വാർത്തകളുടെ കുത്തൊഴുക്കിന്റെ നാളുകളിലേക്കായിരുന്നു (1999) അച്ചടി മാധ്യമ രംഗത്തേക്ക് മലയാളം ന്യൂസിന്റെ ഉറച്ച കാൽവെപ്പുകളോടെയുള്ള കടന്നുവരവ്. ലോകത്തിലെ ആദ്യത്തെ സാർവദേശീയ മലയാളം പത്രത്തിന്റെ പിറവി മലയാളികളിലെ ഉൽബുദ്ധ സമൂഹം മനസ്സറിഞ്ഞായിരുന്നു ആഘോഷിച്ചത്. ഭാവനാശാലികളായ എഡിറ്റോറിയൽ നായകരും സ്റ്റാഫും ആ കാലം നല്ലവണ്ണമാണ് ഉപയോഗിച്ചത്. ജിദ്ദയിലെ ഓഫീസിൽ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഡെസ്‌ക് സജ്ജീകരിച്ചതൊക്കെ വിരൽതുമ്പിൽ വിവരങ്ങളെല്ലാം എത്തിയ കാലത്ത് മധുരമുള്ള ഓർമ മാത്രം. അന്ന് ഡെസ്‌കിലിരുന്ന് ഇടതടവില്ലാതെ എക്‌സ്റ്റൻഷൻ ഫോണുകളിൽ വിവരങ്ങൾ നൽകിക്കൊണ്ടിരുന്ന സ്റ്റാഫും ഇടക്കിടെ വന്ന് മലയാളികളുടെ വാർത്താ ബോധം കണ്ട് വിസ്മയിച്ചു നിൽക്കുന്ന അന്നത്തെ എഡിറ്റർ ഇൻ ചീഫ് ഫാറൂഖ് ലുഖ്മാനും എല്ലാ കാലത്തും ഗൃഹാതുരമായ സ്മരണയായിരിക്കും. അവരിൽ ആദരണീയനായ ഫാറുഖ് ലുഖ്മാനും പുത്തൂർ മുഹമ്മദും പാഷാസാഹിബും ഇന്നില്ല. ഇപ്പോഴിതാ പത്രം അതിന്റെ അനിവാര്യമായ അടുത്ത വിജയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മുന്നിൽ നടന്നവരെ പ്രാർഥനയോടെ ഓർക്കാം. പരിപൂർണ ഡിജിറ്റൽ പരിവർത്തനത്തിലേക്കുള്ള മാറ്റത്തെ യാത്ര എന്നാണ് ഇപ്പോഴത്തെ എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസ് വിശേഷിപ്പിച്ചത്. അദ്ദേഹം അവസാന പ്രിന്റ് പേജിലെഴുതി ആവേശം തുടിക്കുന്ന വരികളിൽ കടൽ കടന്നെത്തിയ മലയാളിയുടെ ജീവിതത്തിനൊപ്പം സഞ്ചരിച്ച മലയാളം ന്യൂസ് ഇനിയും ആ യാത്ര തുടരുമെന്ന് ഉറപ്പ് നൽകുന്നു. മലയാളം ന്യൂസ് വെബ് സൈറ്റ് ഇതിനോടകം പ്രവാസി മലയാളികളിൽ സ്വാധീനമുറപ്പിച്ച കാര്യം അദ്ദേഹം എടുത്തു പറയുന്നുണ്ട്. മറ്റൊരു തെരഞ്ഞെടുപ്പ് കാലത്തേക്കാണ് പത്രം മാറ്റത്തിലേക്ക് യാത്ര ചെയ്യുന്നതെന്നതാണ് കൗതുക കരമായ മറ്റൊരു കാര്യം. ലോകത്തെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വർഷമാണ് 2024 എന്ന വാർത്തയും വിശകലനങ്ങളും മാധമങ്ങളിൽ വന്നു തുടങ്ങി. ഇന്ത്യ ഉൾപ്പെടെ 64 രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് വർഷം എന്ന് 2024 നെ വിശേഷിപ്പിക്കുന്നത്. എല്ലാം തീരുമാനിച്ചുറപ്പിച്ചത് പോലെ മലയാളം ന്യൂസിന്റെ സമ്പൂർണ ഡിജിറ്റൽവൽക്കരണവും നടന്നിരിക്കുന്നത് ഈ കാലത്തേക്കാണ്. അതെ, വാർത്താകുത്തൊഴുക്കിന്റെ നാളുകളിലേക്ക്. പത്രത്തിന്റെ വളർച്ചയുടെ ഘട്ടങ്ങളിലൊന്നും തന്നെ ഇന്നുള്ളതു പോലെ ഡിജിറ്റൽവൽക്കരണം വളർന്നിട്ടുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, പല മേഖലയിലും തുടക്കത്തിലുമായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരുടെ ചാനൽ ഫോൺ ഇൻ പരിപാടിയിൽ വെബ് സൈറ്റിനെപ്പറ്റി പരാമർശമുണ്ടായപ്പോൾ എനിക്ക് രണ്ടുണ്ടെടോ എന്ന് നായനാർ നിഷ്‌കളങ്കമായി പറഞ്ഞത് അന്ന് സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെയും അവസ്ഥയായിരുന്നു. രണ്ട് ഇ-മെയിൽ ഐഡിയായിരുന്നു നായനാർ ഉദ്ദേശിച്ചത്. ഇന്നിപ്പോൾ എല്ലാം മാറിപ്പോയിരിക്കുന്നു. സമ്പൂർണ ഡിജിറ്റൽവൽക്കരണം ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോൾ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇതിനോടകം വലിയ ചർച്ചക്ക് വിധേയമായ മലയാളം ന്യൂസിന്റെ ഡിജിറ്റലിലേക്കുള്ള മാറ്റം. അതിശയിപ്പിക്കുന്ന മറ്റൊരു സംഗതി ഈ ദിവസങ്ങളിൽ തന്നെ 135 കൊല്ലമായി ലോകത്തെ വായനാ സമൂഹത്തിന് മുന്നിലുള്ള നാഷണൽ ജിയോഗ്രഫിക് മാഗസിനും സ്‌പോട്‌സ് ഇല്ലസ്‌ട്രേറ്റഡ് വീക്കിലിയും അച്ചടി നിർത്തുന്നുവെന്ന വാർത്ത മലയാളം ന്യൂസിലുൾപ്പെടെ വന്നു കഴിഞ്ഞുവെന്നതാണ്.ഒട്ടു മിക്ക മലയാള പതങ്ങളും ഗൾഫ് നാടുകളിൽ പി.ഡി.എഫ് മാത്രമായിട്ടിപ്പോൾ വർഷങ്ങളായി.
തെരഞ്ഞെടുപ്പുകളിലാണ് സത്യസന്ധമായ വാർത്തകൾ ലഭിക്കുന്ന ഇടത്തിന്റെ അനിവാര്യത ബോധ്യപ്പെടുന്നത്. വ്യാജ പ്രചാരണം നടക്കാത്ത ഒരു തെരഞ്ഞെടുപ്പ് കാലവും കടന്നുപോയിട്ടില്ല. തെരഞ്ഞെടുപ്പ് ദിവസം അച്ചടിച്ചു വന്ന വ്യാജ വാർത്തകളുടെ പേരിൽ മാത്രം എത്രയോ തെരഞ്ഞെടുപ്പുകൾ അട്ടിമറിപ്പെട്ടിരിക്കുന്നു- ജയിക്കേണ്ടവർ വ്യാജ വാർത്തകളുടെ പേരിൽ തോറ്റു പോവുന്ന അവസ്ഥ. തെരഞ്ഞെടുപ്പ് കാലത്ത് ഉത്തരവാദിത്തമുളള ഡിജിറ്റൽ മാധ്യമം അനിവാര്യമാണ്. മലയാളം ന്യൂസിന്റെ നടത്തിപ്പുകാരായ സൗദി സ്വദേശികളായ ഉടമകൾക്കോ എഡിറ്റർ ഇൻ ചീഫുമാർക്കോ ഇന്ത്യൻ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് പ്രത്യേക താൽപര്യമില്ലാത്തതിനാൽ തെരഞ്ഞെടുപ്പ് കാലത്തെ വാർത്തകളും വിശകലനങ്ങളും സത്യസന്ധവും വിശ്വസനീയവുമായിരിക്കും. മറ്റൊരു പ്രത്യേകത കൂടിയുണ്ട് മലയാളം ന്യൂസിന് - അതിന്റെ ലേഖകരും പത്രാധിപന്മാരും ദിവസംപ്രതി മാസംപ്രതി മാറി വന്നവരല്ല. ചുരുങ്ങിയത് അര നൂറ്റാണ്ടിനടുത്ത് പരിചയമുള്ളവരാണ് അവരിലധികപേരും. കാൽ നൂറ്റാണ്ടായി മലയാളം ന്യൂസിൽ ജോലി ചെയ്യുന്ന അവർ അതിന് മുമ്പ് മറ്റേതെങ്കിലും പത്രത്തിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമുളളവരാണ്. ഇവരിലൂടെ പുറത്ത് വരുന്ന വാർത്തകളും വിശകലനങ്ങളുമാണ് ഡിജിറ്റൽ ഫ്‌ളാറ്റ് ഫോമിൽ വായന സമൂഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാർത്തയിൽ മാത്രമല്ല മറ്റെല്ലാ കാര്യങ്ങളിലും ആഭിജാതമായ മാധ്യമ ഗ്രൂപ്പിൽ നിന്നുള്ള (സൗദി റിസർച്ച് ആന്റ മീഡിയഗ്രൂപ് ) പത്രത്തിന്റെ പൂർണ ഡിജിറ്റൽ രൂപം വേറിട്ട അനുഭവം തന്നെയായിരിക്കും. കൂടുതൽ ആളുകളിലേക്ക് ഡിജിറ്റലായി മലയാളം ന്യൂസ് എത്തിക്കാനും അച്ചടി മാധ്യമത്തെപ്പോലെ സജീവമായി ഇടപെടലുകൾ നടത്താനും ഇനിയും ഞങ്ങൾ പ്രതിജ്ഞാ ബദ്ധരായിരിക്കുമെന്ന് ഉറപ്പ് നൽകട്ടെ എന്ന എഡിറ്റർ ഇൻ ചീഫ് താരിഖ് മിശ്ഖസിന്റെ വാക്കുകൾ ലോകത്തെങ്ങുമുള്ള മലയാളികൾ ഏറ്റെടുക്കുമെന്നുറപ്പാണ്. ലക്ഷക്കണക്കിന് വരുന്ന മലയാളികൾക്ക് അന്നം നൽകുന്ന നാട് തന്നെ അവരുടെ അക്ഷരങ്ങളെയും നിരന്തരമായി തിരിച്ചറിയുകയാണ്. മലയാളവും മലയാളികളെയും പോലെ ഇതുപോലെ ഭാഗ്യം ചെയ്ത മറ്റൊരു ജനതയുണ്ടാകില്ല- ഉറപ്പാണ്.
സൗദിയില്‍ എത്ര എഞ്ചിനീയര്‍മാരുണ്ട്; എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും
വയനാട്ടിൽ പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്‌നചിത്രം പകർത്തി; കാഴ്ചവയ്ക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ
പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ