Sorry, you need to enable JavaScript to visit this website.

ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍: ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് അംഗീകാരം

റിയാദ് - ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, ഗ്രീന്‍-ക്ലീന്‍ ഹൈഡ്രജന്‍, വിതരണ ശൃംഖല എന്നീ മേഖലകളില്‍ പരസ്പര സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. കിംഗ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍ ഫോര്‍ റിസേര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സും ഇന്ത്യയിലെ നാഷണല്‍ ആര്‍ക്കൈവ്‌സും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭാ യോഗം അംഗീകരിച്ചു. മനുഷ്യ ക്ലോണിംഗ് തടയാനും പ്രതിരോധിക്കാനുമുള്ള അറബ് കണ്‍വെന്‍ഷനും സൗദിയിലേക്കുള്ള ചൈനീസ് ടൂറിസ്റ്റ് സംഘങ്ങളുടെ യാത്ര എളുപ്പമാക്കാന്‍ സൗദി ടൂറിസം മന്ത്രാലയും ചൈനീസ് സാംസ്‌കാരിക, ടൂറിസം മന്ത്രാലയവും ഒപ്പുവെച്ച ധാരണാപത്രവും റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഫീസ് ഘടനയും മന്ത്രിസഭ അംഗീകരിച്ചു. സ്റ്റാറ്റിസ്റ്റിക്കല്‍ ആവശ്യങ്ങള്‍ക്കായി കുറ്റകൃത്യങ്ങളുടെ ഏകീകൃത ദേശീയ വര്‍ഗീകരണവും മന്ത്രിസഭ അംഗീകരിച്ചു.
ഗാസയിലെ ഇസ്രായില്‍ ആക്രമണം നിരാകരിക്കുന്നതായി മന്ത്രിസഭ ആവര്‍ത്തിച്ചു. ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കണമെന്നും ഗാസ നിവാസികളെ നിര്‍ബന്ധിച്ച് കുടിയിറക്കുന്നത് തടയണമെന്നും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു. ദാവോസ് ലോക സാമ്പത്തിക ഫോറത്തിലെ സൗദി സംഘത്തിന്റെ പങ്കാളിത്തം മന്ത്രിസഭാ യോഗം വിലയിരുത്തി. ലോക സാമ്പത്തിക ഫോറത്തിന്റെ പ്രത്യേക യോഗം അടുത്ത ഏപ്രിലില്‍ റിയാദില്‍ സംഘടിപ്പിക്കുമെന്ന് ദാവോസ് ഫോറത്തില്‍ പ്രഖ്യാപനമുണ്ടായി. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനം തടയാനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളും ഇക്കാര്യത്തില്‍ സൗദി അറേബ്യ നടപ്പാക്കുന്ന അന്താരാഷ്ട്ര സംരംഭങ്ങളും ലോക സാമ്പത്തിക ഫോറത്തില്‍ സൗദി സംഘം അവലോകനം ചെയ്തിരുന്നു.

 

 

Latest News