ഏറെ നിർണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കേ, പാർട്ടിക്കും സമുദായത്തിനുമുള്ളിലെ ഇത്തരം ഭീഷണികൾക്ക് നേരെ കണ്ണടക്കാൻ മുസ്‌ലിം ലീഗിന് കഴിയില്ല. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളിൽ പാർട്ടി എടുക്കുന്ന നിലപാടുകൾ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും സ്വീകാര്യമാകുന്ന രീതിയിൽ വിശദീകരിക്കുന്നതിൽ പാർട്ടി ഇനിയും വിജയിക്കേണ്ടിയിരിക്കുന്നു. പുറത്തുള്ള ശത്രുക്കൾ വിരിക്കുന്ന വലയിൽ പാർട്ടിക്ക് അകത്തുള്ളവർ വീണാൽ ആ പരിക്ക് ഭേദപ്പെടുത്താൻ ഏറെ പ്രയത്‌നിക്കേണ്ടി വരും.
ജനാധിപത്യത്തിൽ ഇടപെടുന്ന രാഷ്ട്രീയ സംഘടനകൾക്ക് അധികാരം പ്രധാനമാണ്. സംഘടന സംവിധാനം ശക്തമാക്കി നിലനിർത്തുന്നതിനും പ്രവർത്തകർ ചോർന്നു പോകാതെ പിടിച്ചു നിർത്തുന്നതിനും അധികാരം ആവശ്യമാണെന്നത് കേരള രാഷ്ട്രീയത്തിലെയും അനുഭവമാണ്. കേരളത്തിൽ ഇടതു സർക്കാർ ചരിത്രത്തിൽ ആദ്യമായി തുടർഭരണം നേടിയതോടെ ഇടതുപക്ഷ സംവിധാനം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. അധികാരമില്ലാത്തതിന്റെ കോട്ടം തീർക്കാൻ ഐക്യജനാധിപത്യ മുന്നണി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുന്നു. സർക്കാരിനെതിരെ ശക്തമായ വിമർശനങ്ങളിലൂടെ മാധ്യമ ശ്രദ്ധ നിലനിർത്തിയും സമര മുറകളിലൂടെ അണികളുടെ ആവേശം കെടാതെ നിലനിർത്തിയും അവർ മുന്നോട്ടു പോകുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പി ഉയർത്തുന്ന പുതിയ വെല്ലുവിളികൾ കൂടി ഉയരുന്നതോടെ കേരള രാഷ്ട്രീയം കൂടുതൽ സക്രിയമായി മാറുകയാണ്.
അധികാരമില്ലാതിരിക്കുമ്പോഴും മലബാറിൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ അടിത്തറ ശക്തമായി തന്നെ നിലനിൽക്കുന്നുണ്ട്. യു.ഡി.എഫ് നേതൃനിരയിൽ പ്രാധാന്യം നഷ്ടപ്പെടാതെ പാർട്ടിയെ നിലനിർത്തുന്നതിനൊപ്പം യുവജന, വിദ്യാർഥി സംഘടനകളെ ശക്തമാക്കി വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നുണ്ട്. മുസ്‌ലിം സമുദായത്തിന്റെ, പ്രത്യകിച്ച് സുന്നി-മുജാഹിദ് വിഭാഗങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള നയപരിപാടികളുമായി മുന്നോട്ടു പോകാനാണ് മുസ്‌ലിം ലീഗ് ഇന്നും ശ്രമിക്കുന്നത്. പാർട്ടിയുടെ വോട്ട് ബാങ്കുകൾ പ്രധാനമായും ഈ വിഭാഗങ്ങളിലാണ് എന്നുള്ളതിനാൽ അവരെ പിണക്കുന്ന നിലപാടുകളെ പാർട്ടി പൊതുവെ പ്രോൽസാഹിപ്പിക്കുന്നില്ല. അപ്പോഴും സുന്നി വിഭാഗമായ ഇ.കെ സമസ്തയുമായുള്ള ബന്ധം ആരോഗ്യകരമല്ലാത്ത രീതിയിലേക്ക് ഇടക്കിടെ വഴി തെറ്റുന്നത് മുസ്‌ലിം ലീഗിന്റെ ഭാവിയിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. മുസ്‌ലിം സമുദായവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന നിലപാടുകൾ പലപ്പോഴും സമസ്തയിൽ തന്നെ ചില നേതാക്കളുടെ നീരസത്തിന് ഇടയാക്കുന്നുണ്ട്. യു.ഡി.എഫിനുള്ളിൽ നിൽക്കുമ്പോൾ പല വിഷയങ്ങളിലും വേറിട്ട തീരുമാനങ്ങളെടുക്കുന്നതിൽ പരിമിതികളുണ്ടാകുന്നത് പാർട്ടി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇത് മുസ്‌ലിം വിഭാഗങ്ങളുടെ പ്രതീക്ഷകൾക്കൊത്തുയരാൻ മുസ്‌ലിം ലീഗിന് കഴിയുന്നില്ലെന്ന പൊതുബോധത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചിട്ടുള്ളത്. ഏറ്റവുമൊടുവിൽ, അയോധ്യയിലെ ക്ഷേത്രത്തിന്റെ നിർമിതിയുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സ്വീകരിക്കുന്ന നിലപാട് വലിയൊരു വിഭാഗം മുസ്‌ലിംകളുടെ വിശ്വാസപരമായ നിലപാടിന് വിരുദ്ധമാണെന്നതും ശ്രദ്ധേയമാണ്. സ്വന്തം രാഷ്ട്രീയ നിലപാടുകളും മതതേര മൂല്യങ്ങളുടെ നിലനിൽപും ഉയർത്തിക്കാട്ടി ഈ സങ്കീർണതയെ വിശദീകരിക്കാനാണ് പാർട്ടി നേതൃത്വം ശ്രമിക്കുന്നത്.
രാഷ്ട്രീയ പാർട്ടികളിൽ തലമുറ മാറ്റത്തിന് വേണ്ടിയുള്ള മുറവിളികൾ നടക്കുന്ന സമയം കൂടിയാണിത്. സി.പി.എമ്മിലും കോൺഗ്രസിലും പുതിയ തലമുറ പതിയെ മുന്നോട്ടു വന്നു കൊണ്ടിരിക്കുന്നുണ്ട്. മുസ്‌ലിം ലീഗിലാകട്ടെ, തലമുറ മാറ്റം മന്ദഗതിയിലാണെന്ന ആരോപണം ഏറെയായി നിലനിൽക്കുന്നു. സമസ്തയിലും തലമുറകളുടെ ആശയസംഘർഷം ഉടലെടുത്തുകൊണ്ടിരിക്കുന്നു. ആത്മീയ കാര്യങ്ങളിൽ മുതിർന്ന നേതാക്കളുടെ വാക്കുകൾ അവസാനത്തേതാകുമ്പോൾ രാഷ്ട്രീയ കാര്യങ്ങളിൽ വേറിട്ട ശബ്ദങ്ങൾ ഉടലെടുക്കുന്നത് സമസ്തയിൽ തന്നെ അസ്വസ്ഥത പുകയ്ക്കുന്നുണ്ട്. ഇതിന്റെ അനുരണനങ്ങൾ മുസ്‌ലിം ലീഗിലേക്കും പടരുന്നു.
പാണക്കാട് കുടുംബത്തിന് സമസ്തയിലും മുസ്‌ലിം ലീഗിലുമുള്ള പ്രാധാന്യം ഏറെക്കുറെ തുല്യമാണ്. സമസ്തയിലെ തലമുറകൾക്കിടയിൽ രൂപപ്പെട്ടുവരുന്ന രാഷ്ട്രീയാശയങ്ങളിലെ വിടവ് പാണക്കാട് കുടുംബത്തിലേക്കും വളരുന്നത് മുസ്‌ലിം ലീഗിനെ അസ്വസ്ഥമാക്കാൻ പോന്നതാണ്. മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാക്കളുടെ നിലപാടുകൾക്കെതിരെ പാണക്കാട് കുടുംബത്തിൽ നിന്ന് തന്നെ ഭിന്നസ്വരങ്ങൾ ഉയരുമ്പോൾ പാർട്ടി പ്രവർത്തകരിലും അത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു. മുസ്‌ലിം ലീഗ് മുൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്‌ലിം യൂത്ത് ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഈനലി തങ്ങളുടെ നിലപാടുകൾ മുസ്‌ലിം ലീഗിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അദ്ദേഹത്തിനെതിരെ ഇപ്പോൾ ഉയർന്ന വധഭീഷണി പോലീസ് കേസ് വരെയെത്തി നിൽക്കുകയാണ്. മുസ്‌ലിം ലീഗിൽ നിന്ന് പുറത്താക്കിയ കോഴിക്കോട് സ്വദേശിയാണ് വധഭീഷണിക്ക് പിന്നിലെന്ന് കണ്ടെത്തി. ഇയാൾക്ക് ലീഗിലെ പ്രധാന നേതാക്കളുമായി ബന്ധമുണ്ടെന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ നടക്കുന്നു. ലീഗ് നേതൃത്വത്തിലെ ചിലരുടെ നിലപാടുകളെ തിരുത്തുന്ന രീതിയിൽ മുന്നോട്ടു പോകുന്ന മുഈനലി തങ്ങൾക്ക് സമസ്തയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയുണ്ടെന്ന ആരോപണവും ഇതിനിടയിൽ ഉയരുന്നുണ്ട്. ലീഗിന്റെ ശത്രുക്കളും എരിതീയിൽ എണ്ണയൊഴിക്കാൻ പ്രവർത്തിക്കുന്നുണ്ടെന്നതും പരസ്യമാകുന്ന രഹസ്യമാണ്. ഇത്തരത്തിൽ സമസ്തയും ലീഗും പാണക്കാട് കുടുംബവും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന ഗാഢമായ ബന്ധത്തെ തളർത്തുന്ന രീതിയിലാണ് പുതിയ സംഭവ വികാസങ്ങൾ മുന്നോട്ടു പോകുന്നത്.
ഏറെ നിർണായകമായ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കേ, പാർട്ടിക്കും സമുദായത്തിനുമുള്ളിലെ ഇത്തരം ഭീഷണികൾക്ക് നേരെ കണ്ണടക്കാൻ മുസ്‌ലിം ലീഗിന് കഴിയില്ല. മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പൊതുപ്രശ്‌നങ്ങളിൽ പാർട്ടി എടുക്കുന്ന നിലപാടുകൾ പ്രവർത്തകർക്കും അഭ്യുദയകാംക്ഷികൾക്കും സ്വീകാര്യമാകുന്ന രീതിയിൽ വിശദീകരിക്കുന്നതിൽ പാർട്ടി ഇനിയും വിജയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നങ്ങളിൽ സംരക്ഷകരാകാൻ മുസ്‌ലിം ലീഗിന് കഴിയുമെന്ന വിശ്വാസം അവർക്കിടയിൽ ഉറപ്പാക്കേണ്ടതുണ്ട്. പുറത്തുള്ള ശത്രുക്കൾ വിരിക്കുന്ന വലയിൽ പാർട്ടിക്ക് അകത്തുള്ളവർ വീണാൽ ആ പരിക്ക് ഭേദപ്പെടുത്താൻ ഏറെ പ്രയത്‌നിക്കേണ്ടി വരും. എതിർപാർട്ടികളിൽ നിന്നുള്ള രാഷ്ട്രീയ തിരിച്ചടികളെ അതിജീവിച്ച ചരിത്രമുള്ള മുസ്‌ലിം ലീഗിന് പാർട്ടിക്കുള്ളിലെ അടിയൊഴുക്കുകളെ തടഞ്ഞു നിർത്താൻ തന്ത്രപരമായി തന്നെ നീങ്ങേണ്ടി വരും. കലക്കവെള്ളത്തിൽ മീൻ പിടിക്കാനായി കാത്തിരിക്കുന്നവർ ഏറെയുണ്ട്. നിലപാടുകളിലെ തെളിമ കൊണ്ടും ഉൾക്കൊള്ളലിന്റെ നയതന്ത്രം കൊണ്ടും മാത്രമേ അടിയൊഴുക്കുകളെ തടഞ്ഞ്, ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാൻ മുസ്‌ലിം ലീഗിന് കഴിയൂ.