ദമാം- അൽ ഖോബാർ തുഖ്ബയിൽ കഴിഞ്ഞ മൂന്നു വർഷമായി പണിപൂർത്തീകരിക്കാത്ത കെട്ടിടത്തിനകത്ത് മൃതദേഹം തൂങ്ങിക്കിടക്കുന്ന രീതിയിൽ കണ്ടെത്തി. ഇതിനു സമീപം വീണുകിടന്നിരുന്ന ഇഖാമയുടെയും ഡ്രൈവിംഗ് ലൈസൻസിന്റെയും ഒറിജിനൽ കണ്ടെത്തിയതോടെ ഒന്നര വർഷം മുൻപ് തുഖ്ബയിൽ നിന്നും കാണാതായ വിഴിഞ്ഞം സ്വദേശി അനിൽ നായരുടെ മൃതദേഹമാണന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസിന്റെയും സുഹൃത്തുക്കളുടെയും നിഗമനം. ഡി.എൻ.എ അടക്കം മറ്റു ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണം ഉണ്ടാവൂ എന്നാണ് പോലീസ് ഭാഷ്യം. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടു കേസ് നിലവിലുണ്ടായിരുന്നതിനാൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനം മൂന്നു വർഷം മുമ്പാണ് നിർത്തിവെച്ചത്. എന്നാൽ ഒരാഴ്ച മുമ്പ് നിർമ്മാണം തുടരുന്നതിന് വേണ്ടി ജോലിക്കാർ കെട്ടിടത്തിൽ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിദഗ്ധ പരിശോധനകൾക്കും പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുമായി മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പോസ്റ്റ് മോർട്ടം നടത്തുന്നതിന് വേണ്ടിയുള്ള അനുമതി പത്രം സാമൂഹ്യ പ്രവർത്തകൻ നാസ് വക്കം ഫോറൻസിക് വിഭാഗത്തിന് കൈമാറി.
2022 ജൂലായ് പന്ത്രണ്ടിനാണ് തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ സ്വദേശി അനിൽ നായരെ കാണാതായത്. തുഖ്ബ റിയാദ് സ്ട്രീറ്റിൽ എയർ കണ്ടീഷൻ വർക്ക് ഷോപ്പ് നടത്തിയിരുന്ന ഇദ്ദേഹം ഒരു ദിവസം അപ്രത്യക്ഷനാവുകയായിരുന്നു. സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടൻ, ഇദ്ദേഹത്തിന്റെ മറ്റു സുഹൃത്തുക്കൾ അടക്കം നിരവധി പേർ ഇദ്ദേഹത്തിന്റെ തീരോധാനത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിലും വാർത്താ മാധ്യമങ്ങളിലും വാർത്തകൾ നൽകിയും സാമൂഹ്യ പ്രവർത്തകർ വഴി സൗദിയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും പോലീസ് സ്റ്റേഷനുകളിളും ജയിലുകളിലും ആശുപത്രികളിലും അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ജവാസാത്ത് വഴി അന്വേഷണം നടത്തിയപ്പോൾ രാജ്യം വിട്ടിട്ടില്ലെന്നും വ്യക്തമായി.
അനിൽ നായർ താമസിച്ചിരുന്ന വീട് പുറത്തു നിന്നും പൂട്ടിയിരുന്നതിനാൽ പുറത്തു പോയിരിക്കയാണെന്നു അനുമാനിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ കൈവശം താക്കോൽ നൽകിയത് കൊണ്ട് സ്‌പോൺസറുടെ നേതൃത്വത്തിൽ താമസ സ്ഥലം തുറന്നു പരിശോധിച്ചപ്പോൾ പാസ്‌പോർട്ടും അനുബന്ധ രേഖകളും കണ്ടെത്തി. ഇദ്ദേഹത്തിന്റെ കാർ വർക്ക്‌ഷോപ്പിന്റെ അടുത്ത് തന്നെ പാർക്ക് ചെയ്തിരുന്നു. ഇരുപത്തി അഞ്ചു വർഷമായി തുഖ്ബയിൽ തന്നെ ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിനു സാമ്പത്തിക പ്രശ്‌നങ്ങളോ മറ്റു കുടുംബ പ്രശ്‌നങ്ങളോ ഇല്ലായിരുന്നു. നിരവധി സുഹൃത്തുക്കളുമുണ്ട്. പലനിലക്കും അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് കുടുംബം ഇന്ത്യൻ എംബസ്സിയിലും നോർക്കയിലും പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ മണിക്കുട്ടന് ഇന്ത്യൻ എംബസ്സി ഈ കേസിൽ ഇടപെടുന്നതിനു അനുമതി പത്രം നൽകിയിരുന്നു. അനിൽ നായരുടെ തിരോധാനത്തെ കുറിച്ച് മണിക്കുട്ടൻ തുഖ്ബ പോലീസ് സ്റ്റഷനിൽ എത്തി പരാതി നൽകുകയും പോലീസ് അന്വേഷണം തുടരുകയും ചെയ്തിരുന്നു.
ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്ന കുടുംബത്തെ മൃതദേഹം സംബന്ധിച്ച വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിന്റെ പിറകു വശത്തിലൂടെയാണ് അകത്തേക്ക് പ്രവേശിച്ചിരിക്കുന്നതെന്നാണ് നിഗമനം. തൂങ്ങിക്കിടക്കുന്ന മൃതദേഹത്തിൽ നിന്നും അഴുകിയ മാംസ ഭാഗങ്ങൾ പൂർണ്ണമായും നശിച്ചിട്ടില്ലാത്തതിനാൽ മൃതദേഹത്തിന് നാലോ അഞ്ചോ മാസത്തെ പഴക്കം മാത്രമേയുള്ളൂ എന്നാണ് പോലീസ് നിഗമനം. അങ്ങിനെയെങ്കിൽ അത്രയും കാലം അനിൽ നായർ എവിടെയാണ് മറഞ്ഞു കഴിഞ്ഞിരുന്നത് എന്നതും വ്യക്തമാകണം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായാൽ മാത്രമേ അറിയാനാവൂ. മൃതദേഹം സംബന്ധിച്ചുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്.
പടം. അനിൽ നായർ