കോട്ടയം - രാജ്യത്ത് ക്രൈസ്തവര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളും മതപരിവര്‍ത്തന നിരോധ നിയമത്തിന്റെ പേരില്‍ നടക്കുന്ന വേട്ടയാടലുകളും എണ്ണി പറഞ്ഞ് കത്തോലിക്ക സഭ മുഖപത്രം ദീപിക. 'വിവേചിക്കാന്‍ ക്രൈസ്തവര്‍ക്കറിയാം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് മറ്റ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവരെ ദ്രോഹിക്കുന്നവര്‍ കേരളത്തില്‍ രക്ഷകരായി എത്തുന്നത് മനസിലാക്കാനുളള തിരിച്ചറിവ് ന്യൂനപക്ഷങ്ങള്‍ക്കുണ്ടെന്ന് പറയുന്നത്. തലോടുമ്പോഴും തല്ലിയ കൈകളെ തിരിച്ചറിയാന്‍ കഴിയുമെന്നും ദീപിക വ്യക്തമാക്കുന്നു.
സന്യാസവസ്ത്രം ധരിച്ച ക്രൈസ്തവന് ഒരു പെണ്‍കുട്ടിക്കൊപ്പം യാത്രചെയ്യണമെങ്കില്‍ വര്‍ഗീയവാദികളുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്ന സ്ഥിതിയാണ്. വര്‍ഗീയവാദികള്‍ക്ക് കൂട്ടുനില്‍ക്കുകയും കള്ളക്കേസുകള്‍ ഉണ്ടാക്കുകയുമാണ് പോലീസ് ചെയ്യുന്നത്. ദൈവനാമം വിളിച്ച് ഹിംസക്കു കോപ്പുകൂട്ടുന്നവര്‍ ഭരണകൂടത്തിന്റെ ഒത്താശയുള്ളതുകൊണ്ടാണ് ക്രൈസ്തവര്‍ ക്രൈസ്തവരാജ്യങ്ങളിലേക്കു പൊയ്ക്കൊള്ളണം എന്ന് അട്ടഹസിക്കുന്നത്. ഒരു കൈയാല്‍ തല്ലും മറുകൈയാല്‍ തലോടലും നടത്തുന്നവര്‍ എന്നെങ്കിലുമൊരിക്കല്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ അതു തലോടുന്ന കൈ ആയിരിക്കുമെന്ന ആശങ്ക മറച്ചുവെക്കുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു.
1999 ജനുവരി 22ന് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനോടെ കത്തിച്ചത് ക്രിസ്ത്യാനികളായതുകൊണ്ടു മാത്രമാണ്. രാജ്യപുരോഗതിയുടെ സകല മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ ഏതുവിധത്തിലാണ് സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ളതെന്ന് ഭരണകൂടം വ്യക്തമാക്കണം.
മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം:
രാജ്യപുരോഗതിയുടെ സകല മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ ഏതുവിധത്തിലാണ് ഈ രാജ്യത്തിന്റെ ആഭ്യന്തരമോ വൈദേശികമോ ആയ സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ളത്. മതേതര ഇന്ത്യയില്‍ ക്രിസ്ത്യാനിയായി ജനിച്ചതിന്റെ പേരില്‍ മാത്രം ആക്രമണങ്ങള്‍ക്കിരയാകുകയും കൊല്ലപ്പെടുകയും ചെയ്ത നിസഹായരായ മനുഷ്യരുടെ ഓര്‍മയിലാണ് ഈ മുഖപ്രസംഗം.
'നിര്‍ബന്ധിത മതപരിവര്‍ത്തനം'എന്ന പച്ചനുണ പലതവണ ആവര്‍ത്തിച്ചു നടത്തിയ പൊതുബോധ പ്രക്ഷാളനത്തിന്റെ പതിറ്റാണ്ടുകള്‍ക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ ഒരു ശതമാനംപോലും വര്‍ധിച്ചിട്ടില്ലെന്നതും ചേര്‍ത്തുവായിക്കണം. ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയും നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചു ചുട്ടുകൊന്നിട്ട് 25 വര്‍ഷമായി. പിന്നീട് എത്രയോ ക്രൈസ്തവരെ ആക്രമിക്കാനും കൊന്നൊടുക്കാനും അതേ തന്ത്രം ഉപയോഗിച്ചു.
അത്തരം സംഘങ്ങളെ നിലയ്ക്കുനിര്‍ത്തേണ്ട സര്‍ക്കാരുകള്‍ കുറ്റകരമായ നിശബ്ദത പാലിക്കുന്നതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉത്തരേന്ത്യയിലുള്‍പ്പെടെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവരെ ദ്രോഹിക്കുന്ന സംഘടനകളുടെ ഭാഗമായിരിക്കുകയും നിശബ്ദരായിരിക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍ രക്ഷകരായെത്തുന്‌പോള്‍ തിരിച്ചറിയാനുള്ള സാക്ഷരത ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. തലോടുന്‌പോഴും തിരിച്ചറിയാനാകും തല്ലിയ കൈകളെ.
ഒരു ക്ഷുദ്രജീവിയെ കൊല്ലേണ്ടിവന്നാല്‍പോലും മനസു തകരുന്നവരുടെ രാജ്യത്താണ് 1999 ജനുവരി 23നു പുലര്‍ച്ചെ ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ജീവനൊടെ കത്തിച്ചത്. ഉറങ്ങിക്കിടന്നിരുന്ന രണ്ടു കുഞ്ഞുങ്ങളുടെ മരണപ്പിടച്ചില്‍പോലും കൊലയാളികളുടെ മനസു മാറ്റിയില്ല. തീപിടിച്ച ദേഹവുമായി കത്തുന്ന ജീപ്പില്‍നിന്നു പുറത്തിറങ്ങാന്‍ ശ്രമിച്ച ഏഴുവയസുകാരനായ തിമോത്തിയെയും 10 വയസുകാരനായ ഫിലിപ്പിനെയും ഹിന്ദു വര്‍ഗീയവാദിയായ ദാരാസിംഗും കൂട്ടരും മാരകായുധങ്ങള്‍കൊണ്ട് ആക്രമിച്ച് വീണ്ടും തീയിലേക്കിട്ടു. 50 പേരടങ്ങുന്ന ആ സംഘത്തില്‍ എത്രയോ പേര്‍ ഈ മഹാപാതകത്തിനുശേഷം വീട്ടിലെത്തി അതേ പ്രായത്തിലുള്ള മക്കളെ കെട്ടിപ്പിടിച്ച് ഉറങ്ങിയിട്ടുണ്ടാകും മതവര്‍ഗീയതയ്ക്കല്ലാതെ മറ്റെന്തിനെങ്കിലും മനുഷ്യരെ ഈ വിധം കഠിനഹൃദയരും കുറ്റവാളികളുമാക്കി മാറ്റാനാകുമോ ക്രിസ്ത്യാനികളായതുകൊണ്ടു മാത്രമാണ് ഗ്രഹാം സ്റ്റെയിന്‍സും മക്കളും നിഷ്ഠുരമായി കൊല്ലപ്പെട്ടത്.
ക്രിസ്ത്യാനിയായതുകൊണ്ടുമാത്രമാണ് തന്റെ ഭര്‍ത്താവിനെയും മക്കളെയും കൊന്നവരോടു ക്ഷമിക്കുന്നതെന്നും ആരോടും പകയില്ലെന്നുമാണ് ഗ്രഹാം സ്റ്റെയിന്‍സിന്റെ ഭാര്യ ഗ്ലാഡിസ് പറഞ്ഞത്. രാജ്യപുരോഗതിയുടെ സകല മേഖലകളിലും മികച്ച സംഭാവനകള്‍ നല്‍കിയിട്ടുള്ള ക്രൈസ്തവര്‍ ഏതുവിധത്തിലാണ് ഈ രാജ്യത്തിന്റെ ആഭ്യന്തരമോ വൈദേശികമോ ആയ സുരക്ഷയ്ക്കു ഭീഷണിയായിട്ടുള്ളത് ഇത്രയേറെ ആക്രമണങ്ങള്‍ക്കിരയായിട്ടും ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാല്‍ അഹിംസയുടെയും ക്ഷമയുടെയും പാതയുപേക്ഷിക്കാതെയും ജാതി-മതഭേദമെന്യേ സകല മനുഷ്യര്‍ക്കുമുള്ള, ആതുരശുശ്രൂഷാ സേവനങ്ങള്‍ തുടരുകയും ചെയ്യുന്ന ക്രൈസ്തവര്‍ ആരുടെ സമാധാനജീവിതത്തിനാണ് ഭംഗമുണ്ടാക്കിയിട്ടുള്ളത് ഉന്നതനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിച്ചു പുറത്തിറങ്ങിയിട്ടുള്ള, ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലെ നേതാക്കള്‍ ഉത്തരം നല്‍കേണ്ടതല്ലേ 1951ല്‍ ഇന്ത്യയിലെ ക്രൈസ്തവരുടെ ജനസംഖ്യ രണ്ടു ശതമാനമായിരുന്നു. 61ല്‍ 2.44 ശതമാനമായി. പിന്നീട് അര നൂറ്റാണ്ടു പിന്നിട്ട് 2011ല്‍ ഒടുവിലെടുത്ത സെന്‍സസില്‍ അത് 2.34 ശതമാനമായി കുറഞ്ഞു. അതായത്, വളര്‍ച്ചയല്ല തളര്‍ച്ചയാണുണ്ടായിട്ടുള്ളത്. ആ അന്പതു വര്‍ഷത്തിനിടയിലും ക്രൈസ്തവര്‍ ഏറ്റവുമധികം കേള്‍ക്കേണ്ടിവന്നത് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന ആരോപണമാണ്. എങ്കില്‍ ആ ക്രൈസ്തവര്‍ എവിടെ പോയി പ്യൂ റിസര്‍ച്ച് സെന്ററിന്റെ 2015ലെ കണക്കനുസരിച്ച് 2050 ആകുന്‌പോഴേക്കും ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ വീണ്ടും കുറഞ്ഞ് 2.2 ശതമാനമാകും. ഇതൊന്നും അറിയാത്തവരല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ നുണപ്രചാരണത്തില്‍ വ്യാപൃതരായിരിക്കുന്നത്. ഇക്കൂട്ടര്‍ക്കൊക്കെ ഭരിക്കുന്നവരുടെ മൗനസമ്മതമുണ്ടാകുകയും പലരും ഭരണകൂടത്തിന്റെ ഭാഗമായിരിക്കുകയും ചെയ്യുന്നതിനോളം അപത്കരമായി മറ്റൊന്നുമില്ല. ക്രൈസ്തവര്‍ക്കെതിരേ ജനരോഷം ഉയര്‍ത്തുന്നതിനുള്ള തന്ത്രങ്ങളില്‍ ഒന്നുമാത്രമാണ് നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം. കൊടിയ ജാതി ചിന്തകള്‍ക്കും അസ്പൃശ്യരോടുള്ള അനീതികള്‍ക്കുമെതിരേ പ്രവര്‍ത്തിക്കുകയും അവര്‍ക്കു വിദ്യാഭ്യാസം നല്‍കുകയും ചെയ്ത ക്രൈസ്തവ മിഷണറിമാര്‍ക്കെതിരേയും എത്രയെത്ര നുണപ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. വിവിധ സഭകളുടെ സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ചൂണ്ടിക്കാട്ടി സന്പത്ത് കൈവശമാക്കുന്നുവെന്ന കുപ്രചാരണം ചിലര്‍ നടത്തുന്നതും അറിവില്ലായ്മകൊണ്ടല്ല. ''സത്യം ചെരിപ്പിട്ടുവരുന്‌പോഴേക്കും നുണ ലോകം ചുറ്റി വന്നിരിക്കും'' എന്നത് വര്‍ഗീയവാദികളെപ്പോലെ ബോധ്യമുള്ള മറ്റാരുമില്ലാത്തതുകൊണ്ടാണ്. ക്രൈസ്തവ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും എങ്ങനെയൊക്കെ ശ്വാസംമുട്ടിച്ചു കൊല്ലാക്കൊല ചെയ്യാമോ എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുകയാണ് പല ഉദ്യോഗസ്ഥ ദുഷ്പ്രഭുക്കളും. സന്യാസവസ്ത്രം ധരിച്ച ഒരു ക്രൈസ്തവ സന്യാസിനിയുടെ കൂടെ ഒരു പെണ്‍കുട്ടിക്കു യാത്രചെയ്യണമെങ്കില്‍ വര്‍ഗീയവാദികളുടെ മുന്നില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം, ബോധ്യപ്പെടുത്തണം. അവര്‍ക്കു കൂട്ടുനില്‍ക്കുകയും കള്ളക്കേസുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു പോലീസും. സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചാല്‍പോലും, അതെത്ര ന്യായമായ കാരണമായാലും, പ്രതികാരവാഞ്ഛയോടെ സ്ഥാപനം തകര്‍ക്കാന്‍ തിരക്കു കൂട്ടുന്നവര്‍. ദൈവനാമം വിളിച്ചു ഹിംസയ്ക്കു കോപ്പുകൂട്ടുന്ന ഇവരുടെ കണ്ണുകളില്‍ ഇത്ര ക്രൗര്യമോ കുറ്റവാളികളെ നിലയ്ക്കുനിര്‍ത്താന്‍ നിയമപാലകര്‍ മടിക്കുന്നതും ഭരണകൂടത്തിന്റെ ഒത്താശയുള്ളതുകൊണ്ടല്ലേ ക്രൈസ്തവര്‍ ക്രൈസ്തവരാജ്യങ്ങളിലേക്കു പൊയ്ക്കൊള്ളണം എന്ന് അട്ടഹസിക്കുന്ന ഇക്കൂട്ടര്‍ ആ രാജ്യങ്ങളില്‍ ആരാധനാലയങ്ങള്‍ പണിയുന്നതും ആശ്രമങ്ങള്‍ സ്ഥാപിക്കുന്നതും പ്രഭാഷണപരന്പരകള്‍ സംഘടിപ്പിക്കുന്നതും മതപരിവര്‍ത്തനം നടത്താനല്ലല്ലോ മതസൗഹാര്‍ദത്തിന്റെയും ജനാധിപത്യത്തിന്റെയും മനുഷ്യസമത്വത്തിന്റെയും മൂല്യങ്ങളെ മാനിക്കുന്ന ഭരണകൂടങ്ങളും ഉദ്യോഗസ്ഥവൃന്ദവും പൊതുസമൂഹവുമാണ് ആ രാജ്യങ്ങളിലുള്ളത്. അവിടെ ഏതെങ്കിലുമൊരു വര്‍ഗീയവാദി അവിഹിതമായെന്തെങ്കിലും പറഞ്ഞാല്‍ത്തന്നെ ഇവിടെ നിലവിളിക്കുന്നവര്‍, ഇവിടെ നടക്കുന്ന ഭീകരമായ ന്യൂനപക്ഷ വേട്ടയെക്കുറിച്ചു നിസംഗരായിരിക്കുന്നതു മനസിലാക്കാനാവുന്നില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഭജനരാഷ്ട്രീയത്തിനെതിരേയും വ്യാജ ചരിത്രനിര്‍മിതികള്‍ക്കെതിരേയും രാഷ്ട്രീയ ഇരട്ടത്താപ്പുകള്‍ക്കെതിരേയും അക്ഷീണം പൊരുതുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നത് രാഷ്ട്രീയക്കാരുള്‍പ്പെടെ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹൈന്ദവരാണ്. അതാണു പ്രതീക്ഷ. ഒരു കൈയാല്‍ തല്ലും മറുകൈയാല്‍ തലോടലും നടത്തുന്നവര്‍ എന്നെങ്കിലുമൊരിക്കല്‍ പിന്‍വലിക്കുന്നുണ്ടെങ്കില്‍ അതു തലോടുന്ന കൈ ആയിരിക്കുമെന്ന ആശങ്ക ക്രൈസ്തവര്‍ മറച്ചുവയ്ക്കുന്നില്ല. ഒഡീഷയും ഗുജറാത്തും മധ്യപ്രദേശും മണിപ്പുരുമൊക്കെ മറക്കാനല്ല, സഹിഷ്ണുതയെക്കുറിച്ചു പഠിപ്പിക്കാനാണ് വിരുന്നുകള്‍ക്കുള്ള ക്ഷണം സ്വീകരിക്കുന്നത്. വിരുന്നിനെ ശ്രേഷ്ഠമാക്കുന്നത് വിളമ്പുന്ന കൈയാണെന്നു തിരിച്ചറിയേണ്ടത് ആതിഥേയനാണ്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള മതസ്വാതന്ത്ര്യവും, ആരും രണ്ടാംതരം പൗരന്മാരാകാതിരിക്കുന്നതിനുള്ള ന്യൂനപക്ഷാവകാശങ്ങളും, ഉറപ്പാക്കുന്ന ഭരണഘടനയുടെ തണലില്‍നിന്നുകൊണ്ടാണ് നാമിതു പറയുന്നത്; ഔദാര്യത്തെക്കുറിച്ചല്ല, അവകാശത്തെക്കുറിച്ച്.