിയിച്ചു. ഇതിനുള്ള മറുപടിയിലാണ് ഹജ് സേവന മേഖലയിൽ ഭംഗിയായും സ്തുത്യർഹമായും പ്രവർത്തിച്ച എല്ലാവർക്കും രാജാവ് നന്ദി പറഞ്ഞത്.
സർക്കാർ, സ്വകാര്യ വകുപ്പുകൾ ഹജ് സേവന മേഖലയിൽ നടത്തിയ പ്രയത്‌നങ്ങൾ നാം വിലയിരുത്തിയിട്ടുണ്ട്. ഹജ് തീർഥാടകരെ സേവിക്കുന്നതിനുള്ള ആദരവ് ലഭിക്കുന്നതിന് എല്ലാവരും അതിയായ ആഗ്രഹത്തോടെയും സമർപ്പണ മനോഭാവത്തോടെയും പ്രവർത്തിച്ചത് ആഹ്ലാദവും സന്തോഷവും പകരുന്ന കാര്യമാണെന്നും സൽമാൻ രാജാവ് പറഞ്ഞു. ഈ വർഷത്തെ ഹജ് സീസൺ വൻ വിജയമാക്കുന്നതിന് പ്രയത്‌നിച്ച എല്ലാവർക്കും കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും നന്ദി പറഞ്ഞു. ഹജ് തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിന് എല്ലാവരും പരസ്പരം മത്സരിക്കുന്ന കാഴ്ചയാണ് കണ്ടത്. എല്ലാവരും നടത്തിയ പ്രയത്‌നങ്ങളുടെ ഫലമായാണ് ഹജ് വലിയ വിജയമായി മാറിയതെന്നും കിരീടാവകാശി പറഞ്ഞു. ഈ വർഷത്തെ ഹജ് വൻ വിജയമാണെന്ന് അറിയിച്ചും സുപ്രീം ഹജ് കമ്മിറ്റി അംഗങ്ങളുടെയും പ്രവിശ്യാ ഗവർണർമാരുടെയും ആഭ്യന്തര മന്ത്രാലയ ജീവനക്കാരുടെയും ദേശീയ സുരക്ഷാ ഏജൻസി ഉദ്യോഗസ്ഥരുടെയും ഹജ് സേവന മേഖലയിൽ പ്രവർത്തിച്ച സിവിൽ വകുപ്പുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും പേരിൽ ബലി പെരുന്നാൾ ആശംസകൾ നേർന്നും ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ കിരീടാവകാശിക്കും സന്ദേശം അയച്ചിരുന്നു.