ജിദ്ദ- അരിമ്പാറ വൈറസ് (പാപിലോമ വൈറസ്) വാക്‌സിൻ സൗദിയിൽ നിർമിക്കാൻ സൗദി ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസ് ആന്റ് മെഡിക്കൽ അപ്ലയൻസസ് കോർപറേഷൻ (സ്പിമാക്കൊ അദ്ദവാഇയ്യ) ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിയാംഗ്‌സു റെക്ബിയൊ ടെക്‌നോളജി കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. എച്ച്.പി.വി വാക്‌സിൻ സാങ്കേതികവിദ്യാ ലൈസൻസ്, വിതരണം, കൈമാറ്റം എന്നിവ ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നു. ഒരു വർഷമാണ് കരാർ കാലാവധി. ഇരു കമ്പനികളുടെയും സമ്മതത്തോടെ ധാരണാപത്രം ദീർഘിപ്പിക്കാവുന്നതാണ്.
സൗദി വിപണിയിൽ നൂതന ബയോഫാർമസ്യൂട്ടിക്കൽസ് ഉൽപന്നങ്ങൾ പ്രാദേശികവൽക്കരിക്കാനുള്ള സ്പിമാക്കൊ കമ്പനി പ്രതിബദ്ധതക്ക് സഹായിക്കുന്ന തന്ത്രപരമായ സംരംഭങ്ങളിൽ ചൈനീസ് കമ്പനിയുമായുള്ള സഖ്യം പ്രധാന പങ്ക് വഹിക്കുന്നു. റെക്ബിയൊ കമ്പനിയുമായുള്ള സ്പിമാക്കൊയുടെ പങ്കാളിത്തത്തിലൂടെ പ്രാദേശിക, മേഖലാ വിപണികളിൽ പ്രധാനപ്പെട്ട വാക്‌സിനുകളുടെ നിർമാണവും ലഭ്യതയും വർധിപ്പിക്കാനും പൊതുജനാരോഗ്യം വർധിപ്പിക്കാനും സ്പിമാക്കൊ കമ്പനി ലക്ഷ്യമിടുന്നു.