തിരുവനന്തപുരം- ഇക്കൊല്ലം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരെ കൂടി ഉള്‍പ്പെടുത്തിയാണ് വോട്ടര്‍ പട്ടിക തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ച ശേഷം ലഭിച്ച 2,12,029 അപേക്ഷകള്‍ പരിശോധിച്ചു. 18 വയസ് പൂര്‍ത്തിയാക്കിയ 23,039 യുവവോട്ടര്‍മാരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തി. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ടായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
അന്തിമ പട്ടിക അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും. താലൂക്ക്, വില്ലേജ്, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൂടെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയും വോട്ടര്‍ പട്ടിക പരിശോധിക്കാം. തിരുവനന്തപുരം ജില്ലയില്‍ 2,730 പോളിംഗ് സ്‌റ്റേഷനുകളാണ് നിലവിലുള്ളത്. ജില്ലയില്‍ 1,35,705 വോട്ടര്‍ കാര്‍ഡുകള്‍ അച്ചടിച്ച് വിതരണം ചെയ്തുവരികയാണെന്നും കലക്ടര്‍ പറഞ്ഞു.