മാവേലിക്കര-ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ 15 പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച വിധിക്കും. മാവേലിക്കര അഡീഷനൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് വിധി പുറപ്പെടുവിക്കുക. അന്നേദിവസം പ്രതികളുടെ പ്രതികരണവും കോടതി തേടും.
പ്രതിഭാഗത്തിന്‍റെ വാദവും പ്രോസിക്യൂഷന്‍റെ എതിർവാദവുമാണ് ഇന്ന് കോടതിയിൽ നടന്നത്. കുറ്റക്കാരായി കണ്ടെത്തിയവർക്ക് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. നടന്നത് രാഷ്ട്രീയ കൊലപാതകമാണ്. ഇത്തരം കൊലപാതകം കേരളത്തിൽ സർവസാധാരണമാണ്. അപൂർവങ്ങളിൽ അപൂർവമെന്ന നിലയിൽ കുറ്റകൃത്യത്തെ കാണരുത്. പ്രതികൾക്ക് വധശിക്ഷ നൽകരുത്. പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിക്കണമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കൊലപാതകമായി കാണാൻ സാധിക്കില്ലെന്നും നിരോധിത മതസംഘടനയിൽപ്പെട്ടവർ ആസൂത്രണം ചെയ്ത് നടപ്പാക്കിയ മതവിരോധവുമായി ബന്ധപ്പെട്ട സംഭവമാണെന്നും പ്രോസിക്യൂഷൻ എതിർവാദം ഉന്നയിച്ചു.
ഒന്നു മുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും ഒമ്പതു മുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.