ആലപ്പുഴ- ചെങ്ങന്നൂർ വെൺമണിയിൽ വീട് കുത്തിത്തുറന്ന് ഭാര്യയുടെ സ്വർണവും പണവും കവർന്ന ഭർത്താവ് പിടിയിൽ. വെണ്മണി പഞ്ചായത്ത് 9ാംവാർഡ് ബിനോയ് ഭവനത്തിൽ മിനിയുടെ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന കേസിലാണ്ഭർത്താവ് ഇടിക്കുള വർഗ്ഗീസിനെ (ബെഞ്ചമിൻ54) പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് മോഷണം നടന്നത്. കിടപ്പുമുറിയുടെ വാതിൽ വെട്ടിപ്പൊളിച്ച് അകത്തുകടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് മാലയും ഒരു മോതിരവും അഞ്ച് വളയും ഉൾപ്പെടെ 11 പവനോളം സ്വർണാഭരണങ്ങളും അയ്യായിരത്തോളം രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഇയാൾ രണ്ട് വർഷത്തോളമായി വീട്ടിൽ നിന്നും മാറിത്താമസിക്കുകയാണ്. ഭാര്യ രാത്രി ജോലിക്ക് പോയിരുന്ന സമയത്താണ് മോഷണം നടത്തിയത്. കൃത്യത്തിനുശേഷം പ്രതി തിരുവനന്തപുരം, പന്തളം എന്നിവിടങ്ങളിൽ കഴിഞ്ഞുവരികയായിരുന്നു. പന്തളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. വെണ്മണി എസ്.ഐമാരായ ബി.ജെ ആന്റണി, എ. അരുൺകുമാർ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്, റഹീം, അനുരൂപ്, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ, ജയരാജ്, ഫ്രാൻസിസ് സേവ്യർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.