തിരുവനന്തപുരം- ഇലക്ട്രിക് ബസുകളുടെ വരവുചെലവുകള്‍ സംബന്ധിച്ച് ഗതാഗത മന്ത്രി ഗണേശ് കുമാര്‍ പറഞ്ഞത് തെറ്റ്. കഴിഞ്ഞ 9 മാസത്തിനിടെ 2. 89 കോടി രൂപ ഇ ബസിന് ലാഭം ലഭിച്ചെന്നാണ് കണക്കുകള്‍. റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, കണക്കുകള്‍ ചോര്‍ന്നതില്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അതൃപ്തി അറിയിച്ചു. ജോയിന്റ് എം.ഡിയോട് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. രേഖകള്‍ മന്ത്രിക്ക് ലഭിക്കും മുമ്പ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചിരിക്കുന്നത്.
പുറത്തുവന്ന കണക്കുകള്‍ പ്രകാരം, മന്ത്രി നഷ്ടത്തിലാണെന്ന് പറഞ്ഞ സര്‍വീസുകള്‍ ലാഭത്തിലാണ്. വാങ്ങുന്ന വിലയും കിട്ടുന്ന കലക്ഷനുമായി തട്ടിച്ച് നോക്കുമ്പോള്‍ ഇലക്ട്രിക് ബസുകള്‍ ലാഭകരമല്ലെന്നാണ് ഗണേശ് കുമാര്‍ പറഞ്ഞിരുന്നത്. ഇലക്ട്രിക് ബസ് എത്ര നാള്‍ പോകും എന്ന കാര്യം ഉണ്ടാക്കിയവര്‍ക്കും അറിയില്ല, എനിക്കും അറിയില്ല എന്നാണ് മന്ത്രി പറഞ്ഞത്.
ഇ ബസുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗണേശ് കുമാറിന്റെ നിലപാടിനെ എതിര്‍ത്ത് വി.കെ. പ്രശാന്ത് എം.എല്‍.എയും മേയര്‍ ആര്യാ രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. സി.പി.എം നേതൃത്വവും ഇവരെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്.