ലക്ഷദ്വീലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ സന്ദർശനം മികച്ച വാർത്താ പ്രാധാന്യം നേടി. ഇതിന്റെ ഫലമായി ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാന ടൂറിസം ഡെസ്റ്റിനേഷനായ മാലദ്വീപിന് കാലിടറുകയാണ്. ലക്ഷദ്വീപിന് മുമ്പിൽ മികച്ച സാധ്യതയാണ് ഈ സാഹചര്യം സൃഷ്ടിച്ചിട്ടുള്ളത്.
മാലദ്വീപിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി നിരവധി സെലിബ്രിറ്റികളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാരും രംഗത്തെത്തി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര പറഞ്ഞതിങ്ങനെ- 'ഇന്ത്യ ഔട്ട്'' അവരുടെ പ്രകടനപത്രികയുടെ ഭാഗമായിരുന്നു. മാലദ്വീപ് അതിന് വോട്ട് ചെയ്തു. ഇനി, വിവേകത്തോടെ തെരഞ്ഞെടുക്കേണ്ടത് ഇന്ത്യക്കാരായ നമ്മളാണ്. എന്റെ കുടുംബം അത് ചെയ്യുമെന്ന് എനിക്കറിയാം. ജയ് ഹിന്ദ്, ആകാശ് ചോപ്ര എക്‌സിൽ കുറിച്ചു.
നരേന്ദ്ര മോഡി സമീപകാലത്ത് നടത്തിയ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ചിത്രങ്ങൾ സഹിതമാണ് കാമ്പയിൻ. മാലദ്വീപ് മന്ത്രിയുടെ അഭിപ്രായങ്ങളുടെ പശ്ചാത്തലത്തിൽ മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കാൻ ഇൻഫ്‌ളുവൻസർ സോനം മഹാജനും ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു. 'പ്രിയപ്പെട്ട ഇന്ത്യക്കാരേ, ഇന്ത്യക്കാരെ പുറത്താക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുന്ന മാലദ്വീപ് മന്ത്രിമാർ പറയുന്നത് ദയവായി ശ്രദ്ധിക്കുക. എത്രയും വേഗം മാലദ്വീപിലേക്കുള്ള നിങ്ങളുടെ യാത്രാ പദ്ധതികൾ റദ്ദാക്കുക. ആളുകൾ നിങ്ങളെ വെറുക്കുന്ന ഒരു രാജ്യത്തേക്ക് പോകാൻ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? ലക്ഷദ്വീപ് നിങ്ങളെ കാത്തിരിക്കുന്നു,' -മഹാജൻ എഴുതി. മാലദ്വീപിന് പകരം ഇന്ത്യയുടെ തന്നെ മനോഹരമായ പ്രദേശമായ ലക്ഷദ്വീപിലേക്ക് പോകണമെന്നും പലരും ആവശ്യപ്പെടുന്നു. ലക്ഷദ്വീപിൽ മോഡി നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ലക്ഷദ്വീപിലെ മനോഹരമായ ബീച്ചുകൾ സന്ദർശിക്കുകയും അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കുകയും ചെയ്തിരുന്നു. കടലിൽ സ്നോർക്കെൽ ചെയ്യുന്ന മോഡിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും എക്സിൽ ഏറ്റവും വലിയ ട്രെൻഡിങായി മാറുകയും ചെയ്തു.
മോഡിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ നിരവധി ഫോട്ടോകളും വീഡിയോകളും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി സ്നോർക്കെല്ലിംഗ് നടത്തുന്നതിടെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വലിയ രീതിയിൽ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപ് മാലദ്വീപിന് ബദലാണെന്ന് ഉൾപ്പെടെ പലരും അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ആഡംബര റിസോർട്ടുകളാൽ സമ്പന്നമായ നൂറിലധികം ദ്വീപുകളുള്ള മാലദ്വീപിലേക്ക് നിശ്ചയിച്ച യാത്ര റദ്ദാക്കിയതായി നിരവധി ഇന്ത്യക്കാർ സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിലെ ഒരു മന്ത്രിയുൾപ്പെടെ പ്രമുഖ മാലദ്വീപ് വ്യക്തിത്വങ്ങൾ എക്സിൽ ഇന്ത്യ വിരുദ്ധ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാലദ്വീപും അവിടുത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്ത്യക്കാർ ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ഓൺലൈൻ കാമ്പയിൻ തുടങ്ങിയത്. മാലദ്വീപ് മന്ത്രി മറിയം ഷിയൂന മോഡിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിക്കുകയും തങ്ങളുടെ രാജ്യം സന്ദർശിക്കാൻ വിനോദസഞ്ചാരികളെ ക്ഷണിക്കുകയും ചെയ്തു. മോഡിയെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റ് പിന്നീട് മാലദ്വീപ് മന്ത്രി നീക്കം ചെയ്യുകയും ചെയ്തു.
ദ്വീപിലെ ടൂറിസം സാധ്യത കേന്ദ്ര സർക്കാർ നേരത്തെ തിരിച്ചറിഞ്ഞതാണ്. വെറുതെയല്ല, രാജീവ് ഗാന്ധി ദ്വീപ് ജനതയുടെ ഏറ്റവും പ്രിയങ്കരനായ പ്രധാനമന്ത്രിയായി മാറിയത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ലക്ഷദ്വീപ് സന്ദർശിക്കുകയും ദിവസങ്ങളോളം അവിടെ ചെലവഴിക്കുകയും ചെയ്തതിന്റെ ഫലമായിട്ടാണ് അഗത്തിയിലെ എയർ പോർട്ടും ബഗാരം ദ്വീപിലെ ഇപ്പോഴത്തെ ട്യൂറിസം അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായത്. അതിനു ശേഷം അവിടം വിദേശികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി മാറിയിരിക്കുന്നു. രാജീവ് ഗാന്ധിയുടെ അന്നത്തെ സന്ദർശനവും പുരോഗമന പ്രവർത്തനങ്ങളും ഇന്നത്തെ പോലെ പ്രചരിക്കാതെ പോയത് സോഷ്യൽ മീഡിയ സജീവമല്ലാത്ത സാഹചര്യമായതിനാലാണ്. ദൂരദർശൻ ഒഴികെ ദൃശ്യ മാധ്യമങ്ങൾ തീരെ ഇല്ലാതിരുന്ന കാലമായിരുന്നു അത്.
മോഡിയുടെ സന്ദർശനം കൊണ്ട് അവിടത്തെ ടൂറിസത്തിന് മുന്നേറ്റം ഉണ്ടാവും എന്ന് പറയുമ്പോൾ അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ തീരെ കുറവാണിപ്പോഴെന്ന വസ്തുത കണക്കിലെടുക്കണം. വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ 70 ശതമാനം കുറവാണിത്. നിരവധി കപ്പലുകൾ ഉണ്ടെങ്കിലും നിലവിൽ ഓടുന്നത് രണ്ടോ മൂന്നോ കപ്പലുകൾ മാത്രം. ലക്ഷദ്വീലെ ജനങ്ങൾ തന്നെ ടിക്കറ്റ് ലഭിക്കാതെ നെട്ടോട്ടം ഓടുമ്പോൾ വിനോദസഞ്ചാരികൾക്ക് എങ്ങ നെ ടിക്കറ്റ് ലഭിക്കും? ഒരേയൊരു പ്ലെയിൻ സർവീസ് ആണ് ലക്ഷദ്വീലേക്ക് ഉള്ളത്. അതിന്റെ ടിക്കറ്റ് രണ്ടുമൂന്നു മാസം വരെ മുഴുവൻ ബുക്കിംഗാണ്. ഇപ്പോൾ ദിവസം രണ്ട് ഫ്‌ളൈറ്റാക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റ് ചാർജ് ഇരട്ടിയാക്കി ഉയർത്തി. ഇക്കാരണങ്ങളാൽ അവിടത്തെ ജനങ്ങളും ട്യറിസം ഓപറേറ്റർമാരും വൻ പ്രതിസന്ധിയിലാണ്. ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റ് വിനോദ സഞ്ചാരികൾക്ക് ലഭിക്കണമെങ്കിൽ ആദ്യം അവിടേക്ക് പ്രവേശന അനുമതി ലഭിക്കണം. അനുമതി ലഭിക്കണമെങ്കിൽ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കണം. ഇതിനൊക്കെ ചാർജും ഉണ്ട്. ഇതല്ലാം ശരിയാക്കിയാലും കപ്പൽ ടിക്കറ്റ് ലഭിക്കില്ല. എന്നാൽ പ്രവേശന അനുമതിയുടെ കാലാവധി കഴിയും. ടൂറിസം മേഖല സങ്കീർണതകളെ അഭിമുഖീകരിക്കുകയാണ്. അതിൽ നിന്നും മോചനം ലഭിക്കാനും പ്രധാനമന്ത്രിയുടെ സന്ദർശനം ലക്ഷദ്വീപിന് ഗുണകരമായെന്ന് പറയാനും ചുരുങ്ങിയത് മുൻകാലത്തുള്ള അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കേണ്ടതുണ്ട്.