നാം അതിജീവിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്ന ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പിനുള്ള മണി ഇന്നലെ ഉച്ചയോടെ മുഴങ്ങിക്കഴിഞ്ഞു. രാമരാജ്യം നിലവിൽ വന്നുവെന്ന് അവർ പറഞ്ഞതിന് അങ്ങനെ അർത്ഥങ്ങൾ ഒരുപാടുണ്ട്.
രാമരാജ്യം പിറന്നു എന്ന് ആർ.എസ്.എസ് സർ സംഘ് ചാലക് പ്രഖ്യാപിച്ചത് ബാലരാമ പ്രതിഷ്ഠയ്ക്ക് ശേഷമാണ്. പുതുരാമയുഗപ്പിറവി എന്നൊക്കെ അനുബന്ധ പ്രഘോഷണവുമുണ്ട്. എങ്കിലും രാജ്യത്തിന്റെ ഭാവി നിർണയിക്കുന്നത് ഇനിയുള്ള കാലത്ത് നാഗ്പൂരിലെ ബ്രാഹ്മണ ഗുരുക്കന്മാരായിരിക്കും. അവർ രാമദാസന്മാരായ ചക്രവർത്തിയെയും (രാഷ്ട്രപതി) മഹാരാജാക്കന്മാരെയും (പ്രധാനമന്ത്രി) രാജാക്കന്മാരെയും (മുഖ്യമന്ത്രിമാർ ) വെച്ച് ഇനി രാജ്യം ഭരിക്കും. ബ്രാഹ്മണനായ വസിഷ്ഠൻ പറയുന്നതത്രയും അക്കമിട്ടനുസരിച്ച് രാജ്യം ഭരിച്ച രാമനെ പോലെ അവർ നാഗ്പൂരിലെ ബ്രാഹ്മണരുടെ ഹിതമനുസരിച്ച് മാത്രം രാജ്യം ഭരിക്കും. ഗോക്കളെയും ബ്രാഹ്മണരെയും അവരുടെ പ്രത്യയശാസ്ത്രത്തെയും ജീവൻ കൊടുത്ത് സംരക്ഷിക്കുമെന്ന് അവർ തീയിൽ പൊള്ളിച്ച് ഹസ്ത പ്രതിജ്ഞ ചെയ്യും.
ജനാധിപത്യം അവരെ അവിടെ ഇരിക്കാൻ അനുവദിക്കുന്ന കാലം വരെ അവർ ജനാധിപത്യത്തെ തൊഴുത് കുമ്പിടുന്നതായി നടിക്കും. അവരുടെ ജനാധിപത്യം കോർപറേറ്റുകൾ നൽകുന്ന കോടാനുകോടി രൂപയുടെ സംഭാവനയിൽ രൂപപ്പെടുന്ന പരസ്യങ്ങളിലൂടെയാണ് നിലനിൽക്കുക. അവരുടെ ജനാധിപത്യം എം.എൽ.എ മാരെയും എം.പിമാരെയും മാധ്യമ മുതലാളിമാരെയും താരങ്ങളെയും വിലക്കെടുക്കുന്ന ജനാധിപത്യമായി തുടരും. അതൊക്കെ സാധ്യമാകുന്ന ജനാധിപത്യ കാലത്ത് അവർ പഴയ പാർലമെന്റും പഴയ ഇന്ത്യൻ പീനൽ കോഡും പഴയ ഇന്ത്യയുടെ പേരും പഴയ ഭരണഘടനയും പൊളിച്ചു മാറ്റും. ജനാധിപത്യം അവരെ തന്നെ വാഴിക്കുന്ന കാലം വരെ അവർ നമ്മളെ ജീവിക്കാൻ വിടും.
പിന്നെ അവർ നമ്മളെ തേടി വരും.
ദളിതരെ ...
മുസ്‌ലിംകളെ ...
പിന്നോക്കക്കാരെ ...
കമ്യൂണിസ്റ്റുകളെ ....
മതേതരവാദികളെ...
ഒടുവിൽ അവർക്കായി കുഴലൂത്ത് നടത്തിയ ചതിയന്മാരെ തേടി...
ക്രിസംഘികളെയും താരറാണിമാരെയും താര രാജാക്കന്മാരെയും തേടി....
ശൂദ്രരെ തേടി...
നഗര വധുക്കളെ തേടി
ദേവദാസികളെ തേടി...
ചെവിയിൽ ഉരുക്കി ഒഴിക്കേണ്ട ഈയം തൊട്ട്
കൈത്തോക്കും
ബോംബും
ഡിറ്റൻഷൻ സെന്ററുകളുമായി ...
അപ്പോൾ
നമുക്ക് വേണ്ടി സംസാരിക്കുവാൻ ആരുമുണ്ടാവില്ല. ജനാധിപത്യം നിശ്ശബ്ദമാക്കപ്പെട്ടിട്ടുണ്ടാവും. നമ്മളെല്ലാം അന്യരെ കീഴടക്കാനുള്ള സൈനിക യുദ്ധത്തിൽ മരിച്ചു മണ്ണടിഞ്ഞിട്ടുണ്ടാവും.
നാം അതിജീവിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്ന ഏറ്റവും ഒടുവിലത്തെ തെരഞ്ഞെടുപ്പിനുള്ള മണി ഇന്നലെ ഉച്ചയോടെ മുഴങ്ങിക്കഴിഞ്ഞു. രാമരാജ്യം നിലവിൽ വന്നുവെന്ന് അവർ പറഞ്ഞതിന് അങ്ങനെ അർത്ഥങ്ങൾ ഒരുപാടുണ്ട്.