ന്യുദല്‍ഹി- പ്രളയ ദുരിതം മറികടന്ന പുതിയ കേരളത്തെ കെട്ടിപ്പടുക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമങ്ങളെ പുര്‍ണമായും പിന്തുണയ്ക്കുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മലയാളികള്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പിന്തുണയ്ക്കുന്നുവെന്നും ഇതിന് എല്ലാവരും തയാറാകണമെന്നും ആന്ററണി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം നല്ല രീതിയില്‍ പൂര്‍ത്തീകരിച്ചു. ഇനി വേണ്ടത് പുനരധിവാസമാണ്. മികച്ച രീതിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിച്ചു. ആരും പരാതികള്‍ ഉന്നയിച്ചില്ല. എന്നാല്‍ ക്യാമ്പുകളില്‍ നിന്ന് എവിടെക്ക് തിരിച്ചു പോകണമെന്ന വേവലാതികള്‍ ഉള്ളവരുണ്ട്. ഇവരെയെല്ലാം പുനരധിവസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രളയബാധിത മേഖലകളില്‍ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ഇവ പുനര്‍നിര്‍മിക്കണം. ഇതിനാണ് പ്രാഥമിക പരിഗണന വേണ്ടത്. ശേഷമാണ് മുഖ്യമന്ത്രിയുടെ സ്വപ്‌ന പദ്ധതിയായ നവകേരളം വരുന്നത്. അതിന് എന്റെ പൂര്‍ണ പിന്തുണയുണ്ട്്-ആന്റണി പറഞ്ഞു. വീടുകള്‍ വൃത്തിയാക്കലും കുടിവെള്ള ലഭ്യത ഉറപ്പുവരുത്തലും വേഗത്തില്‍ പൂര്‍ത്തിയാക്കണം. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ പുനസ്ഥാപിക്കണമെന്നും ആന്റണി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.