Sorry, you need to enable JavaScript to visit this website.

പരസ്പര ശത്രുതയുടെ പ്രതിഷ്ഠ

ഈ സാഹചര്യത്തിൽ മോഡിയുടെയും കൂട്ടരുടെയും സ്വപ്നം തകർക്കാൻ ജനാധിപത്യ മതേതര ഇന്ത്യക്കാകുമോ എന്നതിന്റെ ഉത്തരം ആശാവഹമാകാനിടയില്ല. ബഹുസ്വര ഇന്ത്യ നിലനിൽക്കണോ എന്ന ചോദ്യം തന്നെയാണത്. തങ്ങളുടെ മുന്നിലുള്ള രാഷ്ട്രീയ ഉത്തരവാദിത്തം എത്രയോ മഹത്തായതാണെന്നു തിരിച്ചറിഞ്ഞ് അവസരത്തിനൊത്ത് ഉയരാനുള്ള വിവേകം പ്രതിപക്ഷ കക്ഷി നേതാക്കൾ പ്രകടമാക്കുകയാണെങ്കിൽ ഒരവസരം കൂടി നമുക്കു മുന്നിലുണ്ടെന്ന് ഉറപ്പിക്കാം. ബിജെപിയുടെ പ്രധാന വെല്ലുവിളി രാജ്യത്തിന്റെ  ബഹുസ്വരതയാണ്. 

 

ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത മതേതരത്വം എന്ന മഹത്തായ ആശയത്തെ പൂർണമായും കുഴിച്ചുമൂടുന്ന ഒരു ദിവസമായി 2024 ജനുവരി 22 മാറിയിരിക്കുകയാണ്. 
ബാബ്‌രി മസ്ജിദ് തകർത്ത് അവിടെ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ കർമത്തിന് പ്രധാനമന്ത്രി തന്നെ കാർമികത്വം വഹിക്കുക വഴി രാഷ്ട്രവും മതവും ഒന്നാകുന്ന കാഴ്ചക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. അതോടെ മതേതര ഇന്ത്യ ഒരു മതരാഷ്ട്രമായി മാറുകയാണ്. ആസന്നമായ ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ അതിന് ജനസമ്മതി നേടാനാണ് സംഘപരിവാർ നീക്കം. അതോടെ നൂറു വർഷം മുമ്പ് തങ്ങൾ പ്രഖ്യാപിച്ച ലക്ഷ്യം നേടാമെന്നും അവർ കരുതുന്നു. 

ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യം നേടിയെടുക്കാൻ സംഘപരിവാർ ഇക്കാലമത്രയും ഉപയോഗിച്ചത് അയോധ്യ, രാമജന്മഭൂമിയാണെന്നും അവിടത്തെ ക്ഷേത്രം തകർത്താണ് ബാബ്‌രി മസ്ജിദ് നിർമിച്ചതെന്നുമുള്ള പ്രചാരണമാണ്. തീർച്ചയായും അറിഞ്ഞോ അറിയാതെയോ മറ്റു പലരുടേയും നയങ്ങൾ ഇവർക്ക് ഭംഗിയായി ഉപയോഗിക്കാൻ കഴിഞ്ഞു. ഉദാഹരണം ഗാന്ധിയുടെ രാമരാജ്യമെന്ന പ്രയോഗം തന്നെ. തീർച്ചയായും ഗാന്ധിയുടെ രാമനല്ല സംഘപരിവാറിന്റെ രാമൻ എന്നതിൽ സംശയമില്ല. അപ്പോഴും മതത്തേയും രാമസങ്കൽപത്തേയും രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരിക വഴി പിന്നീട് സംഘപരിവാറിന്റെ പാത എളുപ്പമാക്കിക്കൊടുക്കാൻ ഗാന്ധി നിമിത്തമായി. നെഹ്‌റുവോ അംബേദ്കറോ ഒരിക്കലും രാമനെ രാഷ്ട്രസങ്കൽപത്തിലേക്ക് കൊണ്ടുവന്നിട്ടില്ല എന്നതു കൂടി ഓർക്കണം. 

തീച്ചയായും തങ്ങളുടെ രാമനല്ല ഗാന്ധിയുടെ രാമനെന്നു സംഘപരിവാർ തന്നെ തിരിച്ചറിഞ്ഞിരുന്നു. രാമനെ മുൻനിർത്തി ഇതര മതസ്ഥരെ ചേർത്തു നിർത്താനായിരുന്നു ഗാന്ധി പറഞ്ഞതെങ്കിൽ രാമന്റെ പേരിൽ അവരെ വെറുക്കാനാണ് സംഘപരിവാർ പഠിപ്പിച്ചത്. അതിനു തടസ്സമാണ് ഗാന്ധിയുടെ രാമനെന്നതിനാൽ തന്നെയാണ് അവർ അദ്ദേഹത്തെ ഉന്മൂലനം ചെയ്തത്. തീർച്ചയായും ഗാന്ധിവധം തന്നെയായിരുന്നു സംഘപരിവാറിന്റെ ലക്ഷ്യപ്രാപ്തിക്ക് കാലതാമസമുണ്ടാക്കിയത്. അപ്പോഴും ഗാന്ധിയുടെ ആ പ്രയോഗം ഭംഗിയായി ഉപയോഗിക്കാനവർക്കായി എന്നതിൽ സംശയമില്ല. 

1948 ജനുവരി മുപ്പതിനാണല്ലോ ഗാന്ധി വധം നടന്നത്. പിന്നീട് 1949 ഡിസംബർ  22 ന് രാത്രിയാണ് ഒരു സംഘം മസ്ജിദിനകത്തു കയറി  രാമന്റെയും സീതയുടെയും പ്രതിമകൾ സ്ഥാപിച്ചതും അവ സ്വയംഭൂവാണെന്ന പ്രചാരണം ആരംഭിച്ചതും. ആ വിഗ്രഹങ്ങൾ സരയൂ നദിയിലൊഴുക്കാനായിരുന്നു നെഹ്‌റു പറഞ്ഞതത്രേ. എന്നാൽ മലയാളിയായ ജില്ല മജിസ്‌ട്രേറ്റ് കെ.കെ. നായർ ബാബ്‌രി മസ്ജിദിനെ തർക്കഭൂമിയായി പ്രഖ്യാപിക്കകയാണുണ്ടായത്. ഒപ്പം മുസ് ലിംകൾക്ക് ആരാധന സ്വാതന്ത്ര്യം നിഷേധിക്കുകയും ഹിന്ദുക്കൾക്ക് അനുവദിക്കുകയും ചെയ്തു. ഈ നായർ പിന്നീട് ജനസംഘത്തിന്റെ എം.പിയായി എന്നത് മറ്റൊരു ചരിത്രം. തുടർന്ന് പൂജാരിക്കൊഴികെ മറ്റെല്ലാവർക്കും ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കോടതി വിലക്കുകയായിരുന്നു.  

ഇതിനിടയിൽ ഗാന്ധിവധത്തെ തുടർന്ന് മുഖ്യധാരാ രാഷ്ട്രീയത്തിൽ നേരിടേണ്ടിവന്ന ഒറ്റപ്പെടൽ നീക്കാനുള്ള അവസരത്തിനായി സംഘപരിവാർ കാത്തിരിക്കുകയായിരുന്നു. അവർക്കു കിട്ടിയ സുവർണാവസരമായിരുന്നു അടിയന്തരാവസ്ഥ. അതിനെതിരായ പോരാട്ടത്തിൽ ജനസംഘം സജീവമായി. പിന്നീട് ജനത പാർട്ടിയിലും ഭരണത്തിലും പങ്കാളിയായി. അന്നു മുതൽ കൃത്യമായ ലക്ഷ്യത്തോടെ പടിപടിയായി അവർ മുന്നേറുകയായിരുന്നു. ഗാന്ധിയെ പോലെ തന്നെ, അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടത്തിനു നേതൃത്വം നൽകിയ ജയപ്രകാശ് നാരായണനും അറിയാതെ പിന്നീടുണ്ടായ സംഭവങ്ങൾക്ക് കാരണക്കാരനായി എന്നത് മറ്റൊരു വൈരുധ്യം. ജനത പാർട്ടിയുടെ തകർച്ചക്കു ശേഷം ജനസംഘം പിരിച്ചവിട്ട് ബിജെപി രൂപീകരിക്കുകയായിരുന്നു സംഘപരിവാർ ചെയ്തത്. അതോടെ രണ്ടു എംപിമാരിൽ നിന്ന് ഇന്നത്തെ അവസ്ഥയിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു. അതിന്റെ ലക്ഷ്യം ഹിന്ദുത്വ രാഷ്ട്രവും വഴി അയോധ്യയുമായിരുന്നു. 

തീർച്ചയായും കോൺഗ്രസിനു പറ്റിയ വീഴ്ചകൾ പറയാതെ മുന്നോട്ടു പോകാനാവില്ല. ബിജെപിയുടെ ഹിന്ദുത്വവാദത്തോടു മത്സരിക്കാൻ മൃദുവെന്നു പറയാവുന്ന അതേ മാർഗമായിരുന്നു ഏറെക്കാലം കോൺഗ്രസും പിന്തുടർന്നത്. കോടതി വിധിയുടെ പേരിലായാലും ബാബ്‌രി മസ്ജിദിലെ രാമവിഗ്രഹം പ്രാർത്ഥനക്കായി തുറന്നു കൊടുത്ത രാജീവ് ഗാന്ധിയുടെ നടപടി അവർക്കേറ്റവും ഗുണകരമായിത്തീർന്നു. കേന്ദ്ര സർക്കാർ തീരുമാനിച്ചാൽ അതൊഴിവാക്കാമായിരുന്നു.  ദൂരദർശനിലെ രാമായണ പരമ്പരയും സംഘപരിവാറിനു ഗുണകരമായിരുന്നു. ഹിന്ദുത്വം ശക്തമായ രാഷ്ട്രീയ ശക്തിയായി മാറാനാരംഭിച്ചു. അതിന്റെ പ്രഖ്യാപനമായിരുന്നു അദ്വാനിയുടെ രഥയാത്രയും ബാബ്‌രി മസ്ജിദ് തകർക്കലും.  മണ്ഡൽ കമ്മീഷനിലൂടെ വി.പി. സിംഗ് നടത്തിയ പ്രതിരോധത്തെ മറികടക്കാൻ അദ്വാനിയുടെ ഹിന്ദുത്വക്കായി. 

ഇങ്ങനെയൊക്കെയാണെങ്കിലും പിന്നീടും 10 വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള യു പി എ ഇന്ത്യ ഭരിച്ചു എന്നു മറക്കരുത്. എന്നാൽ  പിന്നീട് ഗുജറാത്ത് വംശീയ കൂട്ടക്കൊല, മുംബൈ കലാപം, കാണ്ടമാൽ കൂട്ടക്കൊല, മുസാഫർ നഗർ എന്നിങ്ങനെ ഓരോ ചോരപ്പുഴയും അവർക്ക് അധികാരത്തിലേക്കും ആത്യന്തിക ലക്ഷ്യത്തിലേക്കുമുള്ള ചവിട്ടുപടികളായി. അതിനിടെ പാർട്ടിയിലെ മുഴുവൻ സീനിയർ നേതാക്കളെയും മറികടന്ന് മോഡിയുടെ ജൈയാത്രയും ആരംഭിച്ചിരുന്നു.  എഴുത്തുകാരുടെ കൊലകൾ, വിദ്യാഭ്യാസ  ചരിത്ര സ്ഥാപനങ്ങൾ പിടിച്ചെടുക്കൽ, കോടതികളെയും ഇലക്ഷൻ കമ്മീഷനെയും സ്വാധീനിക്കൽ, വിവരാവകാശ കമ്മീഷനെ നിയന്ത്രിക്കൽ, ദളിത് പീഡനങ്ങൾ, ബീഫിന്റേയും ശ്രീറാം വിളിയുടേയും പേരിലുള്ള കൊലകൾ, കശ്മീരിലെ ഇടപെടൽ, സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കൽ, ഏക ഭാഷക്കും ഏക പാർട്ടി ഭരണത്തിനുമുള്ള മുറവിളി, പൗരത്വ ഭേദഗതി എന്നിങ്ങനെ ഇന്നത് രാമക്ഷേത്ര പ്രതിഷ്ഠയിലെത്തിയിരിക്കുന്നു. ക്ഷേത്ര നിർമാണം പൂർത്തിയാകുന്നതിനു മുമ്പ് നടത്തുന്ന ഈ ചടങ്ങിന്റെ ലക്ഷ്യം ലോക്‌സഭ തെരഞ്ഞെടുപ്പല്ലാതെ മറ്റൊന്നല്ല. അതോടെ തങ്ങളുടെ ലക്ഷ്യം ഏറെക്കുറെ പൂർത്തിയാക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് സംഘപരിവാർ.  

അടുത്ത ചോദ്യം ആ കണക്കുകൂട്ടൽ തെറ്റിക്കാൻ ജനാധിപത്യ, മതേതര ശക്തികൾക്കാവുമോ എന്നതു തന്നെയാണ്. 2019 ലെ തെരഞ്ഞെടുപ്പിലില്ലാത്ത ഒരു സഖ്യം ഈ തെരഞ്ഞെടുപ്പിൽ രംഗത്തുണ്ടെന്നത് ശരിയാണ്. ഇപ്പോഴും തർക്കങ്ങളും ഭിന്നതകളുമൊക്കെ നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യ സഖ്യം ഒരു സാധ്യതയാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഢ് സംസ്ഥാനങ്ങളിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസിനു വോട്ടുവിഹിതത്തിൽ വലിയ കുറവുണ്ടായിട്ടില്ലെന്നതും കർണാടകത്തിലും തെലങ്കാനയിലും വിജയിക്കാനായി എന്നതും ചെറിയ കാര്യമല്ല. കാവിരാഷ്ട്രീയം ദക്ഷിണേന്ത്യയിൽ നിന്നു ഏറെക്കുറെ പുറത്താകുന്നു എന്നതും പ്രതീക്ഷ നൽകുന്നു. അതിനെ മറികടക്കാൻ സാക്ഷാൽ മോഡി തന്നെ രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും അതത്ര എളുപ്പമല്ല. ദക്ഷിണേന്ത്യയും പഞ്ചാബും ബംഗാളുമൊക്കെ പ്രതീക്ഷ നൽകുമ്പോഴും ഉത്തരേന്ത്യയിലെ വലിയ സംസ്ഥാനങ്ങൾ മാത്രം മതി, ബിജെപിക്ക് മുന്നൂറിൽപരം സീറ്റ് നേടാൻ എന്നതു മറച്ചുവെക്കാനാവില്ല. അവിടെ നേട്ടമുണ്ടാക്കാൻ ഇന്ത്യ സഖ്യത്തിനാവുമോ എന്നതാണ് അവസാന ചോദ്യം. അതിന്റെ ഉത്തരത്തിലാണ് ഇന്ത്യയുടെ ഭാവി. 

ഈ സാഹചര്യത്തിൽ മോഡിയുടെയും കൂട്ടരുടെയും സ്വപ്നം തകർക്കാൻ ജനാധിപത്യ മതേതര ഇന്ത്യക്കാകുമോ എന്നതിന്റെ ഉത്തരം ആശാവഹമാകാനിടയില്ല. ബഹുസ്വര ഇന്ത്യ നിലനിൽക്കണോ എന്ന ചോദ്യം തന്നെയാണത്. തങ്ങളുടെ മുന്നിലുള്ള രാഷ്ട്രീയ ഉത്തരവാദിത്തം എത്രയോ മഹത്തായതാണെന്നു തിരിച്ചറിഞ്ഞ് അവസരത്തിനൊത്ത് ഉയരാനുള്ള വിവേകം പ്രതിപക്ഷി കക്ഷി നേതാക്കൾ പ്രകടമാക്കുകയാണെങ്കിൽ ഒരവസരം കൂടി നമുക്കു മുന്നിലുണ്ടെന്ന് ഉറപ്പിക്കാം. ബിജെപിയുടെ പ്രധാന വെല്ലുവിളി രാജ്യത്തിന്റെ  ബഹുസ്വരതയാണ്. അതിനെയാണ് രാമനടക്കമുള്ള ബിംബങ്ങളിലൂടെ തകർക്കാൻ ശ്രമിക്കുന്നത്. അതിനെ പണ്ട് മണ്ഡലിലൂടെ പ്രതിരോധിക്കാൻ ശ്രമിച്ചതുപോലെ ഇപ്പോൾ ജാതി സെൻസസിലൂടെ പ്രതിരോധിക്കാൻ ഒരു സാധ്യതയുണ്ടായിരുന്നു. എന്നാലതെല്ലാം ഇപ്പോൾ തകർന്നു കഴിഞ്ഞു. കാര്യമായ മറ്റൊരു സാധ്യതയും അവശേഷിക്കാത്ത സാഹചര്യത്തിൽ എല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒന്നിക്കാൻ പ്രതിപക്ഷം തയാറായാൽ മാത്രമാണ് ഇനിയുമൊരു അങ്കത്തിന് ബാല്യമുള്ളത്. 

അച്ചടി മാധ്യമത്തെപ്പോലെ സജീവമായി ഇടപെടലുകൾ  നടത്താനും ഇനിയും ഞങ്ങൾ പ്രതിജ്ഞ ബദ്ധരായിരിക്കുമെന്ന് ഉറപ്പ് നൽകട്ടെ എന്ന എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസിന്റെ വാക്കുകൾ ലോകത്തെങ്ങുമുള്ള മലയാളികൾ ഏറ്റെടുക്കുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് വരുന്ന മലയാളികൾക്ക് അന്നം നൽകുന്ന നാട് തന്നെ അവരുടെ അക്ഷരങ്ങളെയും നിരന്തരമായി തിരിച്ചറിയുകയാണ്. മലയാളവും മലയാളികളെയും പോലെ ഇതുപോലെ ഭാഗ്യം ചെയ്ത മറ്റൊരു ജനതയുണ്ടാകില്ല- ഉറപ്പാണ്.  

Latest News