ജിദ്ദ- സൗദി യോഗാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് യോഗാ ചാമ്പ്യന്‍ഷിപ്പ് മല്‍സരങ്ങള്‍ ഈ മാസം 27 ന് ശനിയാഴ്ച മക്ക അല്‍ വഹ്ദാ ക്ലബ്ബില്‍ നടക്കും. മക്കയില്‍ ഇതാദ്യമായാണ് യോഗാ മല്‍സരങ്ങളുടെ അരങ്ങേറ്റം.
മിശേല്‍ അക്രം അബ്ദുല്‍ റഷീദ്
പ്രത്യേക പരിശീലനം സിദ്ധിച്ച അധ്യാപകരുടെ കീഴില്‍ ശിക്ഷണം പൂര്‍ത്തിയാക്കിയ സൗദികളും അല്ലാത്തവരുമായ സ്ത്രീ പുരുഷന്മാര്‍ മാറ്റുരയ്ക്കുന്നതായിരിക്കും മല്‍സരമെന്ന് സൗദി യോഗാ കമ്മിറ്റി പ്രസിഡന്റും അറബ് യോഗാ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ പത്മശ്രീ നൗഫ് അല്‍ മര്‍വായ് മലയാളം ന്യൂസിനോട് പറഞ്ഞു. യോഗാഭ്യാസത്തിന് സൗദിയില്‍ വ്യാപകമായ പ്രചാരം നല്‍കിയതിന്റെ ആദരസൂചകമായാണ് 2018 ല്‍ നൗഫ് മര്‍വായിയെ ഇന്ത്യാ ഗവണ്‍മെന്റ് പത്മശ്രീ ബഹുമതി നല്‍കി ആദരിച്ചത്. ഇന്ത്യന്‍ പൗരത്വമില്ലാത്ത ഒരാള്‍ക്ക് ആദ്യമായി ലഭിച്ച ആദരം കൂടിയായിരുന്നു ഇത്. നൗഫിന്റെ പാത പിന്‍പറ്റി ഈ രംഗത്തേക്ക് വന്ന മിശേല്‍ അക്രം അബ്ദുല്‍ റഷീദ് മൗണ്ട് എവറസ്റ്റ് യോഗാ മല്‍സരത്തിലെ ചാമ്പ്യനും സൗദിയിലെ ആദ്യത്തെ വനിതാ യോഗാ മല്‍സര റഫറിയുമാണ്. മിശേലും ശനിയാഴ്ച മക്കയിലെത്തുന്നുണ്ട്.
നൗഫ് അല്‍ മര്‍വായ്
സൗദി സ്‌പോര്‍ട്‌സ് മന്ത്രാലയ ഡയരക്ടര്‍ ഒമര്‍ അല്‍ മദനി, മക്കയിലെ നിര്‍ദിഷ്ട യോഗാ ചാമ്പ്യന്‍ഷിപ്പിന് നല്‍കിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നറിയിച്ച നൗഫ് അല്‍ മര്‍വായ്, ആതിഥേയരായ മക്ക അല്‍ വഹ്ദാ ക്ലബ്ബിനേയും കൃതജ്ഞത അറിയിച്ചു. റോയല്‍ അല്‍ശര്‍ഖ് ജ്വല്ലറി സ്‌പോണ്‍സര്‍ ചെയ്ത 24 ക്യാരറ്റ് സ്വര്‍ണം പതിച്ച വെള്ളിപ്പതക്കങ്ങളാണ് യോഗാഭ്യാസ പ്രകടനത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് നല്‍കുക. മറ്റു കായികമല്‍സരങ്ങളോടൊപ്പം യോഗയ്ക്കും വിപുലമായ പ്രചാരം സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നല്‍കുകയെന്നതിന്റെ അടിസ്ഥാനത്തിലാണ് ചാമ്പ്യന്‍ഷിപ്പ് മല്‍സരമെന്നും നൗഫ് മര്‍വായ് പറഞ്ഞു.