Sorry, you need to enable JavaScript to visit this website.

വരൂ, സൗദിയിലെ അത്ഭുത ഗുഹ കാണാം

ടൂറിസം മേഖലക്ക് പ്രധാന്യം നൽകാനുള്ള വിഷ്വൻ 2030 പദ്ധതിയോടെ രാജ്യത്തെങ്ങുമുള്ള ഉറങ്ങിക്കിടക്കുന്ന ചരിത്ര പ്രധാന സ്ഥലങ്ങളെല്ലാം ഉയിർത്തെഴുന്നേൽക്കുകയാണ്. ടൂറിസ്റ്റുകളെ ആകർഷിക്കുന്ന പ്രകൃതി ദത്ത വനപ്രദേശങ്ങളും ശിലാലിഖിതങ്ങളുമെല്ലാം ദിനപ്രതിയെന്നോണം മാധ്യമ ശ്രദ്ധയാകർഷിക്കുന്നു. ഖൈബർ പ്രവിശ്യയിലെ അബുൽ ഉവൈൽ ഗുഹയാണ് ഏറ്റവുമൊടുവിൽ പുറത്തു വന്നിരിക്കുന്ന ഇത്തരത്തിലുള്ള പ്രദേശം. മദീനയുടെ വടക്കുകിഴക്ക് അഗ്‌നിപർവ്വ പ്രദേശമായിരുന്ന ഖൈബർ പർവതനിരകളിലാണ് അബുൽ ഉവൈൽ ഗുഹ സ്ഥിതി ചെയ്യുന്നത്. 
രാജ്യത്തെ ഏറ്റവും നീളമേറിയ ഗുഹയായി അബുൽ ഉവൈൽ ഗുഹയെ രേഖപ്പെടുത്തുന്നതായി സൗദി ജിയോളജിക്കൽ സർവേ അറിയിച്ചതോടെയാണ് ഇവിടേക്കുള്ള ടൂറിസത്തെകുറിച്ചും ചർച്ചകളാരംഭിച്ചത്. ജിയോളജിക്കൽ സർവേ അതോറിറ്റിയിൽ നിന്നുള്ള പ്രത്യേക സംഘം അഞ്ച് കിലോമീറ്റർ നീളമുള്ള രാജ്യത്തെ ഏറ്റവും നീളം കൂടിയ ബസാൾട്ട് ഗുഹയായി ഇതിനെ രേഖപ്പെടുത്തിയിരിക്കുകയാണെന്ന് സർവേ ഔദ്യോഗിക വക്താവ് താരിഖ് അബ അൽ-ഖൈൽ പറഞ്ഞു. ചരിത്ര രഹസ്യങ്ങളുറങ്ങുന്ന നിരവധി ഗുഹകളാണ് ഖൈബർ പർവ്വത നിരകളിലുള്ളത്. ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇവയെ കുറിച്ചെല്ലാം വിശദമായ ശാസ്ത്രീയ പഠനത്തിനൊരുങ്ങുകയാണ് സൗദി ജിയോളജിക്കൽ സർവ്വേ വിഭാഗം.ഉമ്മു ഹാഷി ഗുഹ, മാകിർ അൽ-ഷയാഹിൻ, മാകിർ അൽ സുഖൂർ  എന്നിവയുൾപടെ നിരവധി പ്രകൃതി ദത്ത ഗുഹകൾ ഇവകളിലുണ്ട്.


ഖൈബർ മേഖലയിൽ മൂന്നു അപൂർവ അഗ്‌നിപർവ്വതങ്ങളാണുള്ളത്. ജബൽ അൽ-ബൈദ, ജബൽ അൽ-അബ്യാദ്, ജബൽ അൽ-മൻസഫ്, അറേബ്യൻ ഉപദ്വീപിലെ തന്നെ അപൂർവവും സമാനതകളിലല്ലാത്തതുമായ അഗ്‌നിപർവ്വത പാറകളാണിവയെല്ലാം. രണ്ടായിരം വർഷം മുമ്പ് സജീവമായിരുന്ന ഈ അഗ്നി പർവ്വത നാമ്പുകളെല്ലാം ഇപ്പോൾ ഉറങ്ങിക്കിടക്കുകയാണ്. മാറിയ സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള പര്യവേക്ഷകർ, ഗവേഷകർ, വിനോദസഞ്ചാരികൾ എന്നിവരുടെയെല്ലാം ലക്ഷ്യസ്ഥാനമായി ഇവ മാറിയിരിക്കുകയുമാണ്. ഏകദേശം 21.500 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഖൈബർ ഫ്രീ സോൺ രാജ്യത്തെ ഏറ്റവും വലിയ ഫ്രീ സോണായാണ്  കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ആകെ ഫ്രീ സോണുകൾ ഏകദേശം 89.700 കിലോമീറ്ററാണ്. രാജ്യത്തിന്റെ ആകെ വിസ്തൃതിയുടെ 4.6% ശതമാനം വരുമിത്. അറബ് രാജ്യങ്ങളിൽ  ഫ്രീ സോണുകളുടെ എണ്ണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് സൗദി അറേബ്യയാണെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം ടൂറിസം രംഗത്തു രാജ്യത്തിന് വൻ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 400 മീറ്റർ ഉയരമുള്ള 'ജബൽ അൽ-ഖദ്ർ', രാജ്യത്തെ ഏറ്റവും വലിയ അഗ്‌നിപർവ്വത മേഖലകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ചുരുങ്ങിയത് 1,000 വർഷം മുമ്പെങ്കിലുമാണ് അവസാനമായി രാജ്യത്ത് അഗ്നി പർവ്വത സ്‌ഫോടനം നടന്നത്. യുനെസ്‌കോയുടെയും അന്താരാഷ്ട്ര ജിയോളജിക്കൽ ഓർഗനൈസേഷന്റെയും വിലയിരുത്തലനുസരിച്ച് ലോകത്തെ തന്നെ ഏറ്റവും സുന്ദരമായ ജിയോളജിക്കൽ ഏരിയകളുള്ള പ്രദേശമായാണ് ഈ പർവ്വത നിരകളെ വിലയിരുത്തുന്നത്.
പടം
 

Latest News