മലപ്പുറം- കേരളത്തിൽനിന്ന് മക്കയിലേക്ക് നടന്ന് ഹജ് ചെയ്ത് വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് ശിഹാബ് ചോറ്റൂർ. ഹജ് യാത്ര വീഡിയോയിൽ പകർത്തി യു റ്റിയൂബിലൂടെ ലോകത്താകമാനമുള്ള ആരാധകരെ അതാത് സമയത്ത് ശിഹാബ് ചോറ്റൂർ അറിയിച്ചിരുന്നു. യാത്രയിലുടനീളമുള്ള പ്രതിസന്ധികളെ തരണം ചെയ്ത് കഴിഞ്ഞ വർഷമാണ് ശിഹാബ് ഹജ് കഴിഞ്ഞ് തിരിച്ചെത്തിയത്. കേരളത്തിലെ ചില മതസംഘടനകളും ശിഹാബിന് പിന്തുണയുമായി കൂടെയുണ്ടായിരുന്നു. ഹജ് കഴിഞ്ഞ് കേരളത്തിലെത്തിയ ശിഹാബ് നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.
എന്നാൽ, ഇന്ന് രാവിലെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം സംബന്ധിച്ച് വൻ ചർച്ചയാണ് നടക്കുന്നത്. ഹജിനുള്ള യാത്രക്കിടെ ഉത്തരേന്ത്യയിൽനിന്ന് എടുത്ത ചിത്രം, ഒരു ഇന്ത്യൻ മുസൽമാനായതിൽ അഭിമാനിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ചത്. അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന്റെ പിറ്റേന്നാണ് ഈ ചിത്രം പങ്കുവെച്ചത്. നേരത്തെ സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവെച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോഡി ലൈക്ക് ചെയ്തതിന്റെ സ്‌ക്രീൻ ഷോട്ടും ശിഹാബ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മോഡിക്ക് നന്ദിയും ശിഹാബ് പറഞ്ഞു.
ഈ ചിത്രം നേരത്തെ തന്നെ ശിഹാബ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെങ്കിലും അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ചിത്രം ഇപ്പോൾ ചർച്ചയാകുന്നത്. ശിഹാബ് ചോറ്റൂരിന്റെ ലക്ഷ്യം വ്യക്തമാണെന്നും ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ചിലർ പോസ്റ്റിന് താഴെ കമന്റിട്ടു. ശിഹാബിന്റെ പേജ് അൺഫോളോ ചെയ്യാനുള്ള ക്യാംപയിനും നടക്കുന്നുണ്ട്.
അതേസമയം, വിവാദമായതോടെ ശിഹാബ് സാമൂഹ്യമാധ്യമങ്ങളില്‍നിന്ന് ചിത്രം പിന്‍വലിച്ചു.