Sorry, you need to enable JavaScript to visit this website.

അസാപ് സ്‌കിൽ പാർക്ക് ഉദ്ഘാടനം നാളെ

ആലപ്പുഴ- ഉന്നത വിദ്യാഭ്യാസ വകുപ്പ് ചെറിയ കലവൂരിൽ നിർമിച്ച അഡീഷ്‌നൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്) സ്‌കിൽ പാർക്ക് കെട്ടിടം നാളെ 11ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. 
പുത്തൻ തൊഴിൽ അവസരങ്ങൾ നേടിയെടുക്കാൻ യുവാക്കളെ പ്രപ്തരാക്കാനുള്ള ക്രിയാത്മക ചുവട് വെപ്പുകളിൽ ഒന്നാണ് അസാപ്. ചെറിയ കലവൂർ ക്ഷേത്രത്തിന് സമീപം എ.എസ്. കനാലിനോട് ചേർന്ന് ജില്ല പഞ്ചായത്തിന്റെ 1.5 ഏക്കർ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. 16 കോടി രൂപ ചെലവിൽ 25,000 ചതുരശ്ര അടിയിൽ നിർമിച്ച കെട്ടിടത്തിൽ ഒരേസമയം 600 വിദ്യാർഥികൾക്ക് പഠിക്കാം. 
ഐ.ടി, ആക്ടിവിറ്റി ബേസ്ഡ്, ഹെവി മെഷിനറി, പ്രിസിഷൻ ബേസ്ഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലാണ് നൈപുണ്യ പരിശീലനം നൽകുന്നത്. ഇതോടൊപ്പം മെക്കാനിക്കൽ, ഫാഷൻ ഡിസൈനിങ്, കയർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി തുടങ്ങിയവയും വിവിധ രാജ്യങ്ങളിലെ ഭാഷാപഠനത്തിലുള്ള പരിശീലനവും നൽകും. വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ പരിശീലനം കൂടി നൽകി തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് ആസാപ്പിന്റെ ലക്ഷ്യം. ഈ സേവനങ്ങൾ ഏവർക്കും ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ. പ്രമുഖ വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് പൊതു സ്വകാര്യ പങ്കാളിത്ത രീതിയിലാണ് പാർക്കുകൾ പ്രവർത്തിക്കുന്നത്. സ്‌കിൽ പാർക്കുകളിലെ കോഴ്‌സുകൾ തീരുമാനിക്കാനും പ്രവർത്തനങ്ങൾ വിലയിരുത്താനുമായി ജില്ല കലക്ടർ അധ്യക്ഷനായും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ വാർഡ് അംഗം, വിദ്യാഭ്യാസ വിദഗ്ദ്ധൻ, വ്യവസായിക പ്രമുഖർ, അസാപ്പ് പ്രതിനിധി എന്നിവർ അംഗങ്ങളായുമുളള ഗവേണിംഗ് കമ്മിറ്റിയുമുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ദേശീയഅന്തർദേശീയ തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കറ്റ് നൽകും. 
ചടങ്ങിൽ പി.പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ജില്ല കലക്ടർ ജോൺ വി. സാമുവൽ, ടെക്ജൻഷ്യ സി.ഇ.ഒ & കോഫൗണ്ടർ ഡയറക്ടർ ജോയ് സെബാസ്റ്റ്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 

Latest News