ആലപ്പുഴ-എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാനെ ആര്‍എസ്എസ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇടതു സര്‍ക്കാര്‍ പക്ഷപാതരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആലപ്പുഴയില്‍ തൊട്ടടുത്ത ദിവസങ്ങളിലായി നടന്ന ഇരട്ട കൊലപാതകങ്ങളില്‍ മതവും ജാതിയും നോക്കി പക്ഷപാതവും വിവേചനവും സ്വീകരിക്കുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ സമീപനമാണോ സംസ്ഥാന സര്‍ക്കാരിനും ഉള്ളത് എന്ന് ഇടതുസര്‍ക്കാരും ആഭ്യന്തര വകുപ്പും മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ എസ് ഷാന്‍ കൊല്ലപ്പെട്ട ആദ്യ സംഭവത്തിലെ പ്രതികള്‍ക്കെല്ലാം സര്‍ക്കാര്‍ താല്‍പ്പര്യത്തില്‍ ജാമ്യം ലഭിച്ചു. ഈ കേസില്‍ രണ്ടു വര്‍ഷത്തിനു ശേഷം, അടുത്ത ദിവസമാണ് പബ്ലിക് പ്രോസിക്യൂട്ടറെ പോലും നിയമിച്ചത്. കേസ് നടപടികള്‍ തുടക്കം മുതല്‍ ഇഴഞ്ഞു നീങ്ങുന്നു. അതേസമയം രണ്ടാമതു നടന്ന സംഭവത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരിക്കുകയാണ്. കേസിലെ കുറ്റാരോപിതരെല്ലാം നാളിതുവരെ ജാമ്യം പോലും ലഭിക്കാതെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റിലാണ്. കേസ് നടപടികളിലുടനീളം പ്രകടമായ പക്ഷപാതിത്വവും വിവേചനവും തുടരുകയാണ്. സര്‍ക്കാരും ആഭ്യന്തര വകുപ്പും പോലീസും ഈ വിവേചനം കാണിക്കുന്നതില്‍ പങ്കാളികളാണ് എന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് രണ്ടാമത് നടന്ന സംഭവത്തിലെ വിധി പറയുന്നതിനായി കഴിഞ്ഞ ദിവസം കോടതി ചേര്‍ന്ന സമയത്ത് മാധ്യമങ്ങള്‍ക്കുള്‍പ്പെടെ പ്രവേശനം നിഷേധിക്കപ്പെട്ടപ്പോള്‍ ബിജെപി ജില്ലാ പ്രസിഡന്റിന് കൃത്യമായി ഇരിപ്പിടം ഉറപ്പിച്ചത്. ഇത് ആരാണെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം. കലാപങ്ങളിലൂടെ വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റംഗത്വം ഉറപ്പിക്കാമെന്ന ബിജെപിയുടെ താല്‍പ്പര്യം നടപ്പിലാക്കാനുള്ള ആര്‍എസ്എസ് ശ്രമങ്ങളെ ഇടതു സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നത്.