തിരുവനന്തപുരം - മസാല ബോണ്ട് കേസില്‍ കോടതി പറഞ്ഞതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇ ഡിയുടെ പുതിയ സമന്‍സെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇ ഡിയുടെ സമന്‍സിനു വിശദമായ മറുപടി നല്‍കിയതായും അദ്ദേഹം ഫെയ്‌സ് ബുക്കില്‍ പറഞ്ഞു. ഇ ഡി വീണ്ടും ഇതേ ന്യായങ്ങള്‍ പറഞ്ഞ് സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിന് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കുറിച്ചു
തോമസ് ഐസക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്
എന്ത് ചെയ്യാന്‍ പാടില്ലായെന്നു കോടതി പറഞ്ഞുവോ അതിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണ് ഇഡിയുടെ പുതിയ സമന്‍സും. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇഡിയുടെ സമന്‍സിനു വിശദമായ മറുപടി നല്‍കി. ഇഡി വീണ്ടും ഇതേന്യായങ്ങള്‍ പറഞ്ഞ് സമന്‍സ് അയക്കുകയാണെങ്കില്‍ സംരക്ഷണത്തിനു കോടതിയെ സമീപിക്കും.
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറല്‍ എവിഡന്‍സ് നല്കുന്നതിനായി ഹാജരാകണം എന്നതാണ് ഇപ്പോഴത്തെ സമന്‍സ്. എനിക്ക് ആദ്യം നല്‍കിയ രണ്ടു സമന്‍സുകള്‍ കേരള ഹൈക്കോടതിയില്‍ ഞാന്‍ ചോദ്യം ചെയ്തിരുന്നു. എന്റെ ഹര്‍ജ്ജി പൂര്‍ണ്ണമായും ഹൈക്കോടതി അനുവദിക്കുകയാണ് ചെയ്തത്. ഹൈക്കോടതി അനുവദിച്ച എന്റെ ഹര്‍ജികളില്‍ ഞാന്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ കോടതി അംഗീകരിച്ചു എന്നര്‍ത്ഥം.
FEMA നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് 12.07.2022-ലും 01.08.2022-ലും ഇഡി എനിക്കു നേരത്തെ സമന്‍സുകള്‍ അയച്ചിരുന്നത്. ഈ സമന്‍സുകള്‍ FEMA നിയമം അനിശാസിക്കുന്ന വിധത്തില്‍ എന്തെങ്കിലും നിയമ ലംഘനം കണ്ടെത്തിയുള്ള അന്വേഷണത്തിന്റെ ഭാഗമല്ല, മറിച്ച് എന്തെങ്കിലും കുറ്റം കണ്ടെത്താനാകുമോ എന്ന തരത്തിലുള്ള ഒരു അന്വേഷണമാണ്. ഇത്തരത്തിലുള്ള roving enquiry നടത്താന്‍ അധികാരമില്ല എന്നതായിരുന്നു എന്റെ പ്രധാന വാദം. അന്വേഷണം എന്തെങ്കിലും നിയമ ലംഘനം, കുറ്റം (contravention) ഉണ്ടെന്ന സാഹചര്യത്തിലേ അന്വേഷണം പറ്റൂ. അല്ലാതെ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാന്‍ കഴിയുമോ എന്നു നോക്കി കാടും പടപ്പും തല്ലിയുള്ള അന്വേഷണം പാടില്ല എന്നു ബഹുമാനപ്പെട്ട സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ നടത്തുന്നത് പ്രാഥമിക അന്വേഷണമാണെന്ന ഇഡിയുടെ വാദത്തെ ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. അത്തരമൊരു അധികാരം FEMA നിയമം നല്കുന്നില്ല. അത് എന്റെ എതിര്‍ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
എന്റെ ഹര്‍ജ്ജി അംഗീകരിച്ച ബഹുമാനപ്പെട്ട കേരള ഹൈക്കോടതി എന്തെങ്കിലും കുറ്റം കണ്ടു പിടിക്കാനുള്ള അന്വേഷണം പാടില്ലെന്നു തന്നെ പറഞ്ഞു. '.. no such can be a roving one, solely for establishment of the cause of a complaint; nor can any entity like the ED continue investigation, merely for the purpose of establishing..' ഇഡി നല്‍കിയ സമന്‍സുകള്‍ റദ്ദാക്കണം എന്ന എന്റെ ആവശ്യത്തിന് ഉപോല്‍ബലകമായി പറഞ്ഞ കാരണം അധികാരമില്ലാത്തതും ഫെമ വ്യവസ്ഥകളെ അതിലംഘി ക്കുന്നതുമാണ് ഇഡിയുടെ സമന്‍സുകള്‍ എന്നതാണ് (''have been issued without authority and are beyond the jurisdiction of FEMA'.) എന്റെ ഹര്‍ജ്ജി പൂര്‍ണ്ണമായും അംഗീകരിച്ച കോടതി ഈ അടിസ്ഥാന വസ്തുത വാസ്തവത്തില്‍ അംഗീകരിക്കുകയാണ് ചെയ്തത്. അതാണ് നിയമലംഘനം അന്വേഷിക്കാനല്ലാതെ കുറ്റം കണ്ടുപിടിക്കാനുള്ള അന്വേഷണം പാടില്ലെന്ന് എടുത്തു പറഞ്ഞത്.
ഇപ്പോള്‍ ഇഡി നല്‍കിയിരിക്കുന്ന പുതിയ സമന്‍സ് കോടതി വിധിയുടെ ഈ അന്തസത്തയെ മാനിക്കാത്തതും, എന്താണോ കോടതി പാടില്ലെന്നു പറഞ്ഞത്, അതേരീതിയിലുള്ള വഴിവിട്ട നടപടിയുമാണ്. മറ്റൊരു റോവിംഗ് അന്വേഷണത്തിനാണ് ഇഡി തുനിയുന്നത്. ഇതു നിയമവിരുദ്ധവും കോടതിവിധിയുടെ ലംഘനവുമാണ്. പഴയ സമന്‍സുകള്‍ എന്തുകൊണ്ടാണോ പിന്‍വലിക്കാന്‍ ഇഡി നിര്‍ബന്ധിതമായത്, അതേ സ്വഭാവത്തിലുള്ള സമന്‍സാണ് ഇപ്പോഴത്തേതും.
മസാല ബോണ്ട് ഇറക്കിയതും അതിന്റെ ധനവിനിയോഗം സംബന്ധിച്ചുമാണ് ഇഡി വിവരങ്ങള്‍ ആരായുന്നത് എന്നാണ് സമന്‍സ് പറയുന്നത്. കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍, കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാന്‍ എന്നീ പദവികള്‍ മന്ത്രി എന്ന നിലയില്‍ വഹിക്കേണ്ടിവന്ന (ex officio) ചുമതലകളാണ്. മന്ത്രി ചുമതല ഒഴിഞ്ഞതോടെ കിഫ്ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല. മാത്രമല്ല, ആര്‍ബിഐ അനുമതിയോടെ എടുത്ത മസാലാ ബോണ്ട് ധനവിനിയോഗം ചട്ടംഅനുസരിച്ച് എല്ലാ മാസവും ആര്‍ബിഐയെ അറിയിക്കുന്നതാണ്. അതു സംബന്ധിച്ച് ഇന്നേ വരെ ഏതെങ്കിലും ആക്ഷേപം മസാലബോണ്ട് റഗുലേറ്ററി അതോറിറ്റിയായ ആര്‍ബിഐ പറഞ്ഞിട്ടില്ല. ഇഡിയ്ക്ക് ഇവിടെയുള്ള അധികാരം എന്തെങ്കിലും നിയമലംഘനം (contravention) ഉണ്ടാകുന്ന പക്ഷം നടത്താവുന്ന അന്വേഷണമാണ്. അത്തരമൊരു നിയമലംഘനവും ഒരു ഘട്ടത്തിലും ഉന്നയിക്കപ്പെട്ടിട്ടില്ല.
ബഹുമാനപ്പെട്ട കോടതി എന്താണോ പാടില്ലെന്നു പറഞ്ഞത്, അതേ രീതി ആവര്‍ത്തിക്കുന്ന ഈ സമന്‍സ് പിന്‍വലിക്കണം എന്നാണ് ഇഡിയ്ക്ക് ഇന്നു കൊടുത്ത മറുപടിയിലെ എന്റെ ആവശ്യം.