ജിദ്ദ - ഹിസ്റ്റോറിക് ജിദ്ദയിലെ വാട്ടർഫ്രണ്ട് (അർബഈൻ തടാകം) വികസന പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായതായി ഹിസ്റ്റോറിക് ജിദ്ദ പുനരുദ്ധാരണ പ്രോഗ്രാം അറിയിച്ചു. ഈ വർഷം ആദ്യ പാദത്തിൽ ആരംഭിക്കുന്ന രണ്ടാം ഘട്ട വികസന പദ്ധതിക്കു മുന്നോടിയായി പ്രദേശത്തുണ്ടായിരുന്ന പഴയ അടിസ്ഥാന സൗകര്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ, കഴിഞ്ഞ ദശകങ്ങളിൽ നഗരവികസനത്തിന്റെ ഫലമായി നികത്തിയ പ്രദേശം വീണ്ടും കുഴിക്കുകയും ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യും.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ഹിസ്റ്റോറിക് ജിദ്ദ പുനരുദ്ധാരണ പദ്ധതി മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണ് അർബഈൻ തടാകം വികസിപ്പിക്കുന്നത്. ഏതാനും ഘട്ടങ്ങൾ അടങ്ങിയ തടാക വികസന പദ്ധതിക്ക് കഴിഞ്ഞ വർഷാദ്യമാണ് തുടക്കമായത്. ജിദ്ദയിലെ പുരാതന തുറമുഖമായ ബൻത് സീപോർട്ടിന്റെ പുരാതന കാലത്തെ യഥാർഥ രൂപത്തോട് കഴിയുന്നത്ര അടുക്കുന്ന നിലക്ക് പ്രദേശത്തെ തിരികെ കൊണ്ടുവരാൻ വാട്ടർഫ്രണ്ട് പദ്ധതി ലക്ഷ്യമിടുന്നു. ആയിരക്കണക്കിന് വർഷത്തെ പഴക്കമുള്ള പുരാതന ജിദ്ദ തുറമുഖത്തിന്റെ മഹത്തായ ചരിത്രമൂല്യവും, ജിദ്ദയിലും അവിടുത്തെ ജനങ്ങളിലും സംസ്‌കാരത്തിലും തുറമുഖത്തിന്റെ അടിസ്ഥാനപരമായ സ്വാധീനവും കാരണം പദ്ധതിക്ക് പ്രത്യേക ശ്രദ്ധ ലഭിക്കുന്നു.
വികസന പദ്ധതിയുടെ ഭാഗമായി അർബഈൻ തടാകത്തിനു ചുറ്റുമുള്ള പ്രദേശങ്ങൾ നികത്തിയിട്ടുണ്ട്. ഇത് തടാകത്തിന്റെ രൂപത്തിൽ മാറ്റം വരുത്തി. പുരാതന തുറമുഖവും സമുദ്രവും തമ്മിലുള്ള അകലം വർധിപ്പിക്കുകയും ചെയ്തു. സമുദ്രത്തെ ബൻത് തുറുമുഖത്ത് വീണ്ടുമെത്തിക്കാനും അഞ്ചു കിലോമീറ്റർ കടൽ തീരങ്ങൾ ഉൾപ്പെടെയുള്ള പ്രകൃതിദത്ത ഘടകങ്ങൾ ലഭ്യമാക്കുന്ന ഒരു സംയോജിത അന്തരീക്ഷം സൃഷ്ടിക്കാനും ഇതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സജ്ജീകരണങ്ങളും വികസിപ്പിക്കാനും വാട്ടർഫ്രണ്ടിനു ചുറ്റും സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കാനും വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വാട്ടർഫ്രണ്ടിനു ചുറ്റുമുള്ള പ്രദേശത്തിന്റെ വികസനത്തിനുള്ള സമഗ്ര വിഷന്റെ ഭാഗമാണ് തടാക വികസന പദ്ധതി. മറീന ഏരിയയും തടാകത്തിന് വടക്കും തെക്കും പുതിയ റെസിഡൻഷ്യൽ, ഹോട്ടൽ ഡിസ്ട്രിക്ടുകളും മാർക്കറ്റുകളും റെസ്റ്റോറന്റുകളും പദ്ധതിയിൽ അടങ്ങിയിരിക്കുന്നു. പ്രദേശത്ത് സുസ്ഥിരമായ ഒരു റെസിഡൻഷ്യൽ, കൊമേഴ്‌സ്യൽ സമൂഹം സൃഷ്ടിക്കാൻ ഇത് സഹായിക്കും.