ഉദ്ഘാടനച്ചടങ്ങിൽ ഷെയ്ഖ് അൽ സുദൈസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വികസന സമിതി മേധാവി പറഞ്ഞു
ബാബരി മസ്ജിന് പകരം അയോധ്യയിലെ ധനിപൂരില്‍ ഒരുക്കുന്ന മുഹമ്മദ് ബിൻ അബ്ദുല്ല മസ്ജിദിന്റെ നിർമ്മാണം മെയ് 14 ന് ധനിപൂരിൽ ആരംഭിക്കുമെന്ന് ഇന്തോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷന്റെ വികസന സമിതി തലവനും മഹാരാഷ്ട്ര സർക്കാരിന്റെ ന്യൂനപക്ഷകാര്യ കമ്മീഷൻ ചെയർമാനുമായ ഹാജി അറഫാത്ത് ഷെയ്ഖ് പറഞ്ഞു. ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും ആശുപത്രിയുടെയും കെട്ടിടം ഉൾപ്പെടുന്ന പദ്ധതിയുടെ ഒരുക്കങ്ങൾ പൂർത്തിയായെന്നും ഒരുക്കുന്ന സൗകര്യങ്ങൾ താജ്മഹലിനേക്കാൾ ഗംഭീരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരുഹറമുകളുടെ മേധാവി ഷെയ്ഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസ് പള്ളി ഉദ്ഘാടനം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അല്ലെങ്കിൽ ഒരു തവണയെങ്കിലും അദ്ദേഹം അവിടെ ജുമുഅ നമസ്‌കാരത്തിന് നേതൃത്വം നൽകണമെന്നാണ് ആഗ്രഹമെന്നും അറഫാത്ത് ഷെയ്ഖ് പറഞ്ഞു. മക്കയിൽ മലയാളം ന്യൂസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ൽ സുപ്രീം കോടതി ഉത്തരവ് അനുസരിച്ചാണ് ഉത്തർപ്രദേശിലെ അയോധ്യ നഗരത്തിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം പണിയാൻ വഴിയൊരുങ്ങിയത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി പൊളിച്ചായിരുന്നു ക്ഷേത്ര നിർമ്മാണം. ഇന്നലെയാണ് രാമക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തത്. നിരവധി സെലിബ്രിറ്റികളും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഹിന്ദു ക്ഷേത്രത്തിന് ഭൂമി അനുവദിച്ചുള്ള 2019-ലെ കോടതി ഉത്തരവിൽ, യഥാർത്ഥ സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയുള്ള ധനിപൂരിൽ മുസ്ലീങ്ങൾക്ക് പള്ളി പണിയാൻ സുപ്രീം കോടതി ഭൂമി അനുവദിച്ചിരുന്നു. അവിടെ പള്ളിക്ക് തറക്കല്ലിട്ടതായി അറഫാത്ത് ഷെയ്ഖ് പറഞ്ഞു. മസ്ജിദ് വികസനത്തിന് 5 ഏക്കറിലധികം സ്ഥലം വരും. വിദ്യാഭ്യാസ സ്ഥാപനത്തിനും മെഡിക്കൽ സൗകര്യത്തിനുമായി തൊട്ടടുത്തുള്ള 6 ഏക്കർ സ്ഥലം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
9,000 പേർക്ക് ഒരേസമയം പ്രാർത്ഥനക്കായി പള്ളിയിൽ ഒത്തുകൂടാനാകും. പള്ളിയുടെ മുറ്റത്തും പരിസരത്തുമായി ഈദ് പോലുള്ള നമസ്‌കാരങ്ങൾക്ക് അരലക്ഷത്തോളം പേർക്ക് പങ്കെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ മെഡിക്കൽ, ഡെന്റൽ സ്ഥാപനങ്ങളുടെ കാമ്പസുകൾ, ലോ കോളേജ്, ദരിദ്രരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കാൻ കഴിയുന്ന ഇന്റർനാഷണൽ സ്‌കൂളുകളുടെ ശാഖകൾ എന്നിവയും പള്ളിയോടനുബന്ധിച്ച് നിർമ്മിക്കും. പ്രതിദിനം 3,000 നും 5,000 നും ഇടയിൽ ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകും. അത്യാധുനിക ആശുപത്രിയിൽ പാവപ്പെട്ടവർക്ക് സൗജന്യ ആരോഗ്യ സംരക്ഷണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രവാചകന്റെയും പിതാവിന്റെയും ബഹുമാനാർത്ഥമാണ് പള്ളിക്ക് മുഹമ്മദ് ബിൻ അബ്ദുല്ല എന്ന പേര് നൽകുന്നതെന്നും അത് രാജ്യത്തിന് അനുഗ്രഹമാകുമെന്നും അറഫാത്ത് ഷെയ്ഖ് പറഞ്ഞു.