കല്‍പറ്റ-രണ്ടുദിവസമായി വയനാട്ടില്‍ ജനവാസകേന്ദ്രങ്ങളില്‍ ചുറ്റിത്തിരിയുന്ന കരടിയെ പിടികൂടുന്നതിന്റെ ഭാഗമായി വനസേന വെള്ളമുണ്ടയ്ക്കടുത്തു തരുവണ കരിങ്ങാരിയില്‍ തെരച്ചില്‍ തുടങ്ങി. പാടത്തുകൂടി കരടി ഓടുന്നതു കണ്ടുവെന്നു നാട്ടുകാര്‍ അറിയിച്ചതിനുസരിച്ചാണ് വനസേന കരിങ്ങാരിയില്‍ എത്തിയത്. പാലിയാണയില്‍ കരടി പാടം മുറിച്ചുകടക്കുന്ന ദൃശ്യം പ്രദേശവാസി പകര്‍ത്തിയത് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഞായറാഴ്ച രാത്രി മാനന്തവാടിക്കു സമീപം വള്ളിയൂര്‍കാവിലാണ് കരടിയുടെ സാന്നിധ്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെനിന്നു അഞ്ച് കിലോമീറ്റര്‍ അകലെ തോണിച്ചാലില്‍ തിങ്കളാഴ്ച രാവിലെ കരടി എത്തി. വള്ളിയൂര്‍കാവിലും തോണിച്ചാലിലും കരടിയുടെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ പീച്ചങ്കോടിലെത്തിയ കരടി ക്വാറി റോഡിലെ രാജീവന്റെ വീട്ടില്‍ കയറി. അടുക്കളയില്‍നിന്നു എടുത്ത വെളിച്ചെണ്ണ നിറച്ച പ്ലാസ്റ്റിക് കുപ്പി പുറത്തെ കല്ലില്‍ അടിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ടുണര്‍ന്ന വീട്ടുകാര്‍ ഈ രംഗം കണ്ട് ഒച്ചയിട്ടതോടെ കരടി ഇരുളില്‍ മറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കരിങ്ങാരിയില്‍ കരടിയെ കണ്ടത്.