വിമാനകമ്പനികള്‍ക്ക് ഇതൊരു പാഠം, ടിക്കറ്റ് റദ്ദാക്കിയ സ്‌പൈസ് ജെറ്റിന് പിഴ

കൊച്ചി - അവിചാരിതമായി വിമാന ടിക്കറ്റുകള്‍ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതിന് സ്‌പൈസ് ജെറ്റ് വിമാനക്കമ്പനിക്കും ക്ലിയര്‍ട്രിപ്പ് ബുക്കിംഗ് ഏജന്‍സിക്കുമെതിരെ കര്‍ശന നടപടിയുമായി എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. മുന്‍ ജില്ലാ ജഡ്ജിയും കൊല്ലം ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്റെ അന്നത്തെ പ്രസിഡണ്ടുമായിരുന്ന ഇ.എം.മുഹമ്മദ് ഇബ്രാഹിം, അംഗം സന്ധ്യാ റാണി എന്നിവര്‍ക്ക് 64,442 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. ഔദ്യോഗിക ആവശ്യത്തിനു ദല്‍ഹിയില്‍ പോയി, ബാംഗ്ലൂര്‍ വഴി തിരികെ കൊച്ചിയില്‍ എത്താനുള്ള വിമാനടിക്കറ്റ് ആണ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത്.

2019 ഏപ്രില്‍ 12ന് യാത്ര ചെയ്യാന്‍ ക്ലിയര്‍ട്രിപ്പ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി 2019 മാര്‍ച്ച് 9നാണ് ടിക്കറ്റ് ബുക്കുചെയ്തത്. 11,582 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. എന്നാല്‍ യാത്രക്കായി നിശ്ചയിച്ച തീയതിക്ക് 13 ദിവസം മുന്‍പ് വിമാന കമ്പനി ടിക്കറ്റുകള്‍ റദ്ദാക്കി. റീബുക്കിംഗോ ഫുള്‍ റീഫണ്ടോ നല്‍കാമെന്നായിരുന്നു ആദ്യ ഓഫര്‍. എന്നാല്‍ പിന്നീട് അവര്‍ നിലപാട് മാറ്റി. മുഴുവന്‍ ടിക്കറ്റ് തുകയും യാത്രക്കാര്‍ക്ക് തിരിച്ചുനല്‍കിയില്ല. തുടര്‍ന്ന് ഉയര്‍ന്ന തുകയായ 19,743 രൂപ നല്‍കി രണ്ട് ടിക്കറ്റുകള്‍ പരാതിക്കാര്‍ ബുക്കുചെയ്യേണ്ടി വന്നു. എയര്‍ലൈന്‍ കമ്പനിയുടെ നിയന്ത്രണത്തില്‍ അല്ലാത്ത കാരണങ്ങളാല്‍ ആണ് വിമാന സര്‍വീസ് റദ്ദാക്കിയത് എന്നും എയര്‍ലൈന്‍സ് ചട്ടപ്രകാരം അത്തരം സാഹചര്യത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യതയില്ലെന്നും എതിര്‍കക്ഷികള്‍ ബോധിപ്പിച്ചു.

എന്നാല്‍ വിമാനത്തിന്റെ കാലപ്പഴക്കം മൂലം സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇത് എതിര്‍കക്ഷികളുടെ ബാധ്യതയാണെന്നും പരാതിക്കാരന്‍ വാദിച്ചു. കൂടാതെ പകരം യാത്രക്ക് കൂടിയ തുക നല്‍കി ടിക്കറ്റ് എടുക്കേണ്ടി വന്നതിലൂടെയും പരാതിക്കാര്‍ക്ക് നഷ്ടവുമുണ്ടായി. ഈ വകയിലുള്ള നഷ്ടപരിഹാരവും ടിക്കറ്റ് തുകയും കോടതി ചെലവും കണക്കാക്കിയാണ് കോടതി ഉത്തരവ്. 30 ദിവസത്തിനകം തുക നല്‍കിയില്ലെങ്കില്‍ തുടര്‍ന്നുള്ള ഓരോ ദിവസവും ഒന്‍പത് ശതമാനം പലിശ കണക്കാക്കിയുള്ള തുകയും നല്‍കേണ്ടിവരുമെന്ന് ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടെ ഉത്തരവിലുണ്ട്.

 

Latest News