Sorry, you need to enable JavaScript to visit this website.

ദുരന്തം അതിജീവിച്ച് സ്‌കൂളുകളിലെത്തുമ്പോൾ

ഓരോ ദുരന്തകാലത്തും കുട്ടികളുടെ വിദ്യാഭ്യാസം വലിയ ഒരു പ്രശ്‌നം ആണ്. ദുരന്തം വരുമ്പോൾ തന്നെ സ്‌കൂളുകൾ അടക്കും, പല സ്‌കൂളുകളും ദുരന്തന്തിൽ തകർന്നിട്ടുണ്ടാകും, ചില സ്‌കൂളുകൾ എങ്കിലും ദുരിതാശ്വാസ ക്യാംപുകൾ ആയി ഉപയോഗിക്കപ്പെടുന്നുണ്ടാകും, അധ്യാപകർക്ക് അപകടം ഉള്ളതിനാൽ അവർക്ക് സ്‌കൂളുകളിൽ തിരിച്ചെത്താൻ സാധിച്ചു എന്ന് വരില്ല. കുട്ടികൾക്ക് അപകടം സംഭവിച്ചിട്ടുണ്ടാകാം, അവരുടെ പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നഷ്ടപ്പെട്ടു എന്ന് വരാം, സ്‌കൂളിലേക്ക് വരാനുള്ള വഴി മോശമായിക്കാണാം, കുട്ടികളെ സ്‌കൂളിൽ അയക്കാനുള്ള സാമ്പത്തിക സ്ഥിതി കുടുംബത്തിന് ഇല്ലാതായി എന്ന് വരാം.

ഇതൊക്കെ ആണെങ്കിലും ഏറ്റവും വേഗത്തിൽ തന്നെ കുട്ടികളുടെ വിദ്യാഭ്യാസം പുനർസ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് പല കാരണങ്ങൾ ഉണ്ട്.

1. സമൂഹം സാധാരണനിലയിലേക്ക് വന്നു എന്നതിന്റെ ഒന്നാമത്തെ പ്രതിഫലനം ആണ് സ്‌കൂൾ തുറക്കുക എന്നത്

2. കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുക എന്നത് മാതാപിതാക്കളുടെ വലിയ ഒരു പേടി ആണ്. അത് പുനഃസ്ഥാപിക്കുന്നതോടെ മനസ്സിലെ വലിയ ഒരു ഭാരം ഇറങ്ങുന്നു.

3. കുട്ടികൾ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ മാതാപിതാക്കൾക്ക് മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സമയം കിട്ടുന്നു.

4. കുട്ടികൾ സ്‌കൂളിൽ ഒരുമിച്ചു കൂടുമ്പോൾ ഏത് ദുരന്തത്തിന് ശേഷവും അവർ സന്തോഷത്തിലേക്ക് മടങ്ങാൻ തുടങ്ങുന്നു.

ഇക്കാരണങ്ങളാൽ ഒക്കെ ആയിരക്കണക്കിന് സ്‌കൂൾ കെട്ടിടങ്ങൾ തകരുന്ന ഭൂമികുലുക്കത്തിന് ശേഷവും ഒരാഴ്ച്യ്ക്കുള്ളിൽ ക്യാംപിനുള്ളിലോ, മരത്തിന് താഴെയോ, മറ്റു സൗകര്യമായ എവിടെയോ പഴയ അധ്യാപകരില്ലെങ്കിൽ സന്നദ്ധ സേവകരെ വച്ചോ പഴയ പുസ്തകങ്ങൾ ഇല്ലെങ്കിൽ പുതിയ വിഷയങ്ങൾ വച്ചോ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ഐക്യരാഷ്ട്ര സഭ മുൻകൈ എടുക്കാറുണ്ട്.

കേരളത്തിൽ ഇക്കാര്യത്തിൽ വലിയ വെല്ലുവിളികൾ ഒന്നുമില്ല. പ്രളയത്തിൽ പലയിടത്തും വെള്ളം കയറിയെങ്കിലും മൊത്തമായി അധികം സ്‌കൂളുകൾ നശിച്ചതായി അധികം റിപ്പോർട്ടുകൾ ഇല്ല. വലിയ എണ്ണത്തിൽ കുട്ടികളും അധ്യാപകരും മരിച്ചിട്ടില്ല, റോഡുകൾ മിക്കതും സഞ്ചാര യോഗ്യമാണ്. കുട്ടികളുടെ പുസ്തകങ്ങളുടെ നാശം ഒക്കെയാണ് കൂടുതൽ വിഷയം. ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്നതും ആണ്. അടുത്ത ഇരുപത്തി ഒൻപതാം തീയതി സ്‌കൂൾ തുറക്കുന്ന സാഹചര്യത്തിൽ ചെയ്യേണ്ട ചില നിർദ്ദേശങ്ങൾ തരാം.

1. അത്യാവശ്യ സാഹചര്യത്തിൽ ഏതെങ്കിലും കുറച്ചു സ്‌കൂളുകളിൽ ഒഴിച്ച് മറ്റൊരിടത്തും സ്‌കൂൾ തുറക്കുന്ന തീയതി മാറ്റി വക്കരുത്. സ്‌കൂളുകളിൽ ക്യാംപുകൾ ഉണ്ടെങ്കിൽ ക്യാംപുകൾ കമ്മ്യൂണിറ്റി ഹാളുകളിലേക്കോ കല്യാണമണ്ഡപത്തിലേക്കോ ഒക്കെ മാറ്റുക, സ്‌കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത് ഒരു പ്രിയോറിറ്റി വിഷയം ആണ്.

2. കേരളത്തിലെ ദുരന്തം ബാധിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ മൂന്നായി തിരിക്കാം (1) ദുരന്തം സ്‌കൂൾ കെട്ടിടത്തെ നേരിട്ട് ബാധിച്ച സ്‌കൂളുകൾ (2) കെട്ടിടം നേരിട്ട് ബാധിക്കപ്പെട്ടില്ലെങ്കിലും ദുരന്തത്തിൽ അകപ്പെട്ട വിദ്യാര്ഥികളോ അധ്യാപകരോ ഉള്ള സ്‌കൂളുകൾ (3) മറ്റുള്ളവ.

3. ഏതു തരത്തിൽ ഉള്ള സ്‌കൂളുകളിൽ ആണെങ്കിലും കേരളത്തിൽ ഉള്ള എല്ലാ വിദ്യാർത്ഥികളും അധ്യാപകരും മറ്റുള്ളവരും ഈ ദുരന്തത്തിൽ മാനസിക സംഘർഷം അനുഭവിക്കുന്നുണ്ട് എന്ന് ആദ്യമായി മനസിലാക്കുക.

4. വിദ്യാർത്ഥികളുടെയും അധ്യാപകരുടേയും സംഘർഷം രണ്ടു രീതിയിൽ ആണ്. എന്താണ് സംഭവിക്കുന്നത് എന്ന് പൂർണ്ണമായി മനസ്സിലാക്കാൻ പറ്റാത്തതും, ഇനി ഇത്തരം ദുരന്തങ്ങൾ ഉണ്ടാകുമോ എന്ന പേടിയും, പുസ്തകങ്ങൾ ഒക്കെ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതിനെ പറ്റിയുള്ള വിഷമവും പരീക്ഷ വരുമോ പാഠഭാഗങ്ങൾ തീരുമോ എന്നൊക്കെയുള്ള കാര്യങ്ങൾ ആണ് കുട്ടികളെ ആശങ്കാകുലർ ആക്കുന്നത്. സ്വന്തം വീട്ടിലെ പ്രശ്‌നങ്ങൾ എല്ലാം അധ്യാപകരുടെ മനസ്സിൽ ഉണ്ടാകും, അതിന് മുകളിൽ ആണ് സ്‌കൂളിലെ പ്രശ്‌നങ്ങൾ, കെട്ടിടങ്ങളുടെ സുരക്ഷ, സ്‌കൂളിൽ ഉണ്ടായിരുന്ന റെക്കോർഡുകളുടെ സുരക്ഷ, എന്നിങ്ങനെ തുടങ്ങി പാഠഭാഗങ്ങൾ തീർക്കുന്നതും, കുട്ടികളുടെ സംഘർഷത്തെ മാനേജ് ചെയ്യുന്നതും ഒക്കെ അധ്യാപകരുടെ മനസ്സിൽ ഉണ്ട്. ഇവ രണ്ടും മനസ്സിലാക്കി വേണം ദുരന്തത്തിന് മുൻപിൽ സ്‌കൂൾ തുറക്കാൻ.

5. സ്‌കൂളുതുറക്കുന്നതിന് മുൻപ് ഈ ആഴ്ച തന്നെ, പറ്റിയാൽ നാളെ തന്നെ, എല്ലാ സ്‌കൂൾ അധ്യാപകരുടെയും പി ടി എ യും മീറ്റിംഗ് പ്രത്യേകം നടത്തണം. സ്‌കൂൾ തുറക്കുമ്പോൾ സ്‌കൂളും അധ്യാപകരും കുട്ടികളും നേരിടാൻ പോകുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യണം. അധ്യാപകരിലോ അധ്യാപകേതര സ്റ്റാഫുകളിലോ ആർക്കെങ്കിലും വ്യക്തിപരമായി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അവരെ പ്രത്യേകം ശ്രദ്ധിക്കണം. അവർക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യണം. വേണ്ടത്ര ഫ്‌ലെക്‌സിബിലിറ്റി അവർക്ക് കൊടുക്കുകയും വേണം.

6. സ്‌കൂളുകൾക്കോ, സ്‌കൂളിലെ രേഖകൾക്കോ ഒക്കെ എന്തെങ്കിലും നാശനഷ്ടങ്ങൾ ഉണ്ടെങ്കിൽ 'ഹെഡ്മിസ്ട്രസ്സിന് ഇത് ചെയ്യാമായിരുന്നു, അത് ചെയ്യാമായിരുന്നു' എന്നൊക്കെ ആളുകൾ കുറ്റപ്പെടുത്താൻ നോക്കും, കേരളത്തിലെ കാലാവസ്ഥാ പ്രവചനക്കാർ തൊട്ട് ദുരന്ത നിവാരണ അതോറിറ്റി വരെ ആരും തന്നെ ഈ ദുരന്തന്തിന്റെ വ്യാപ്തി മുന്നിൽ കണ്ടിട്ടില്ല എന്നുള്ളത് ഉറപ്പാണല്ലോ. കേരളത്തിലെ ഒരു അധ്യാപികയോ അധ്യാപകനോ അറിഞ്ഞുകൊണ്ട് സ്ഥാപനത്തിനോ കുട്ടികൾക്കോ നഷ്ടം ഉണ്ടാക്കുന്ന ഒന്നും ചെയ്തിട്ടും ഇല്ല. പ്രളയം വരുന്നതിന് മുൻപ് എന്തെങ്കിലും പ്രതിരോധം എടുത്തവരെ അഭിനന്ദിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല, പക്ഷെ അങ്ങനെ ചെയ്യാത്തവരെ ഒട്ടും കുറ്റപ്പെടുത്തരുത്. സ്‌കൂളുകളിൽ ഉണ്ടായ ഏതൊരു നഷ്ടത്തിനും ഒരു കാരണവശാലും അധ്യാപകരോ അനദ്ധ്യാപകരോ ഉത്തരവാദികൾ ആയിരിക്കില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് ഏറ്റവും നല്ല കാര്യം ആയിരിക്കും.

7. ഈ ദുരന്തം ഏറെ ആളുകളെ സാമ്പത്തിക ബുദ്ധിമുട്ടിൽ ആക്കിയിട്ടുണ്ട്. അപ്പോൾ സ്വകാര്യ സ്‌കൂളുകളിൽ കുട്ടികളെ വിടുന്നതിന് മാതാപിതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാകും. ഇത്തരം സാഹചര്യത്തിൽ കുട്ടികളെ സ്‌കൂൾ മാറ്റാനുള്ള ശ്രമം ഉണ്ടാകാം (മറ്റു രാജ്യങ്ങളിൽ കുട്ടികൾ സ്‌കൂളിൽ വരാത്ത സാഹചര്യം പോലും ഉണ്ടാകാറുണ്ട്). ഇത് മാതാപിതാക്കൾക്കും കുട്ടികൾക്കും വലിയ മാനസിക സംഘർഷം ഉണ്ടാക്കും. ഇത് ഒഴിവാക്കണം. ഈ വർഷം ഈ ദുരന്തം കാരണം ഒരു കുട്ടി പോലും സ്‌കൂൾ മാറേണ്ട ആവശ്യം ഉണ്ടാകില്ല എന്ന് മുഖ്യമന്ത്രി പറയണം. അതിന്റെ ചിലവ് സ്‌കൂളുകൾ വഹിക്കാം, അല്ലെങ്കിൽ സർക്കാർ വഹിക്കാം,അതുമല്ലെങ്കിൽ പ്രശാന്ത് ഒക്കെ ചെയ്യുന്നത് പോലെ ഒരു ക്ലിയറിങ്ങ് ഹൌസ് ഉണ്ടാക്കിയാൽ പൊതുസമൂഹത്തിൽ നിന്ന് തന്നെ കണ്ടെത്താം.

8 . സ്‌കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുൻപ് സ്‌കൂളിൽ കുറച്ചു കമ്മിറ്റികൾ ഉണ്ടാക്കണം, അധ്യാപകരും, പി ടി എ അംഗങ്ങളും, ഇപ്പോഴത്തെ സാഹചര്യത്തിൽ സന്നദ്ധ പ്രവർത്തകരും അതിൽ അംഗങ്ങൾ ആകണം. താഴെ പറയുന്ന കമ്മിറ്റികൾ ആണ് വേണ്ടത്

1. ദുരന്തത്തിന്റെ കണക്ക് കൂട്ടുന്നതിനുള്ള കമ്മിറ്റി (ദുരന്തം നേരിട്ട് ബാധിച്ച സ്‌കൂളുകളിൽ മാത്രം)
2. കെട്ടിടം സുരക്ഷിതമാക്കുന്നതിനുള്ള കമ്മിറ്റി (ഇത് എല്ലാ സ്‌കൂളിലും ആകാം)
3. കുട്ടികളുടെയും അധ്യാപകരുടേയും മാനസിക ആരോഗ്യം പഠിക്കാനും പരിഹരിക്കാനും ഉള്ള കമ്മിറ്റി 
4. കുട്ടികൾക്കും അധ്യാപകർക്കും സ്‌കൂളിന് വേണ്ടത്ര സാമ്പത്തിക സുരക്ഷ നൽകാനുള്ള കമ്മിറ്റി 
5. പ്രളയത്തെ തുടർന്നുള്ള നിയമ പ്രശ്‌നങ്ങൾ (കുട്ടികളുടെ രേഖകൾ നഷ്ടപ്പെട്ടത്, സ്‌കൂളിന്റെ തന്നെ രേഖകൾ നഷ്ടപ്പെട്ടത്) പരിഹരിക്കാൻ.

9. പ്രളയം നേരിട്ട് ബാധിച്ചതും ദുരിതാശ്വാസ ക്യാംപ് നടത്തിയതിതും ആയ എല്ലാ സ്‌കൂളുകളും അവർക്കുണ്ടായ നഷ്ടങ്ങൾ കൃത്യമായി ഡോക്കുമെന്റ് ചെയ്യണം. എല്ലാ നഷ്ടങ്ങളുടെയും ചിത്രം എടുത്തു വക്കണം.

10. നേരിട്ട് ദുരന്തം ബാധിച്ച സ്‌കൂളുകളിൽ സ്‌ട്രെച്ചറൽ, ഇലക്ട്രിക്കൽ സുരക്ഷ, ലബോറട്ടറികളിലെ രാസ വസ്തുക്കൾ വീണു പൊട്ടി മലിനമായിട്ടുണ്ടോ, സ്‌കൂളുകളിലെ കിണറുകൾ മലിനമായിട്ടുണ്ടോ, സ്‌കൂളിലെ കസേരയും മേശയും ഒക്കെ സുരക്ഷിതമാണോ എന്നതൊക്കെ പരിശോധിക്കണം.

11. ദുരിതാശ്വാസ ക്യാംപുകൾ നടത്തിയ സ്‌കൂളുകളിൽ കക്കൂസ് മാലിന്യങ്ങൾ ഉൾപ്പടെ വലിയ മാലിന്യ നിക്ഷേപം ഉണ്ടാകും. ഇത് അവിടെ നിന്നും ഏറ്റവും വേഗത്തിൽ മാറ്റണം.

12.ദുരിതാശ്വാസ ക്യാംപുകൾ ഇപ്പോഴും നടത്തുന്ന സ്‌കൂളുകളിൽ അധ്യാപനം നടത്തുകയാണെങ്കിൽ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. കുട്ടികൾ ക്യാംപുകളിൽ പോകുന്നത് ഒഴിവാക്കണം.

13. സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ ഈ ദുരന്തത്തിൽ നിന്നും ഈ തലമുറ പാഠം പഠിക്കുമെന്നും, ഇനി ഇങ്ങനെ ഒരു ദുരന്തം കേരളത്തിൽ നമ്മൾ ഉണ്ടാകാൻ അനുവദിക്കുകയില്ല എന്നും സ്വയമായിട്ടും, സ്വന്തം സ്‌കൂളിലും വീട്ടിലും സുരക്ഷയുടെ ഒരു സംസ്‌കാരം ഉണ്ടാക്കുമെന്നും ഉള്ള ഒരു പ്രതിജ്ഞ അധ്യാപകരും വിദ്യാർത്ഥികളും എടുക്കണം. സുരക്ഷിതവും നൂതനവും ആയ ഒരു കേരളം സൃഷ്ടിക്കും എന്ന് മുഖ്യമന്ത്രിയുടെ ഒരു സന്ദേശം എല്ലാ സ്‌കൂളുകളിലും നൽകണം.

14. ഒരു സ്‌കൂളിൽ ഏതെങ്കിലും കുട്ടികളോ അധ്യാപകരോ മരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുക സാധാരണമായി ചെയ്യുമല്ലോ. പക്ഷെ ഈ ഇത്തവണ അത് കഴിഞ്ഞു ക്ലാസ് പിരിച്ചു വിടരുത്, മറിച്ച് മറ്റു സ്‌കൂളുകളിലെ പോലെ ദുരന്തത്തെ പറ്റി ചർച്ച ചെയ്യണം.

15. എല്ലാ സ്‌കൂളുകളിലേയും ഒന്നാമത്തെ ദിവസം സുരക്ഷ വിഷയത്തെ പറ്റി ചർച്ച ചെയ്യാൻ ആയിരിക്കണം. ആദ്യമായി ദുരന്തകാലത്തെ അനുഭവങ്ങൾ സംസാരിക്കാൻ കുട്ടികൾക്ക് അവസരം കൊടുക്കണം. അവരുടെ ചിന്തകൾ, ആശങ്കകൾ ഒക്കെ തുറന്നു പറയാൻ ഉള്ള അവസരം കൊടുക്കണം.

16. സ്‌കൂളിലെ സുരക്ഷാ വിഷയങ്ങൾ എന്തൊക്കെ ആയിരിക്കും എന്ന് ചർച്ച ചെയ്യുക (ഇത് ദുരന്തത്തിൽ പെടാത്ത സ്‌കൂളുകളിലും ചെയ്യണം). സ്‌കൂളിൽ ഒരു അപകടം ഉണ്ടായാൽ എങ്ങനെ ആണ് അത് കൈകാര്യം ചെയ്യുക എന്ന് ചർച്ച ചെയ്യുക

17. ദുരന്തത്തിൽ നേരിട്ട് ഉൾപ്പെടാത്ത സ്‌കൂളുകളിൽ ദുരന്തത്തിൽ അകപ്പെട്ട നാടുകളിലെ സ്‌കൂളുകൾക്ക് വേണ്ടി എന്തൊക്കെ ചെയ്യാൻ പറ്റുമെന്ന് ചർച്ച ചെയ്യുക. വസ്തു വകകൾ സംഭരിക്കുന്നത് ശരിയായ രീതിയല്ല. ഉടൻ കൂടുതൽ പണം ശേഖരിക്കേണ്ട കാര്യവും ഇല്ല. പക്ഷെ ഏതെങ്കിലും ദുരിത ബാധിത സ്‌കൂളുകളെ സഹോദര സ്‌കൂൾ ആയി ഏറ്റെടുക്കുന്നത്, അവിടേക്ക് ഇവിടുത്തെ കുട്ടികൾ പോകുന്നത് ഒക്കെ പ്ലാൻ ചെയ്യണം. ജപ്പാനിൽ ദുരന്തത്തിൽ അകപ്പെട്ട സ്‌കൂളുകളിലേക്ക് മറ്റു പ്രദേശത്തു നിന്നും ഉള്ള സ്‌കൂളുകളിൽ നിന്നും ഭാഗ്യ ചിഹ്നങ്ങളും കളിപ്പാട്ടങ്ങളും ഒക്കെ അയക്കുന്ന ഒരു രീതി ഉണ്ട്. ഇത് നമുക്ക് ചെയ്തു നോക്കാവുന്നതാണ്.

18. ഒരു ദിവസം കൊണ്ടോ ഒരു വര്ഷം കൊണ്ടോ തിരിച്ചു പിടിക്കാവുന്നതല്ല ഈ ദുരന്തം കൊണ്ട് സ്‌കൂളുകളിൽ ഉണ്ടായിട്ടിരിക്കുന്ന നഷ്ടങ്ങൾ കുട്ടികളുടെ മാനസിക അവസ്ഥയിൽ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾ. ഇത് മനസ്സിൽ വച്ചിട്ട് വേണം സ്‌കൂളുകളിലെ ഇടപെടൽ തുടങ്ങാൻ.

ഈ വിഷയത്തിലേക്ക് ഞാൻ ഇനിയും തിരിച്ചു വരും. തൽക്കാലം ഇത് എല്ലാവരും ഷെയർ ചെയ്യണം, അധ്യാപക സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ ടാഗ് ചെയ്യണം.


 

Latest News