- കിടപ്പുരോഗിയായ മകൾക്കും പെൻഷൻ കുടിശ്ശിക
- ജീവിക്കാൻ സാധിക്കാത്തത്ര ജോസഫിന് ദാരിദ്ര്യമുണ്ടായിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്
കോഴിക്കോട് - കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയിൽ ഭിന്നശേഷിക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതുകാട് വളയത്തു ജോസഫിനെ(77)യാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പെൻഷൻ മുടങ്ങിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ജോസഫിന് വികലാംഗ പെൻഷൻ കിട്ടാതായിട്ട് മാസങ്ങളായി. പെൻഷൻ മുടങ്ങിയെന്നും ആത്മഹത്യ ചെയ്യുമെന്നും കാണിച്ച് നേരത്തെ ഇദ്ദേഹം പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതായും പറയുന്നു. ജോസഫിന്റെ മകൾ കിടപ്പുരോഗിയാണ്. ഇവർക്കും മാസങ്ങളായി പെൻഷൻ കിട്ടുന്നില്ല.
എന്നാൽ, പെൻഷൻ കിട്ടാത്തതിനാലാണ് ജോസഫ് തൂങ്ങിമരിച്ചതെന്ന് പറയാനാകില്ലെന്നും ഇതിനു മുമ്പ് ജോസഫ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നുവെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ജീവിക്കാൻ സാധിക്കാത്ത നിലയിൽ ജോസഫിന് ദാരിദ്ര്യമുണ്ടായിരുന്നില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചത്.