ജിദ്ദ - അധ്യാപിക അടിക്കുന്നതായി സ്വപ്‌നം കണ്ട വിദ്യാർഥിനി അധ്യാപികക്കെതിരെ പരാതി നൽകിയത് വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരെ വട്ടംകറക്കി. ദക്ഷിണ സൗദിയിലെ സ്‌കൂളിലാണ് സംഭവം. ക്ലാസിൽ വെച്ച് അധ്യാപിക അടിച്ചെന്ന പരാതി ഓൺലൈൻ ആയി ലഭിച്ചതോടെ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പ്രത്യേക അന്വേഷണ കമ്മിറ്റി സ്‌കൂളിലെത്തി അധ്യാപികയെ ചോദ്യം ചെയ്തപ്പോഴാണ് കാര്യം വ്യക്തമായത്.
അധ്യാപിക അടിക്കുന്നതായി സ്വപ്‌നം കണ്ട വിദ്യാർഥിനി, അധ്യാപിക തന്നെ അടിച്ചതായി കുടുംബത്തെയാണ് ആദ്യം അറിയിച്ചത്. ഉടൻ തന്നെ ഇതേ കുറിച്ച് കുടുബം വിദ്യാഭ്യാസ വകുപ്പിന് ഓൺലൈൻ വഴി പരാതി നൽകി. ഇതോടെ സംഭവത്തിൽ അന്വേഷണം നടത്തി അധ്യാപികക്കെതിരെ നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള പ്രത്യേക കമ്മിറ്റി സ്‌കൂളിലെത്തി. അധ്യാപികയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് ഇത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും വിദ്യാർഥിനി സ്വപ്‌നം കണ്ടതാണെന്നും വ്യക്തമായത്. ഇതോടെ അധികൃതർ പരാതി ക്ലോസ് ചെയ്യുകയായിരുന്നു.
നിരവധി പരാതികൾ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുകയാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഇത്തരം പരാതികളിൽ അന്വേഷണം നടത്തി ക്ലോസ് ചെയ്യാൻ ഏറെ സമയമെടുക്കുകയാണ്. ഭൂരിഭാഗം പരാതികളും നിസാരമായിരിക്കും. എന്നിരുന്നാലും മാതാപിതാക്കൾ അവ അതിശയോക്തിപരമായി ഉയർത്തുകയാണ് ചെയ്യുകയെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
സൗദിയിലുള്ള ഭര്‍ത്താവ് ഏര്‍പ്പെടുത്തിയ വാടക കൊലയാളികള്‍ യുവതിയെ കൊലപ്പെടുത്തി; നാലു പേര്‍ അറസ്റ്റില്‍